ദുബൈ വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ആക്രമണത്തിൽ തീപിടുത്തമുണ്ടായെന്നും റിപ്പോർട്ട്‌

ദുബൈ: പശ്ചിമേഷ്യൻ സംഘർഷങ്ങൾ തുടരുന്നതിനിടെ യുഎഇക്ക് നേരെ വീണ്ടും ആക്രമണ ശ്രമം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണ ശ്രമം തകർത്തുവെന്നാണ് ദുബൈ മീഡിയ ഓഫീസ് സ്ഥിരീകരിച്ചത്. വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിൽ ഒന്ന് ലക്ഷ്യം വെച്ചായിരുന്നു ഇറാനിൽ നിന്നുമുള്ള ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ വിമാനത്താവളത്തിന് സമീപത്ത് തീപിടുത്തം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. തീ നിയന്ത്രണവിധേയമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സംഭവത്തിൽ ആർക്കും പരുക്ക് പറ്റിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം യുഎഇ ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ച നാല് ബാലിസ്റ്റിക് മിസൈലുകളും ആറ് ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ കഴിഞ്ഞ ദിവസം വിജയകരമായി തകർത്തുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇറാന്റെ ആക്രമണശ്രമം രാജ്യത്തിൻ്റെ കരുത്തുറ്റ പ്രതിരോധ നിര തകർക്കുകയായിരുന്നു. സിവിലിയൻ മേഖലകളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളെ യുഎഇ പ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ നിർവീര്യമാക്കി.

യുഎഇ ലക്ഷ്യമിട്ടു നടന്ന ആക്രമണങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് 298 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,606 ഡ്രോണുകളുമാണ് യുഎഇ സേന ആകാശത്തുവെച്ച് തകർത്തത്. രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ ഇത്തരം നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് സൈന്യം നേരിട്ടുകൊണ്ടിരിക്കുന്നത്.

Share
error: Content is protected !!