‘അമ്മ അച്ഛൻ്റെ മുഖത്ത് അമര്‍ത്തുന്നത് കണ്ടു’,13-കാരിയുടെ മൊഴി; ഭര്‍ത്താവിനെ കൊന്ന നഴ്‌സും കാമുകനും അറസ്റ്റില്‍
ഗാസിയാബാദ്: ഭര്‍ത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നഴ്സും ഇവരുടെ സുഹൃത്തും അറസ്റ്റില്‍. ഗ്രേറ്റര്‍ നോയിഡ ബദല്‍പുര്‍ സ്വദേശി മഹേഷിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ കവിത(30) ഇവരുടെ സുഹൃത്തായ വിനയ് ശര്‍മ(30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 30-ന് രാത്രി കവിതയാണ് കൃത്യം നടത്തിയതെന്നും സംഭവം ആത്മഹത്യയാക്കി ചിത്രീകരിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു.
മഹേഷിന്റെ മരണത്തില്‍ തുടക്കംമുതലേ സംശയമുണ്ടായതിനാല്‍ പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് മഹേഷിന്റെ 13 വയസ്സുള്ള മകളുടെ നിര്‍ണായക മൊഴിയും പോലീസിന് ലഭിച്ചത്. അമ്മ അച്ഛന്റെ മുഖത്ത് അമര്‍ത്തിപ്പിടിക്കുന്നത് താന്‍ കണ്ടെന്നായിരുന്നു പെണ്‍കുട്ടി നല്‍കിയ മൊഴി. തുടര്‍ന്ന് കവിതയെ പോലീസ് വിശദമായി ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യാനായി സുഹൃത്തായ വിനയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളും അന്വേഷണത്തില്‍ നിര്‍ണായകമായി.
കാവിനഗറിലെ ആശുപത്രിയില്‍ നഴ്സാണ് കവിത. ഇതേ ആശുപത്രിയിലെ ഇന്‍ഷുറന്‍സ് വിഭാഗത്തിലെ ജീവനക്കാരനാണ് വിനയ്. നവംബര്‍ 30-ാം തീയതി രാത്രിയാണ് കവിത ഭര്‍ത്താവിനെ താന്‍ ജോലിചെയ്യുന്ന ആശുപത്രിയില്‍ എത്തിച്ചത്. ഭര്‍ത്താവ് വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചെന്നായിരുന്നു കവിത ഡോക്ടര്‍മാരോട് പറഞ്ഞത്. ഡോക്ടര്‍മാര്‍ വിവരം പോലീസില്‍ അറിയിച്ചു. അതേസമയം, ഭര്‍ത്താവ് ജീവനൊടുക്കാനിടയായ കാരണം എന്താണെന്ന് തനിക്കറിയില്ലെന്നായിരുന്നു യുവതിയുടെ മൊഴി. പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാനും ഇവര്‍ പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ പിറ്റേദിവസം തന്നെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കാന്‍ പോലീസ് തീരുമാനിച്ചു.
ഇതിനിടെ, മഹേഷിന്റെ കുടുംബ പശ്ചാത്തലം കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സ്വന്തമായി വെല്‍ഡിങ് സ്ഥാപനം നടത്തിയിരുന്ന മഹേഷിന് സാമ്പത്തിക ബാധ്യതകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്നാണ് വീട്ടിലുണ്ടായിരുന്ന മക്കളില്‍നിന്ന് പോലീസ് സംഘം മൊഴിയെടുത്തത്.
ദമ്പതിമാരെ കൂടാതെ എട്ടുവയസ്സുള്ള മകനും 13 വയസ്സുള്ള മകളുമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. ഇതില്‍ മകള്‍ നല്‍കിയ മൊഴി കേസില്‍ വഴിത്തിരിവായെന്നാണ് പോലീസ് പറയുന്നത്.
അമ്മ അച്ഛന്റെ മുഖത്ത് അമര്‍ത്തിപ്പിടിക്കുന്നത് താന്‍ കണ്ടെന്നായിരുന്നു മകളുടെ മൊഴി. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം അമ്മ മുറിയില്‍നിന്ന് പുറത്തുവന്നു. ചോദിച്ചപ്പോള്‍ ഗുഡ്ക കഴിച്ചപ്പോള്‍ അച്ഛന്റെ തൊണ്ടയില്‍ കുടുങ്ങിപ്പോയെന്നും അത് പുറത്തെടുത്തതാണെന്നുമാണ് അമ്മ മറുപടി നല്‍കിയതെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതോടെ പോലീസ് സംഘം വീണ്ടും കവിതയെ ചോദ്യംചെയ്തു. ഭര്‍ത്താവുമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്നതടക്കം ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഇവര്‍ ആവര്‍ത്തിച്ച് മറുപടി നല്‍കിയത്. എന്നാല്‍ യുവതിയുടെ ഫോണ്‍ പരിശോധിച്ചതോടെ കൊലപാതകത്തിന്റെ രഹസ്യം ചുരുളഴിയുകയായിരുന്നു.
സുഹൃത്തായ വിനയുമായി കവിത നടത്തിയ വാട്സാപ്പ് ചാറ്റുകളാണ് പോലീസ് സംഘത്തിന് ലഭിച്ച മറ്റൊരു നിര്‍ണായക തെളിവ്. മഹേഷിനെ കൊലപ്പെടുത്താനുള്ള പദ്ധതി അടക്കം ഇവര്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതോടെ വിനയിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ നാലുവര്‍ഷമായി കവിതയുമായി അടുപ്പത്തിലാണെന്നും അടുത്തിടെ മഹേഷ് ഇക്കാര്യമറിഞ്ഞെന്നും ഇതേത്തുടര്‍ന്ന് ഭര്‍ത്താവ് കവിതയെ നിരന്തരം മര്‍ദിച്ചിരുന്നതായും ഇയാള്‍ മൊഴി നല്‍കി.
ഇതോടെയാണ് പ്രതികളായ രണ്ടുപേരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. തുടര്‍ന്ന് നവംബര്‍ 30-ന് രാത്രി കവിത ഭര്‍ത്താവിനെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലക്കുറ്റം അടക്കം ചുമത്തി അറസ്റ്റ് ചെയ്ത രണ്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക