ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന മലയാളി കുടുംബം സൗദിയിൽ അപകടത്തിൽപ്പെട്ടു; ഉമ്മയും മകളും മരിച്ചു, 4 പേർക്ക് പരിക്ക്
റിയാദ്: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം സൗദി അറേബ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽപ്പെട്ടു. അപകടത്തിൽ മലപ്പുറം തിരൂർ രാങ്ങാട്ടൂർ സ്വദേശികളായ രണ്ട് പേർ മരണമടഞ്ഞു. തിരൂർ നടുവട്ടം തെക്കേ പീടിക്കൽ ഹൗസിൽ അബ്ദുല്ലത്തീഫിെൻറ (കുഞ്ഞുമോൻ) ഭാര്യ രഹന (52), മൂത്ത മകൾ ഡോ. നഹ്ല നർമിൻ (29) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫ്-റിയാദ് എക്സ്പ്രസ്സ് ഹൈവേയിലെ ‘ദലം’ എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. (ചിത്രം: അപകടത്തിൽ മരിച്ച രഹന)
വിശുദ്ധ ഉംറ കർമങ്ങൾ പൂർത്തിയാക്കി ദമ്മാം വഴി ഖത്തറിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് ദുരന്തത്തിനിരയായത്. ഇവർ സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂയിസർ കാറിൻ്റെ മുൻവശത്തെ വിൻഡ്ഷീൽഡിലേക്ക് റോഡിൽ നിന്ന് ഒരു പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന് പറന്നുവന്നു വീഴുകയായിരുന്നു. ഇതോടെ ഡ്രൈവർക്ക് കാഴ്ച പൂർണ്ണമായി മറയുകയും നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ പലതവണ മറിയുകയുമായിരുന്നുവെന്ന് കുടുംബനാഥനായ അബ്ദുല്ലത്തീഫ് പറഞ്ഞു.
വാഹനത്തിലുണ്ടായിരുന്ന അബ്ദുല്ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെൺമക്കൾ, ഒരു പേരക്കുട്ടി എന്നിവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് മെഡിക്കൽ അധികൃതർ നൽകുന്ന വിവരം. ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ അബ്ദുല്ലത്തീഫ് ഖത്തർ പെട്രോകെമിക്കൽ കമ്പനിയിൽ (കാപ്കോ) ഉദ്യോഗസ്ഥനാണ്. ഉമർകുട്ടി-മെഹറുന്നിസ ദമ്പതികളുടെ മകളാണ് അപകടത്തിൽ മരിച്ച രഹന.
അപകടവിവരമറിഞ്ഞ് ദമ്മാമിൽ നിന്നും സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ബന്ധുക്കളും കെ.എം.സി.സി അടക്കമുള്ള സാമൂഹിക പ്രവർത്തകരും ദലമിലേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ ദലം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


