യുഎസ് ആക്രമണം നടത്തിയത് ഇറാന്റെ ഖാർഗ് ദ്വീപിൽ, ‘കൊണ്ടത്’ ചൈനയ്ക്കും; രാജ്യത്ത് പരിഭ്രാന്തി
ടെഹ്റാൻ/ബെയ്ജിങ്: ഇറാന്റെ ‘നട്ടെല്ല്’ എന്ന് വിശേഷിപ്പിക്കുന്ന ഖാർഗ് ദ്വീപിൽ യുഎസ് നടത്തിയ ആക്രമണത്തിൽ പരിഭ്രാന്തിയിലായി ചൈനയും. ചൈനയിൽ എണ്ണവില കുതിച്ചുയരുന്നതിനിടെയാണ് ഇറാനിലെ എണ്ണക്കയറ്റുമതിയുടെ പ്രധാനകേന്ദ്രമായ ഖാർഗ് ദ്വീപിലും യുഎസ് ആക്രമണം നടത്തിയത്.
ഇറാനിൽ നിന്നുള്ള എണ്ണക്കയറ്റുമതിയുടെ 91 ശതമാനവും ചൈനയിലേക്കാണ്. ഈ സാഹചര്യത്തിൽ ഖാർഗ് ദ്വീപിലെ യുഎസ് ആക്രമണം രാജ്യത്തേക്കുള്ള എണ്ണവിതരണത്തെ കാര്യമായി ബാധിക്കുമെന്നാണ് ചൈനയുടെ ആശങ്ക.
ഇറാൻ-യുഎസ്-ഇസ്രയേൽ യുദ്ധം തുടരുന്നതിനിടെ ചൈനയിൽ എണ്ണവില വർധിക്കുകയാണ്. നിലവിൽ കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും ഉയർന്നനിരക്കിലെത്തിയിരിക്കുകയാണ് ചൈനയിലെ ഇന്ധനവില. ഇതിനിടെയാണ് ഇറാനിലെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യംചെയ്യുന്ന ഖാർഗ് ദ്വീപിനെയും യുഎസ് ആക്രമിച്ചത്. അതിനാൽ തന്നെ ഇറാനിൽ നിന്നുള്ള എണ്ണവിതരണത്തിലുണ്ടാകുന്ന ഏതുതടസ്സവും ചൈനയെയും രൂക്ഷമായി ബാധിക്കും.
ഇറാനിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. കഴിഞ്ഞ വർഷം മാത്രം പ്രതിദിനം 1.38 ദശലക്ഷം ബാരൽ എണ്ണയാണ് ഇറാനിൽനിന്ന് ചൈന വാങ്ങിയിരുന്നത്. ഇറാനിൽനിന്നുള്ള എണ്ണവിതരണം തടസപ്പെടുകയും ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ തുടരുകയും ചെയ്താൽ അത് ചൈനയെയും ഗുരുതരമായി ബാധിക്കും.
ഇറാൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ചൈനയിൽ ഇന്ധനവിതരണം സംബന്ധിച്ച് ജനങ്ങൾ ആശങ്കയിലാണെന്നാണ് റിപ്പോർട്ട്. പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കാനായി വാഹനങ്ങളുടെ നീണ്ടനിരകളാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതിനിടെ, ആഭ്യന്തര വിപണിയിലെ എണ്ണവില നിയന്ത്രിക്കാനായി രാജ്യത്തുനിന്ന് ശുദ്ധീകരിച്ച എണ്ണ കയറ്റുമതിചെയ്യുന്നതിന് ചൈന താത്കാലികമായി നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.


