‘ഫ്യൂസ് ഊരിയ ഉദ്യോഗസ്ഥൻ്റെ തലയിൽ പഴകിയ കറി ഒഴിച്ചു, മറ്റൊന്നും ചെയ്തില്ല; റസാഖിൻ്റെ വീട്ടിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി

കോഴിക്കോട്: കെഎസ്ഇബി സെക്ഷൻ ഓഫിസ് അക്രമിച്ചതിന് പിന്നാലെ തിരുവമ്പാടി സ്വദേശി റസാഖിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. മനുഷ്യാവകാശ കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിൽ കെഎസ്ഇബിയോട് ഒരാഴ്ച്ക്കകം മറുപടി നൽകണമെന്നും കമ്മിഷൻ അധ്യക്ഷൻ ബൈജുനാഥ് ഉത്തരവിട്ടിട്ടുണ്ട്. പ്രഥമ ദൃഷ്ട്യാ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് കമ്മിഷൻ കണ്ടെത്തി.

.

കൂടാതെ റസാഖിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം ഉടൻ പുനഃസ്ഥാപിക്കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. വൈദ്യുതി പുനഃസ്ഥാപിക്കാൻ എത്തുന്ന ജീവനക്കാർക്ക് സുരക്ഷ ഒരുക്കാമെന്ന് തിരുവമ്പാടി പൊലീസിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. കെഎസ്ഇബി ചെയർമാനുമായി വിഷയം ചർച്ച ചെയ്തതായി കെ.കൃഷ്ണൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

.

വൈദ്യുതി വിച്ഛേദിച്ചതിന് പിന്നാലെ ശനിയാഴ്ച രാത്രി റസാഖും ഭാര്യ മറിയമും തിരുവമ്പാടി സെക്ഷൻ ഓഫിസിലെത്തി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനിടെ കുഴ‍ഞ്ഞുവീണ റസാഖിനെ രാത്രിയോടെ തിരുവമ്പാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ കഴിഞ്ഞെത്തിയതിന് പിന്നാലെ ഇന്നു രാവിലെയും റസാഖ് വീട്ടുമുറ്റത്ത് കുത്തിയിരുന്ന് പ്രതിഷേധം നടത്തിയിരുന്നു.

മക്കൾ‌ ചെയ്ത കുറ്റത്തിന് തന്റെ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചത് എന്തിനെന്ന് റസാഖ് നേരത്തെ ചോദിച്ചിരുന്നു. ജീവനക്കാരെ ആക്രമിച്ചതും ഓഫിസ് അടിച്ച് തകർത്തതും ചൂണ്ടിക്കാട്ടി കെഎസ്ഇബി ഉദ്യോഗസ്ഥർ നൽകിയ പരാതിയിൽ റസാഖിന്റെ മക്കൾ‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

.

അതേ സമയം കെഎസ്ഇബി ഓഫിസ് ആക്രമിച്ചതിന്റെ പേരിൽ വീട്ടിലെ വൈദ്യുതി കണക്‌ഷൻ വിച്ഛേദിച്ച സംഭവത്തിൽ, ഉദ്യോഗസ്ഥരുടെ ആരോപണങ്ങൾ തെറ്റാണെന്ന് അബ്ദുറസാഖിൻ്റെ മകൻ അജ്മൽ പറഞ്ഞു. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന്റെ പേരിൽ അജ്മലിനും സഹോദരനുമെതിരെ കേസെടുത്തിരുന്നു.

‘‘അധിക വൈദ്യുതിബിൽ വന്നതിന്റെ പേരിൽ ഉദ്യോഗസ്ഥരോട് പ്രതിഷേധിച്ചു. വീട്ടിലുണ്ടായിരുന്ന പഴയ കറി എടുത്ത് ഞാൻ തലയിൽ ഒഴിച്ചു. വേറെ പറയുന്നതൊക്കെ വ്യാജമാണ്. കെഎസ്ഇബിക്കാർ സ്വന്തമായാണ് ഓഫിസ് തല്ലിപൊളിച്ചത്. കെഎസ്ഇബി ഡ്രൈവർ ഗ്ലാസ് ഉൾപ്പെടെയുള്ള സാധനങ്ങൾ തകർന്നു. അനിയന് മർദനമേറ്റു’’–അജ്മൽ പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നു.

.

അജ്മലിന്റെ പിതാവ് റസാഖിന്റെ പേരിലുള്ളതാണ് വൈദ്യുതി കണക്‌ഷൻ. കെഎസ്ഇബി പകതീര്‍ക്കുകയാണെന്ന് റസാഖും ഭാര്യയും പറഞ്ഞു. മകൻ ചെയ്ത തെറ്റിന് വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത് എന്തിനാണെന്നും ഇവര്‍ ചോദിക്കുന്നു. പ്രതിഷേധത്തിനിടെ 64 വയസുകാരനായ റസാഖ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല. ‘‘ സ്ട്രോക്ക് വന്നയാളാണ്. എട്ടു ഗുളിക കഴിക്കുന്നുണ്ട്. കറന്റില്ല, വെള്ളമില്ല. ഭക്ഷണം പാകംചെയ്യാൻ കഴിയുന്നില്ല.’’–റസാഖ് പറയുന്നു.

.

മൂന്നു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടെന്നും പണം കെട്ടിവച്ചാലേ വൈദ്യുതി പുനഃസ്ഥാപിക്കൂ എന്നുമാണ് കെഎസ്ഇബി ചെയർമാനും നിലപാടെടുത്തിരിക്കുന്നത്. വൈദ്യുതി മന്ത്രിയും കെഎസ്ഇബിയുടെ നിലപാടിനെ ശരിവച്ചു. വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടർന്ന് വ്യാഴാഴ്ചയാണ് റസാഖിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഓൺലൈനായി ബില്ലടച്ച റസാഖിന്റെ മകൻ അജ്‌മൽ ഉടൻ വൈദ്യുതി പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വെള്ളിയാഴ്ചയാണ് ജീവനക്കാര്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് അജ്‌മലും ഉദ്യോഗസ്ഥരും തമ്മിൽ തര്‍ക്കമുണ്ടായി.

.

സംഭവത്തിൽ കെഎസ്ഇബി ജീവനക്കാര്‍ പൊലീസിൽ പരാതിയും നൽകി. പൊലീസ് കേസെടുത്തതിൽ പ്രകോപിതനായ അജ്മൽ ശനിയാഴ്ച രാവിലെ സഹോദരനൊപ്പം കെഎസ്ഇബി ഓഫിസിലെത്തി ആക്രമണം അഴിച്ചുവിട്ടു എന്നാണ് പരാതി. ഓഫിസിലെ കംപ്യൂട്ടറുകളും ഉപകരണങ്ങളും തകർത്ത് ജീവനക്കാരുടെ ദേഹത്ത് ഭക്ഷണ സാധനങ്ങളുടെ മാലിന്യവും ഒഴിച്ചെന്ന് പരാതിയിൽ പറയുന്നു. അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പടെ ചില ജീവനക്കാർക്ക് പരുക്കേറ്റതായും പരാതി ഉണ്ട്. ആക്രമണത്തിനു പിന്നാലെയാണ് ബോര്‍ഡ് ചെയര്‍മാൻ വൈദ്യുതി ബന്ധം വീണ്ടും വിച്ഛേദിക്കാൻ ഉത്തരവിട്ടത്.

.

Share
error: Content is protected !!