ഇറാനെ പിണക്കാൻ വയ്യ, സഊദിയിലെ ഹൂതി ആക്രമണത്തിൽ വെട്ടിലായി പാക്കിസ്ഥാൻ
ന്യൂഡൽഹി: സൗദി അറേബ്യയിൽ യെമനിലെ ഹൂതികൾ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കു പിന്നാലെ ശക്തമായ പ്രതികരണവുമായി ആദ്യം രംഗത്തെത്തിയ പാക്കിസ്ഥാന് നിലപാടുമാറ്റം. ഹൂതികൾക്കെതിരെ ആക്രമണത്തിന് തുനിഞ്ഞാൽ സംഘർഷത്തിലേക്ക് വലിച്ചിഴയ്‌ക്കപ്പെടാൻ സാധ്യതയുണ്ടെന്ന പാക്ക് നേതൃത്വത്തിന്റെ ആശങ്കയാണ് നിലപാടുമാറ്റത്തിനു പിന്നിൽ.
ഇതോടെ മക്ക സംയുക്ത പ്രതിരോധ കരാറിലെ പാക്കിസ്ഥാന്റെ പ്രതിബദ്ധത സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നതിനു പിന്നാലെ പ്രതിസന്ധി പരിഹാര ശ്രമമെന്ന നിലയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഫോണിൽ സംസാരിച്ചു. സൗദിക്ക് പൂർണ ഐക്യദാർഢ്യം പ്രകടിപ്പിച്ച ഷെഹ്ബാസ് ഷെരീഫ്, ആക്രമണങ്ങൾ പ്രാദേശിക സുരക്ഷയ്‌ക്കും ആഗോള ഊർജ വിതരണത്തിനും ഭീഷണിയാണെന്നും പറഞ്ഞു.
ഹോർമൂസ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയുമുള്ള എണ്ണ, വാതക കയറ്റുമതിയെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഇറാന്റെ പിന്തുണയുള്ള ഹൂതികൾക്കു നേരെ തിരിയുന്നത് തിരിച്ചടിയാകുമെന്ന് പാക്ക് നേതൃത്വത്തിന് ആശങ്കയുണ്ട്. ദുർബലമായ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കുമ്പോഴും ഇറാനെ അകറ്റാതിരിക്കാനും പാക്കിസ്ഥാൻ ശ്രമിക്കുന്നു.
സൗദി അറേബ്യ, പാക്കിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ കഴിഞ്ഞ മാസം ഒപ്പുവച്ച ‘മക്ക സംയുക്ത പ്രതിരോധ കരാർ’ പ്രകാരം സഖ്യത്തിലെ ഒരു രാജ്യത്തിനു നേരെയുള്ള ആക്രമണം സ്വന്തം രാജ്യത്തിനു നേരെയുള്ള ആക്രമണമായി കണക്കാക്കി 3 രാജ്യങ്ങളും ഒരുമിച്ചു നേരിടുമെന്നതാണ് ധാരണ. അമേരിക്കയും ഇറാനും തമ്മിലുള്ള രഹസ്യ ചർച്ചകൾക്ക് സൗകര്യമൊരുക്കുന്നതിനൊപ്പം സൗദിയുമായുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്ത പാക്കിസ്ഥാൻ, കഴിഞ്ഞയാഴ്ച സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ 4 നഗരങ്ങളിൽ ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതോടെ പ്രതിസന്ധിയിലാകുകയായിരുന്നു.
….


