സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്കെതിരേ മോഷണക്കുറ്റം ചുമത്തി അപമാനിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ, ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചത് മക്കളുടെ മുഖമെന്ന് യുവതി

തിരുവനന്തപുരം: മോഷണക്കുറ്റം ചുമത്തി ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐയ്ക്ക് സസ്പെൻഷൻ. പേരൂർക്കട എസ്ഐ പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. ആരോപണ വിധേയരായ പോലീസുകാരുടേയും സ്റ്റേഷനിലുണ്ടായിരുന്ന ആളുകളുടേയും മൊഴി രേഖപ്പെടുത്തും.
.
സ്വര്‍ണമാല മോഷ്ടിച്ചു എന്ന പരാതിയിൽ, ബിന്ദു എന്ന ദളിത് യുവതിയെ സ്റ്റേഷനിൽവെച്ച് മണിക്കൂറുകളോളം നീണ്ട മാനസിക പീഡനത്തിനിരയാക്കിയതായാണ് ആരോപണം. വീട്ടുജോലി ചെയ്ത് ഉപജീവനം നടത്തുന്ന തിരുവനന്തപുരം പനവൂര്‍ സ്വദേശി ആര്‍. ബിന്ദു (39)വിനാണ് പോലീസിന്റെ ഭാഗത്തുനിന്ന് കൊടിയ മാനസികപീഡനം നേരിടേണ്ടിവന്നത്.
.
സ്വര്‍ണമാല മോഷ്ടിച്ചെന്നാരോപിച്ച് അമ്പലമുക്ക് സ്വദേശികളായ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് ബിന്ദുവിനെ പേരൂര്‍ക്കട പോലീസ് കസ്റ്റഡിയിലെടുത്തത്. 20 മണിക്കൂറോളം പോലീസ് ചോദ്യംചെയ്തു. ഒടുവില്‍, മോഷ്ടിക്കപ്പെട്ടെന്ന് പറഞ്ഞിരുന്ന, 18 ഗ്രാം തൂക്കംവരുന്ന സ്വര്‍ണമാല പരാതിക്കാരായ ഗള്‍ഫുകാരുടെ വീട്ടില്‍നിന്നുതന്നെ കണ്ടെത്തി. ഇക്കാര്യം ബിന്ദുവിനെ അറിയിക്കുകപോലും ചെയ്യാതെ സ്റ്റേഷനില്‍നിന്ന് പറഞ്ഞുവിട്ടെന്നാണ് പരാതി.
.
എന്നാല്‍, എഫ്‌ഐആര്‍ റദ്ദാക്കാതെ പോലീസ് തുടര്‍ നിയമനടപടിയുമായി മുന്നോട്ടുപോയതോടെ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പട്ടികജാതി കമ്മിഷനും ബിന്ദു പരാതി നല്‍കി. കഴിഞ്ഞമാസം 23-നായിരുന്നു സംഭവം. മണിക്കൂറുകള്‍ നീണ്ട മാനസിക പീഡനമാണ് യുവതിക്ക് പൊലീസിൽ നിന്ന് നേരിടേണ്ടി വന്നത്.
.

