മെസ്സി സഹസ്രം! 1000-ാമതു മത്സരത്തിൽ ആരാധകർക്ക് ആയിരം വട്ടം റീപ്ലേ കാണാവുന്ന ഗോൾ
നൂലിൽ സൂചി കോർത്തതു പോലൊരു ഗോൾ! ലയണൽ മെസ്സി വീണ്ടും അർജന്റീനയുടെ വിജയം നെയ്തു. ഊടും പാവും പോലെയുള്ള മനോഹരമായ പാസുകളുമായി മൈതാനത്ത് ഓസ്ട്രേലിയയെ കുരുക്കിയിട്ട് 2-1 വിജയവുമായി അർജന്റീന ലോകകപ്പ് ക്വാർട്ടറിൽ കടന്നു.
ജൂലിയൻ അൽവാരസാണ് അർജന്റീനയുടെ രണ്ടാം ഗോൾ നേടിയത്. 77-ാം മിനിറ്റിൽ ആകാശത്തു നിന്നു പൊട്ടിവീണതു പോലെ, എൻസോ ഫെർണാണ്ടസിന്റെ തട്ടിത്തെറിച്ചു കിട്ടിയ സെൽഫ് ഗോളിൽ ഓസ്ട്രേലിയ തിരിച്ചടിച്ചെങ്കിലും അർജന്റീനയുടെ വിജയാഘോഷം മുടക്കാൻ അതു പ്രാപ്തമായിരുന്നില്ല. അവസാന നിമിഷങ്ങളിൽ പ്രതിരോധക്കളി കൈവിട്ട് ഓസ്ട്രേലിയ ആക്രമിച്ചു കളിച്ചെങ്കിലും അതേ വീര്യത്തിൽ തിരിച്ചടിച്ച് അർജന്റീന വിജയമുറപ്പിച്ചു.
35-ാം മിനിറ്റിലായിരുന്നു സ്റ്റേഡിയമൊന്നാകെ നിർന്നിമേഷരായി എഴുന്നേറ്റു നിന്ന മെസ്സി ഗോൾ. ഓസ്ട്രേലിയൻ ബോക്സിനു സമീപം ഫാൽക്കൺ പക്ഷികളെപ്പോലെ റാകിപ്പറന്ന അർജന്റീനയ്ക്ക് ഫ്രീകിക്ക്. ഗോൾ ലാക്കാക്കി വന്ന മെസ്സിയുടെ കിക്ക് ഓസ്ട്രേലിയൻ ഡിഫൻഡർ സൗട്ടർ ഹെഡ് ചെയ്തകറ്റി. പന്തു കിട്ടിയ പാപ്പു ഗോമസ് പുറംകാൽ കൊണ്ട് മെസ്സിക്കു മറിച്ചു. ഡി ആർക്കിനു സമീപം ആരും കാവലില്ലാതെ നിന്ന മക്അലിസ്റ്റർക്കു പന്തു നൽകി മെസ്സി ഓടിക്കയറി.
മക്അലിസ്റ്റർ നൽകിയ പന്ത് ഓട്ടമെൻഡി മെസ്സിക്കു മുന്നിലിട്ടു. രണ്ടു ടച്ച്. വട്ടം കൂടി നിന്ന ഓസ്ട്രേലിയൻ താരങ്ങളുടെ കാലുകൾക്കിടയിലൂടെ പുല്ലിനെ ചുംബിച്ച് പന്ത് വലയിൽ. കരിയറിലെ 1000-ാമതു മത്സരത്തിൽ ആരാധകർക്ക് ആയിരം വട്ടം റീപ്ലേ കാണാവുന്ന ഒരു മെസ്സി ഗോൾ!
സമനിലയുമായി ആദ്യ പകുതിക്കു പിരിയാം എന്ന് ഓസ്ട്രേലിയ ആശ്വസിച്ചു നിൽക്കവെയാണ് മെസ്സി അവരെ ഞെട്ടിച്ചത്. അതുവരെയുള്ള അധ്വാനത്തിനു കിട്ടിയ പ്രതിഫലം കൂടിയായി അത്. ഓസ്ട്രേലിയൻ ഗോൾകീപ്പറെ നിരന്തരം പ്രസ് ചെയ്തു നിന്ന അൽവാരസിനു കിട്ടിയ സമ്മാനമായിരുന്നു അർജന്റീനയുടെ രണ്ടാം ഗോൾ. ഗോൾകീപ്പർ മാറ്റ് റയാൻ ത്രോ ചെയ്തു നൽകിയ പന്തിൽ കെയ് റൗളസിന്റെ ബാക്ക്പാസ് പിഴച്ചു. ചകിതനായ ഗോളിയെ സമ്മർദ്ദത്തിലാക്കി പന്തു തട്ടിയെടുത്ത അൽവാരസ് അതു നേരെ പോസ്റ്റിലേക്കു വിട്ടു. ഇനി നഷ്ടപ്പെടാനൊന്നുമില്ല എന്നതായതോടെ ഓസ്ട്രേലിയ ഉണർന്നു. പ്രതിരോധം വിട്ട് അവർ ആക്രമിച്ചു കളിച്ചതോടെ കളി കടുത്തു.
77-ാം മിനിറ്റിൽ അപ്രതീക്ഷിതമായി ഓസ്ട്രേലിയൻ ഗോൾ. അർജന്റീന പ്രതിരോധപ്പിഴവിൽ നിന്നു പന്തു കിട്ടിയ ക്രെയ്ഗ് ഗുഡ്‌വിന്റെ ഷോട്ട് എൻസോ ഫെർണാണ്ടസിന്റെ ശരീരത്തിൽ തട്ടി ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനെ കബളിപ്പിച്ചു. സെൽഫ് ഗോൾ! 82-ാം മിനിറ്റിൽ പന്തുമായി അർജന്റീന ബോക്സിലേക്ക് ഓടിക്കയറിയ ലെഫ്റ്റ് ബാക്ക് അസിസ് ബെഹിച്ചിന്റെ കിടിലൻ ഷോട്ട് ലിസാന്ദ്രോ മാർട്ടിനെസ് രക്ഷപ്പെടുത്തിയില്ലായിരുന്നെങ്കിൽ കളിയിലെ ഏറ്റവും മനോഹരമായ ഗോളിനു മത്സരമായേനെ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണുക..
Messi's extraordinary goal that sent Argentina into FIFA World Cup quarters. pic.twitter.com/ViFI3KlotL
— Malayalam News Desk (@MalayalamDesk) December 4, 2022