നൂറിലധികം സീറ്റുകളാണ് ‘മിഷൻ 26’ൻ്റെ ലക്ഷ്യം, 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കും: വി.ഡി. സതീശൻ

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരികയാണ് ‘മിഷൻ 26’ൻ്റെ ലക്ഷ്യമെന്നും, സ്ഥാനാർഥികളെ 24 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ ദുർഭരണം അവസാനിക്കാൻ 26 ദിവസം മാത്രമാണ് ബാക്കിയെന്നും ടീം യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചുവരുമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

“പ്രതീക്ഷിച്ചതിലും നേരത്തെ ആയിപ്പോയി തെരഞ്ഞെടുപ്പ്. 24 മണിക്കൂറിനകം സ്ഥാനാർഥികളെ പ്രഖ്യാപിക്കും. എല്ലാ സീറ്റുകളിലും കൂടിയാലോചനകൾ നടത്തിയിട്ടുണ്ട്. നാളെ ഡൽഹിയിൽ വീണ്ടും ചർച്ച നടത്തും. സുധാകരൻ ഡൽഹിയിൽ ഉണ്ടാകുമോ എന്ന് അറിയില്ല. ഞാൻ രാവിലെ ഡൽഹിയിലേക്ക് പുറപ്പെടും. കേരളത്തിൽ ഒരു ജില്ലയിലും ഗ്രൂപ്പിൻ്റെ പേരിൽ സീറ്റ് പങ്കുവച്ചിട്ടില്ല,” സതീശൻ വ്യക്തമാക്കി.

“ഈ ദുർഭരണം അവസാനിക്കാൻ 26 ദിവസം മാത്രമാണ് ബാക്കിയുള്ളത്. കേരളത്തിലെ ജനങ്ങൾ പുതുയുഗ പിറവിക്ക് തുടക്കമിടും. ടീം യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചുവരും. കേരളം ഇന്ന് വരെ കാണാത്ത തെരഞ്ഞെടുപ്പ് പ്രചരണമാണ് സർക്കാർ നടത്തുന്നത്.

പരസ്യത്തിന് വേണ്ടി സർക്കാർ ജനങ്ങളുടെ പണം വാരിക്കോരി ചെലവഴിക്കുകയാണ്. 10 കൊല്ലം അധികാരത്തിൽ ഇരുന്നിട്ട് ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് സർക്കാർ അവസാനം പ്രഖ്യാപിക്കുന്നത്. ഇതെല്ലാം അടുത്ത സാമ്പത്തിക വർഷം എന്ന് പറയുന്നു. എൽഡിഎഫിന് അറിയാം അവരല്ല അടുത്ത വർഷം വരുന്നതെന്ന്. വിസ്മയങ്ങൾ എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം,” വി.ഡി. സതീശൻ പറഞ്ഞു.

Share
error: Content is protected !!