സർക്കാരുമായുള്ള തർക്കം: ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് വാട്സ് ആപ്പ് കോടതിയിൽ

സന്ദേശങ്ങൾ  സുരക്ഷിതമാക്കാനുള്ള എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ മാറ്റാന്‍ സാധിക്കില്ലെന്നും, ആ ആവശ്യത്തിൽ നിന്നും സർക്കാർ പിന്മാറാൻ തയ്യാറായില്ലെങ്കിൽ, ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്നും വാട്സ് ആപ്പ് ഹൈക്കോടതിയെ അറിയിച്ചു.

സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കായുള്ള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ചട്ടങ്ങളെ ചോദ്യം ചെയ്തുകൊണ്ട് വാട്സ്ആപ്പും പാരന്റിങ് കമ്പനി ആയ മെറ്റയും ഡല്‍ഹി ഹൈക്കോടതില്‍ ഹരജി നല്‍കിയിരുന്നു. ഈ നിയമത്തിലെ സെക്ഷന്‍ 4 (2) ചോദ്യം ചെയ്താണ് വാട്സ് ആപ്പ് ഹൈക്കോടതിയില്‍ എത്തിയത്. ചാറ്റുകളുടെ ഉറവിടം കണ്ടെത്താന്‍ സര്‍ക്കാരുകളെ അനുവദിക്കുന്നതാണ് ഈ നിയമം.

‘എന്നാൽ ഞങ്ങളുടെ അടിസ്ഥാനപരമായ അവകാശത്തെ ആണ് ഈ നിയമം ഹനിക്കുന്നത്, നിങ്ങള്‍ ഞങ്ങളോട് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍ വാട്സ്ആപ്പ് ഇന്ത്യ വിടും. ലോകത്ത് മറ്റെവിടെയും ഇത്തരം നിയമങ്ങള്‍ ഇല്ല’, കമ്പനി കോടതിയോട് പറഞ്ഞു.

ആളുകള്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നത് എന്‍ക്രിപ്ഷന്‍ സംവിധാനം ഉള്ളത് കൊണ്ട് മാത്രമാണ്, ഇന്ത്യയിലെ ഈ നിയമം അനുസരിച്ചാല്‍ ഞങ്ങള്‍ക്ക് എന്‍ക്രിപ്ഷന്‍ എടുത്തുകളയേണ്ടി വരും. അത് സാധ്യമല്ല, ഇവിടെ രണ്ടു അവകാശങ്ങള്‍ ഉണ്ട്. ഒന്ന്, ഞങ്ങളുടെ സ്വകാര്യത മാനിക്കണം രണ്ട്, ഗവണ്‍മെന്റിന് അറിയാനുള്ള അവകാശവുമുണ്ട്.

.

ഒരു തീവ്രവാദി സന്ദേശം അയച്ചാല്‍ അവനെ പിടികൂടുക തന്നെ വേണം, പക്ഷെ അതിനായി സ്വകാര്യത ഇല്ലാതാക്കുന്നത് ഞങ്ങള്‍ക്കുമേലുള്ള അവകാശ ലംഘനമാണ്, കമ്പനി കൂട്ടിച്ചേര്‍ത്തു. സന്ദേശമയയ്ക്കുന്നവര്‍ക്കും അത് സ്വീകരിക്കുന്നവര്‍ക്കും മാത്രം ഉള്ളടക്കം ആക്‌സസ് ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ള വാട്സ് ആപ്പിന്റെ സംവിധാനമാണ് എന്‍ഡ് ടു എന്‍ഡ് എന്‍സ്‌ക്രിപ്ഷന്‍.

.

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുക എന്നതാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിലൂടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്.തങ്ങളുടെ എന്‍ക്രിപ്ഷന്‍ ഡീകോഡ് ചെയ്യാന്‍ ഇന്ത്യയിലെ ഏതെങ്കിലും സോഷ്യല്‍ മീഡിയ കമ്പനിക്ക് സാധിക്കുമോ എന്ന് സര്‍ക്കാര്‍ പറയണമെന്നും വാട്സ്ആപ്പ് കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ വാദം കേള്‍ക്കുന്നത് കോടതി ഓഗസ്റ്റ് 14 ലേക്ക് നീട്ടി വച്ചു.

.

ഇന്ത്യയിലെ ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ 2021 ല്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ഈ നിയമം കൊണ്ടുവന്നത്. ഇതുവഴി സര്‍ക്കാരിന് കോടതി ഉത്തരവിലൂടെ ആളുകളുടെ സ്വകാര്യതയിലേക്ക് എളുപ്പം ചെന്നെത്താനാകും. വാട്സ്ആപ്പ് വഴിയുള്ള ആശയവിനിമയമുള്‍പ്പെടെ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.

.

നിയമപരമായി തന്നെ മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെങ്കിൽ  ഇന്ത്യയിൽ വാട്സ് ആപ്പ് പ്രവർത്തന രഹിതമാകും. അതോടെ വാട്സ് ആപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെ ദോഷകരമായി  ബാധിക്കുകയും ചെയ്യും.

.

 

Share
error: Content is protected !!