മജീദ് നഹ പ്രവാസത്തോട് വിടപറയുന്നു
ജിദ്ദയില്‍ സാമൂഹിക സാംസ്കാരിക കായിക മേഖലകളില്‍ പതിറ്റാണ്ടുകളായി മികച്ച സേവനം ചെയ്തുവരുന്ന അബ്ദുള്‍ മജീദ് നഹ പ്രവാസത്തോട് വിടപറയുന്നു. 43 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് മലയാളികള്‍ നഹാസാഹിബ് എന്നു വിളിക്കുന്ന അബ്ദുല്‍മജീദ് നഹ പ്രവാസ ജീവിതം അവസാനിപ്പിക്കുന്നത്. പ്രായഭേദമന്യേ വലിയ സുഹൃദ് വലയമുള്ള മജീദ് നഹ ജിദ്ദയോട് വിടപറയുന്നത് കലാ-കായിക-രാഷ്ട്രീയ മേഖലയ്ക്ക് നികത്തപ്പെടാനാകാത്ത നഷ്ടമായിരിക്കുമെന്ന് സുഹൃത്തുക്കള്‍ വിലയിരുത്തുന്നു. 2022 ഡിസംബര്‍ 10-നു ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്കു മടങ്ങുകയാണ് എന്നു മജീദ് നഹ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഓ.ഐ.സി.സി, സിഫ്, എം.എസ്.എസ്, ഇശല്‍ കലാവേദി തുടങ്ങി നിരവധി സംഘടനകളുടെ നേതൃനിരകളില്‍ സജീവ സാന്നിധ്യമാണ് മജീദ് നഹ.
അബ്ദുള്‍ മജീദ് നഹയുടെ യാത്രാകുറിപ്പ്
പ്രിയപ്പെട്ടവരേ,
അൽഹംദുലില്ലാഹ് ജീവിതത്തിന്റെ വലിയൊരു ഭാഗം വളരെ അഭിമാനത്തോടും, സന്തോഷത്തോടും, പേരും പെരുമയോടും കൂടി അർഹിക്കുന്ന അംഗീകാരത്തോടെ ഒരു വിദേശ രാജ്യത്ത് ജീവിക്കുക എന്നുള്ളത് എത്രയോ അഭിമാനകരമായ കാര്യം തന്നെയാണ്. അത് പൂർണമായും മുഖവിലക്കെടുത്തുകൊണ്ട് ഞാൻ ഒരു സുപ്രധാന കാര്യം നിങ്ങളെ അറിയിക്കുകയാണ് നീണ്ട 43 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ഞാൻ ഈ വരുന്ന ഡിസംബർ 10 നു എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നു. നിങ്ങൾ ഓരോരുത്തരും എന്നോട് കാണിച്ച സ്നേഹവും ആദരവും എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവ സമ്പത്താണ്. പ്രായഭേദമന്യേ ഒരുകുടുംബത്തിലെ അംഗങ്ങളായി നാമിവിടെ ജീവിച്ചു. പോയ തലമുറ കളുമായും നിലവിലുള്ള തലമുറകളുമായും സമൂഹത്തിലെ എല്ലാ തലങ്ങളിലുള്ളവരു മായുമൊക്കെ നല്ല ബന്ധം സ്ഥാപിച്ചെടുക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് അവരൊക്കെ എനിക്ക് വളരെ പ്രിയപ്പെട്ടവർ തന്നെയാണ് ഏതായാലും എടുത്തത് യുക്തമായ തീരുമാനവും ശരിയായ സമയ ത്തും തന്നെയാണെന്നാണ് എന്റെ വിശ്വാസം. ഇനി എല്ലാം സർവ്വശക്തന്റെ കയ്യിൽ. ഒരു വിഷമവും കൂടാതെ സന്തോഷത്തോടെ യാത്ര തിരിക്കാൻ അല്ലാഹു തുണക്കട്ടെ. സർവ്വശക്തന്റെ അനുഗ്രഹം നമുക്കെല്ലാം ഉണ്ടാകട്ടെ ((ആമീൻ)….
നിങ്ങളുടെ സ്വന്തം അബ്ദുൽ മജീദ് നഹ.