ബിന്ദുവിന്റെ വാക്കുകള്‍

‘കവടിയാറിലെ ഒരു വീട്ടില്‍ ജോലിക്ക് പോയതിനുശേഷം വൈകിട്ട് നാല് മണിയോടെ ബസ് കാത്തുനില്‍ക്കുമ്പോഴാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് കോള്‍ വരുന്നത്. പരിചയമില്ലാത്ത നമ്പര്‍ ആയതിനാല്‍ ആദ്യം എടുത്തില്ല. പക്ഷേ, വീണ്ടും വിളിച്ചപ്പോള്‍ കോള്‍ എടുത്തു. എത്രയും പെട്ടെന്ന് സ്റ്റേഷനില്‍ എത്താൻ ആവശ്യപ്പെട്ടു. അമ്പലമുക്കില്‍ ഞാന്‍ ജോലിചെയ്യുന്ന വീട്ടില്‍നിന്ന് സ്വര്‍ണം നഷ്ടമായെന്നും വീട്ടുകാര്‍ക്ക് എന്നെയാണ് സംശയമെന്നും പോലീസ് അറിയിച്ചു. അവിടെ പണിക്ക് പോയിത്തുടങ്ങിയിട്ട് രണ്ടാഴ്ച ആകുന്നേ ഉള്ളൂ. അന്ന് ഞാൻ ആ വീട്ടില്‍ ജോലിക്ക് പോയിരുന്നുമില്ല.
.
മാല ഞാന്‍ എടുത്തിട്ടില്ലെന്ന് ഒരുപാടുതവണ പറഞ്ഞു. വനിതാ പോലീസ് എൻറെ വസ്ത്രം അഴിച്ച് പരിശോധിച്ചു. മറ്റ് പോലീസുകാര്‍ എന്നെ അസഭ്യം പറഞ്ഞ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. മാനസികമായി ഏറെ സമ്മര്‍ദം നേരിട്ടു. ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവാങ്ങിവെച്ചു. രാത്രി ഒന്‍പത് മണിയോടെ പരാതിക്കാരി സ്റ്റേഷനിലെത്തി. പിന്നീട് സ്റ്റേഷനില്‍നിന്ന് പനയമുട്ടത്തെ എന്റെ വീട്ടില്‍ തിരച്ചിലിനായി എത്തിച്ചു. അവിടെയാകെ പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ല. ഒടുവില്‍ വീണ്ടും സ്റ്റേഷനില്‍ എത്തിച്ചു.
.
പുലരുവോളം എന്നെ സ്റ്റേഷനിലിരുത്തി ചോദ്യം ചെയ്തു. കുറ്റം സമ്മതിച്ചില്ലെങ്കില്‍ കുടുംബം മുഴുവന്‍ അകത്താകും എന്ന് ഉൾപ്പെടെ ഭീഷണിയുണ്ടായിരുന്നു. ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും പലപ്രാവശ്യം തല്ലാന്‍ കൈ ഓങ്ങിയിരുന്നു. ബന്ധുക്കള്‍ ഭക്ഷണം കൊണ്ടുവന്നെങ്കിലും എനിക്ക് നല്‍കിയില്ല. ശുചിമുറിയില്‍ പോയി വെള്ളം കുടിക്കാനാണ് എന്നോട് പറഞ്ഞത്. ഏപ്രില്‍ 23-ന് വൈകുന്നേരം കസ്റ്റഡിയില്‍ എടുത്ത എന്നെ 24 ഉച്ചവരെ സ്റ്റേഷനില്‍ ഇരുത്തി. ഉച്ചയോടെ പരാതിക്കാരി സ്റ്റേഷനിലെത്തി എസ്‌ഐയോട് സംസാരിക്കുന്നത് ഞാന്‍ കണ്ടു. പിന്നാലെ എന്നോട് പോകാന്‍ പറഞ്ഞു. പരാതിക്കാരി പറഞ്ഞതിനാല്‍ വിട്ടയയ്ക്കുന്നു എന്നും ഇനി അമ്പലമുക്കിന്റേയും കവടിയാറിന്റേയും ഭാഗങ്ങളില്‍ കാണരുതെന്നും പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. പുറത്ത് എത്തിയപ്പോഴാണ് മോഷണം പോയെന്ന് പറഞ്ഞ മാല, ആ വീട്ടില്‍നിന്ന് തന്നെ കിട്ടിയെന്ന് ഭര്‍ത്താവ് എന്നോട് പറയുന്നത്. പോലീസുകാര്‍ സംസാരിക്കുന്നത് അദ്ദേഹം കേട്ടിരുന്നു.
.
ഞാന്‍ നേരിട്ട മോശം അനുഭവം മുഖ്യമന്ത്രിയുടെ ഓഫീസിനേയും ഡിജിപിയേയും പട്ടികജാതി കമ്മിഷനേയും ബോധിപ്പിച്ചിരുന്നു. ഡിജിപിയില്‍നിന്നും പട്ടിക ജാതി കമ്മിഷനില്‍നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് തൃപ്തിയുള്ള മറുപടി അല്ല ലഭിച്ചത്. മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചില്ല. അഭിഭാഷകനൊപ്പം ഓഫീസിൽ ചെന്നപ്പോൾ പി. ശശിയെയാണ് കണ്ടത്. ‘മാല കാണാതെ പോയാല്‍ വീട്ടുകാര്‍ പരാതി നല്‍കും, പോലീസ് പിടിക്കും. അത് സ്വാഭാവികമാണ്, അതൊക്കെ കോടതിയിലാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ പെട്ടെന്ന് തന്നെ അവിടെ നിന്ന് ഇറങ്ങി. അദ്ദേഹം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാണ് എന്ന് ഒപ്പമുണ്ടായിരുന്ന അഭിഭാഷകനാണ് പറഞ്ഞുതന്നത്.

ഇത്രയും ദിവസമായിട്ടും ആ വീട്ടുകാര്‍ എന്നെ വിളിച്ചിട്ട് പോലുമില്ല. ചെയ്യാത്ത കുറ്റത്തിന് ഇങ്ങനെ അനുഭവിക്കേണ്ടി വന്നപ്പോള്‍ ആത്മഹത്യ ചെയ്താലോ എന്നുപോലും ചിന്തിച്ചു. എന്റെ മക്കളുടെ മുഖമാണ് എന്റെ തീരുമാനം മാറ്റിയത്. എന്റെ ജാതിയാണ് പോലീസുകാരുടേയും വീട്ടുകാരുടേയും പ്രശ്‌നം എന്ന് എനിക്ക് തോന്നിയിരുന്നു. അത്തരത്തിലായിരുന്നു പെരുമാറ്റം.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!