സംസ്ഥാനത്ത് പൊതുപണിമുടക്ക് പൂർണം; ഡയസ്നോൺ പ്രഖ്യാപിച്ചു, പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങക്കെതിരെ ട്രേഡ് യൂണിയനുകൾ പ്രഖപിച്ച 24 മണിക്കൂർ പൊതുപണിമുടക്ക് ആരംഭിച്ച് ആറ് മണിക്കൂർ പിന്നിട്ടു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്.


പണിമുടക്കിനെ തുടർന്ന് കേരള, എം.ജി., കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സർക്കാർ ജീവനക്കാർ അവധിയെടുക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. മതിയായ കാരണമില്ലാതെ ഹാജരാകാത്തവരുടെ ഇന്നത്തെ ശമ്പളം റദ്ദാക്കുമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടു. അടിയന്തര സാഹചര്യങ്ങളിലല്ലാതെ വകുപ്പ് മേധാവികൾ അവധി അനുവദിക്കരുതെന്നും ജീവനക്കാർക്ക് സുരക്ഷിതമായി ഓഫീസിലെത്താനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.


കെ.എസ്.ആർ.ടി.സി. ജീവനക്കാർ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവന ട്രേഡ് യൂണിയനുകൾ തള്ളി. പണിമുടക്ക് നോട്ടീസ് നേരത്തെ നൽകിയിരുന്നതാണെന്ന് യൂണിയനുകൾ അറിയിച്ചു. കെ.എസ്.ഇ.ബി.യിലും കെ.എസ്.ആർ.ടി.സി.യിലും ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.


ഐ.എൻ.ടി.യു.സി., സി.ഐ.ടി.യു., എ.ഐ.ടി.യു.സി., എച്ച്.എം.എസ്., എ.ഐ.യു.ടി.യു.സി., ടി.യു.സി.സി., സേവ, എ.ഐ.സി.സി.ടി.സി., എൽ.പി.എഫ്., യൂ.ടി.യു.സി. എന്നീ യൂണിയനുകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. രാജ്യത്തെ തൊഴിൽ നിയമങ്ങളെ നാല് വ്യത്യസ്ത കോഡുകളായി തിരിച്ച കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെയാണ് ഈ 24 മണിക്കൂർ പണിമുടക്ക്.

Share
error: Content is protected !!