വയോധികൻ കാറിടിച്ച് മരിച്ചത് അപകടമല്ല; ക്വട്ടേഷന്‍ കൊലപാതകം, വനിതാ ബാങ്ക് മാനേജരും കൂട്ടാളികളും പിടിയില്‍

കൊല്ലം: സൈക്കിള്‍ യാത്രക്കാരനായ റിട്ട. ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥന്‍ കാറിടിച്ച് മരിച്ച സംഭവം ക്വട്ടേഷന്‍ കൊലപാതകമാണെന്ന് പോലീസ്. സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയ കൊല്ലത്തെ സ്വകാര്യ ബാങ്കിലെ വനിതാ മാനേജരെയും കൂട്ടാളികളെയും പോലീസ് പിടികൂടി. സ്വകാര്യ ബാങ്ക് മാനേജരും തേവള്ളിയില്‍ താമസക്കാരിയുമായ സരിത (45), ബാങ്കിലെ എക്‌സിക്യൂട്ടീവ് മരുതടി വാസുപ്പിള്ള ജങ്ഷനിലെ അനൂപ്(37), പോളയത്തോട് സ്വദേശി അനിമോന്‍(44), കടപ്പാക്കട സ്വദേശി മാഹീന്‍(47), പോളയത്തോട് ഹാഷിഫ് അലി(27) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം ആശ്രാമം മൈതാനത്ത് മെയ് 26-ന് നടന്ന വാഹനാപകടമാണ് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. (ചിത്രത്തിൽ കൊല്ലപ്പെട്ട പാപ്പച്ചൻ, പ്രതികളായ അനൂപ്, മാഹീൻ, അലി, സരിത, അനിമോൻ എന്നിവർ)
.
ബി.എസ്.എന്‍.എല്‍. റിട്ട. എന്‍ജിനീയറായ പാപ്പച്ചന്‍ സൈക്കിളില്‍ വരുമ്പോഴാണ് വാഗണ്‍ ആര്‍ കാര്‍ ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിച്ചത്. മെയ് 26-ന് വൈകീട്ട് ആശ്രാമം മൈതാനത്തിന് സമീപമായിരുന്നു സംഭവം. അപകടത്തില്‍ പാപ്പച്ചന്‍ മരിച്ചു. തുടര്‍ന്ന് പാപ്പച്ചന്റെ സംസ്‌കാരം പന്തളത്ത് നടത്തുകയും ചെയ്തു. സാധാരണ അപകടമെന്ന നിലയില്‍ പോലീസ് കേസ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുമ്പോഴാണ് അപകടത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. കാറിടിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതില്‍നിന്ന് സംഭവം കൊലപാതകമാണെന്ന് ബോധ്യപ്പെടുകയായിരുന്നു.
.
ബാങ്കില്‍ സ്ഥിരനിക്ഷേപവും കോടികളുടെ ആസ്തിയുമുണ്ടായിരുന്ന പാപ്പച്ചന്‍ കുടുംബപ്രശ്‌നം കാരണം കൊല്ലത്ത് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. തന്റെ 90 ലക്ഷത്തിന്റെ നിക്ഷേപത്തില്‍നിന്ന് 40 ലക്ഷം രൂപ പിന്‍വലിച്ചത് പാപ്പച്ചന്‍ ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് സരിതയും കൂട്ടാളികളും പാപ്പച്ചനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്.
.
പണം തട്ടിയത് പാപ്പച്ചന്‍ ചോദ്യംചെയ്തപ്പോള്‍ പ്രശ്‌നം പരിഹരിക്കാം, കണക്കുകള്‍ നോക്കട്ടെ, പിന്നീടൊരു ദിവസം വന്നാല്‍ മതിയെന്ന് പറഞ്ഞ് സരിത ഇദ്ദേഹത്തെ തിരിച്ചയച്ചു. പിന്നാലെ സരിത മറ്റുപ്രതികളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തു. ക്വട്ടേഷന്‍ സംഘാംഗമായ അനിയാണ് കാറിടിപ്പിച്ച് പാപ്പച്ചനെ കൊലപ്പെടുത്തിയത്. വാടകയ്‌ക്കെടുത്ത കാറാണ് പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ചത്. ബാങ്കിലെ എക്‌സിക്യൂട്ടിവായ അനൂപ് ആണ് കാര്‍ വാടകയ്‌ക്കെടുത്ത് നല്‍കിയതെന്നും പോലീസ് പറഞ്ഞു.
.
വിരമിക്കല്‍ ആനുകൂല്യമായി കിട്ടിയ പണം സ്വകാര്യ ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന പാപ്പച്ചന്‍, ബാങ്കിലെ ജീവനക്കാരുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍, പാപ്പച്ചന്‍ കുടുംബവുമായി നല്ല ബന്ധത്തിലല്ലെന്ന വിവരം മാനേജര്‍ അടക്കമുള്ളവര്‍ക്ക് അറിയാമായിരുന്നു. പാപ്പച്ചന്‍ മരിച്ചാല്‍ തുക ചോദിച്ച് ആരുംവരില്ലെന്നും വ്യക്തമായി മനസ്സിലാക്കിയാണ് സരിത പദ്ധതികള്‍ ആസൂത്രണം ചെയ്തത്.
.
വാടകയ്ക്കെടുത്ത കാര്‍ പാപ്പച്ചന്‍ ഓടിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റിയാണ് അപകടം ഉണ്ടാക്കിയത്. ആശ്രാമം മൈതാനത്തിനു തൊട്ടടുത്ത ഇടവഴിയില്‍ ആയിരുന്നു അപകടം. സ്ഥിരമായി സൈക്കിള്‍ മാത്രം ഉപയോഗിച്ചിരുന്ന ആളായിരുന്നു പാപ്പച്ചന്‍.
.

Share
error: Content is protected !!