തോറ്റു കൊടുക്കാൻ മനസില്ല; ഒറ്റക്കാലിൽ യുഎഇയിലെ ഏറ്റവും ഉയരമേറിയ പര്‍വ്വതം കീഴടക്കി മലയാളിയായ ഷെഫീഖ് – വീഡിയോ

ഒട്ടേറെ പ്രത്യേകതകൾ ഉണ്ട് യുഎഇ എന്ന രാജ്യത്തിന്. അതിലൊന്നാണ് ഭിന്നശേഷിക്കാരോടുള്ള സവിശേഷമായ കരുതൽ. ഭിന്നശേഷിക്കാരായ വ്യക്തികളെ പീപ്പിൾ വിത്ത് ഡിറ്റര്‍മിനേഷന്‍ അഥവാ നിശ്ചയദാര്‍ഡ്യമുള്ളവര്‍ എന്നാണ്. ജീവിതത്തിൽ നിശ്ചദാര്‍ഡ്യത്തോടെ മുന്നേറുന്ന അവരോടുള്ള ആദരസൂചകമായാണ് ഇത്തരമൊരു വിശേഷണം നൽകിയിരിക്കുന്നത്. എന്തായാലും അത് എത്രമാത്രം ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മലയാളിയായ ഷെഫീഖ് പാണക്കാടന്‍. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഒറ്റക്കാലിൽ ജബൽജെയ്സ് പര്‍വതം കയറിയിരിക്കുകയാണ് ഷെഫീഖ്.

 

നിശ്ചയദാര്‍ഡ്യം എന്ന വാക്കിൻറെ പ്രതിരൂപമാണ് ഷെഫീഖ് പാണക്കാടൻ. തോറ്റു കൊടുക്കാൻ മനസില്ലാതെ ഷെഫീഖ് ഒറ്റക്കാലിൽ നടന്നപ്പോൾ തലകുനിച്ചത് യുഎഇയിലെ ഏറ്റവും ഉയരമുള്ള ജബൽ ജെയ്സ് പര്‍വതമാണ്. ഒട്ടും എളുപ്പമുള്ളതായിരുന്നില്ല ജബൽ ജെയ്സിൻറെ നെറുകയിലേക്കുള്ള യാത്ര. താഴ്വാരത്ത് നിന്ന് രാവിലെ ആറുമണിയോടെയാണ് ഷഫീഖ് നടന്ന് തുടങ്ങിയത്. ക്രച്ചസുകളുടെ സഹായത്തോടെ വളരെ സാവധനമായിരുന്നു മലകയറ്റം. പിന്തുണയും പ്രോൽസാഹനവുമായി സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഒപ്പം നടന്നു.

 

 

ഇരുപത്തിയഞ്ച് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള പര്‍വതാരോഹണം പൂര്‍ത്തിയാകാൻ മണിക്കൂറുകൾ വേണ്ടി വന്നു. കടുത്ത ചൂടും ശാരീരക പരിമിതികളും പലപ്പോഴും വെല്ലുവിളികളുയര്‍ത്തി. പക്ഷേ പിന്‍മാറ്റം എന്നത് ചിന്തകളിൽ പോലുമില്ലായിരുന്നു. വയനാട് ചുരം നടന്ന് കയറിയ അനുഭവമുണ്ടെങ്കിലും അതിലും കടുപ്പമുള്ള അനുഭവങ്ങളായിരുന്നു മായിരുന്നു ജബൽജെയ്സ് കാത്ത് വച്ചത്. ഒടുവിൽ എട്ടു മണിക്കൂറിലധികമെടുത്ത് മൂന്നു മണിയോടെ ഷഫീഖും സംഘവും മലമുകളിലെത്തി.

 

 

യുഎഇ കെഎംസിസിയാണ് ഷെഫീഖിൻറെ ദൗത്യത്തിന് ആവശ്യമായ ക്രമീകരണങ്ങളൊരുക്കിയത്. കെഎംസിസിയുടെ നേതൃത്വത്തിൽ വിപുലമായ വരവേൽപാണ് ഷെഫീഖിനും സുഹൃത്തുക്കൾക്കും മലമുകളിൽ ഒരുക്കിയിരുന്നത്. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഷഫീഖ് വേറിട്ട ഈ വെല്ലുവിളി ഏറ്റെടുത്തത്. യുഎഇ സര്‍ക്കാര്‍ ഭിന്നശേഷിക്കാരോട് കാണിക്കുന്ന പോസിറ്റീവായ സമീപനമാണ് ഇത്തരമൊരു ദൗത്യം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്.

 

ഇറാനിൽ നടന്ന പാരാ ആംപ്യൂട്ടി ചാംപ്യൻഷിപ്പിൽ പങ്കെടുക്കും വഴിയാണ് ഷെഫീഖ് ദുബായിലെത്തിയതും, പുതിയ ദൗത്യത്തിലേക്ക് കാലെടുത്ത് വച്ചതും. പതിനേഴാം വയസിൽ വാഹനാപകടത്തിലാണ് ഷഫീഖിന് കാൽ നഷ്ടമാകുന്നത്. പക്ഷേ പ്രതിസന്ധികൾക്ക് മുന്നിൽ തോൽക്കാൻ തയാറാകാതെ വിധിയോട് പൊരുതുകയായിരുന്നു പിന്നീടുള്ള കാലമത്രയും ഷെഫീഖ്. വയനാട് ചുരും ഒറ്റക്ക് നടന്ന് കയറിയും, സംസ്ഥാന നീന്തൽ ചാംപ്യന്‍ഷിപ്പിൽ മെഡൽ നേടിയുമൊക്കെ ഷെഫീഖ് കരുത്ത് തെളിയിച്ചു. കഴിഞ്ഞ വര്‍ഷം സാമൂഹിക നീതി വകുപ്പിൻറെ പുരസ്കാരവും ഷെഫീഖിനെ തേടിയെത്തി.

 

പര്‍വതങ്ങൾക്കുമപ്പുറം ആകാശത്തേക്കാണ് ഇനി ഷഫീഖിൻറെ ലക്ഷ്യം. സ്കൈഡൈവ് നടത്തി ചരിത്രം കുറിക്കുക. അതിനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ ഷഫീഖ്. പ്രതിസന്ധികളോട് പടവെട്ടി, സാധ്യതകളെ അവസരങ്ങളാക്കി മാറ്റി ഷെഫീഖ് യാത്ര തുടരുകയാണ്. പുതിയ ലക്ഷ്യങ്ങളിലേക്ക്.

(ഏഷ്യാനെറ്റ് പ്രസിദ്ധീകരിച്ചത്)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!