ഒടുവിൽ പോളണ്ട് പ്രതിരോധം തകർത്ത് ഫ്രഞ്ച് പട; 44–ാം മിനിറ്റിൽ ഗോളടിച്ച് ജിറൂദ് (1–0)
നിലവിലെ ചാംപ്യൻമാരെന്ന തലപ്പൊക്കവുമായെത്തിയ ഫ്രാൻസിനെ വിറപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചിട്ടും, അൽ തുമാമ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീക്വാർട്ട പോരാട്ടത്തിന്റെ ആദ്യപകുതിയിൽ പോളണ്ട് ഒരു ഗോളിനു പിന്നിൽ. 44–ാം മിനിറ്റിൽ സ്ട്രൈക്കർ ഒലിവർ ജിറൂദാണ് ഫ്രാൻസിനായി ലക്ഷ്യം കണ്ടത്. കിലിയൻ എംബപ്പെയുടെ കിടിലൻ പാസ് പിടിച്ചെടുത്ത ജിറൂദ്, പോളണ്ട് ഗോൾകീപ്പർ വോയ്ചെക് ഷെസ്നിയെ മറികടന്ന് ലക്ഷ്യം കണ്ടു.
അർജന്റീനയ‌്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലെ അമിത പ്രതിരോധം വിട്ട് ഇത്തവണ ആക്രമണത്തിലേക്കു കൂടുമാറിയ പോളണ്ട്, പ്രീക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ ഫ്രഞ്ച് പടയെ അക്ഷരാർഥത്തിൽ വിറപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇതിനിടെയാണ് ജിറൂദിലൂടെ ഫ്രാൻസ് ലീഡ് നേടിയത്. പോളണ്ട് ഗോൾമുഖം ലക്ഷ്യമാക്കി ഫ്രാൻസ് നടത്തിയ മുന്നേറ്റമാണ് ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഫ്രാൻസിന് ലീഡ് സമ്മാനിച്ചത്. ബോക്സിനുള്ളിൽ കിലിയൻ എംബപ്പെ നൽകിയ ത്രൂപാസ് പിടിച്ചെടുത്ത ജിറൂദ്, ഗോൾകീപ്പറിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. സ്കോർ 1–0.
മത്സരത്തിന്റെ 38–ാം മിനിറ്റിൽ ഫ്രഞ്ച് ഗോൾമുഖം വിറപ്പിച്ച് പോളണ്ട് നടത്തിയ ആക്രമണം ഗോളിലെത്താതെ പോയത്, ഫ്രഞ്ച് ക്യാപ്റ്റൻ കൂടിയായ ഹ്യൂഗോ ലോറിസിന്റെ മികവുകൊണ്ടും ഭാഗ്യം കൊണ്ടും മാത്രം. ഇതുൾപ്പെടെ ഫ്രഞ്ച് പടയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു പോളണ്ടിന്റേത്. മറുവശത്ത്, സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ചുകയറിയ ഫ്രാൻസിനും ആദ്യപകുതിയിൽ ഒരിക്കൽപ്പോലും ലക്ഷ്യം കാണാനായില്ല.
തുനീസിയയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവി വഴങ്ങി പരീക്ഷണ ടീം അഴിച്ചുപണിത്, സമ്പൂർണ ടീമുമായിട്ടാണ് ദിദിയെ ദെഷാം ഫ്രാൻസിനെ കളത്തിലിറക്കിയത്. ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് ഉൾപ്പെടെയുള്ളവർ ടീമിൽ തിരിച്ചെത്തി. കഴിഞ്ഞ മത്സരത്തിൽ കളിച്ചവരിൽ ടീമിൽ ഇടം നിലനിർത്തിയത് റാഫേൽ വരാൻ, ഔറേലിയൻ ചൗമേനി എന്നിവർ മാത്രം. അർജന്റീനയോട് അവസാന ഗ്രൂപ്പ് മത്സരത്തിൽ തോറ്റ ടീമിൽ രണ്ടു മാറ്റങ്ങളാണ് പോളണ്ട് വരുത്തിയത്.
പോളണ്ടിനെതിരെ ഏറ്റവും ഒടുവിൽ കളിച്ച ഏഴു മത്സരങ്ങളിൽ തോറ്റിട്ടില്ലെന്ന ചരിത്രമാണ് ഫ്രാൻസിന്റെ ബലം. മൂന്നു മത്സരങ്ങൾ ജയിച്ച അവർ, നാലു മത്സരങ്ങളിൽ സമനിലയിലെത്തിച്ചു. ഫ്രലാൻസ് പോളണ്ടിനോട് ഏറ്റവും ഒടുവിൽ തോറ്റത് 1982ലാണ്. അന്ന് സൗഹൃദ മത്സരത്തിൽ പോളണ്ട് ജയിച്ചത് എതിരില്ലാത്ത നാലു ഗോളുകൾക്ക്.
∙ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം ഇങ്ങനെ
മൂന്ന് മത്സരങ്ങളിൽ നിന്ന് 6 പോയിന്റോടെ ഗ്രൂപ്പ് ചാംപ്യന്മാരായാണ് നിലവിലെ ലോക ജേതാക്കളും ഫിഫ റാങ്കിങ്ങിൽ നാലാമൻമാരുമായ ഫ്രാൻസ് പ്രീക്വാർട്ടറിലെത്തിയത്. ഓസ്ട്രേലിയ, ഡെന്മാർക്ക് എന്നിവരെ പരാജയപ്പെടുത്തിയപ്പോൾ അവസാന മത്സരത്തിൽ തുനീസിയയോടു തോറ്റു. 6 ഗോൾ അടിച്ചപ്പോൾ 3 ഗോൾ വഴങ്ങി. ഗ്രൂപ്പ് ഘട്ടത്തിൽ ഇതുവരെ ക്ലീൻഷീറ്റ് നേടാനായിട്ടില്ല.
കിലിയൻ എംബപെ, അന്റോയ്ൻ ഗ്രീസ്മാൻ, ഒസ്മാൻ ഡെംബലെ, ഒളിവർ ജിറൂദ് എന്നിവരടങ്ങുന്ന മുന്നേറ്റനിര തന്നെയാണ് ഫ്രാൻസിന്റെ ശക്തി. ഗോൾ വഴങ്ങിയാലും തിരിച്ചടിക്കാൻ പറ്റുമെന്ന് ഓസ്ട്രേലിയയ്ക്കും ഡെന്മാർക്കിനും എതിരായ മത്സരങ്ങളിലൂടെ തെളിയിച്ചു. 9 മാറ്റങ്ങളുമായി ഇറങ്ങിയ ഫ്രാൻസിനെയാണ് തുനീസിയ 1–0നു തോൽപിച്ചത്. റിസർവ് താരങ്ങളുടെ മോശം പ്രകടനമാകാം പരിശീലകൻ ദിദിയെ ദെഷാമിനെ നിലവിൽ അലട്ടുന്നത്.
മൂന്ന് മത്സരങ്ങളിൽനിന്നു 4 പോയിന്റുമായി ഗ്രൂപ്പ് സിയിലെ 2–ാം സ്ഥാനക്കാരായാണ് 26–ാം റാങ്കുകാരായ പോളണ്ട് പ്രീക്വാർട്ടറിലെത്തിയത്. ജയിച്ചത് സൗദി അറേബ്യയ്ക്കെതിരെ മാത്രം. അവസാന ഗ്രൂപ്പ് മത്സരത്തിൽ അർജന്റീനയോട് 2–0നു തോറ്റു. രണ്ടു മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നേടിയ ടീമാണ് പോളണ്ട്. റോബർട്ട് ലെവൻഡോവ്സ്കി എന്ന് സ്റ്റാർ സ്ട്രൈക്കറാണ് പോളണ്ടിന്റെ ശക്തി. ആദ്യ മത്സരത്തിൽ പെനൽറ്റി നഷ്ടമാക്കിയ ലെവൻഡോവ്സ്കി രണ്ടാം മത്സരത്തിൽ സൗദിക്കെതിരെ ഗോളടിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക