ഗസ്സക്കെതിരായ യുദ്ധകുറ്റം: ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി കടുത്ത നടപടിയിലേക്ക്; നെതന്യാഹു, പ്രതിരോധ മന്ത്രി, കരസേനാ മേധാവി എന്നിവർക്കെതിരെ അറസ്റ്റിന് സാധ്യത
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ്, കരസേനാ മേധാവി ഹെർസി ഹാലെവി എന്നിവർക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ സാധ്യത.
ഗസ്സക്കെതിരായ യുദ്ധകുറ്റത്തിൻ്റെ പേരിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ്, കരസേനാ മേധാവി ഹെർസി ഹാലെവി എന്നിവർക്കെതിരെ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ സാധ്യത. അറസ്റ്റിനുള്ള സാധ്യത വർധിച്ചതോടെ സംഭവത്തെകുറിച്ച് ഇസ്രായേൽ സർക്കാർ ആശങ്കയോടെ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രായേലി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി പറഞ്ഞു.
.
അറസ്റ്റ് വാറണ്ടിൻ്റെ സാധ്യത വർധിച്ചതോടെ നെതന്യാഹുവിൻ്റെ ഓഫീസിൽ അടിയന്തരവും ഗൗരവമേറിയതുമായ ചർച്ച നടന്നതായി കമ്മീഷൻ സൂചിപ്പിച്ചു. ഗാസ മുനമ്പിലെ മാനുഷിക പ്രതിസന്ധിയെക്കുറിച്ച്, വിവിധ രാജ്യങ്ങളുടെ പ്രസ്താവനകൾക്ക് പുറമെ, ഗാസയിലെ സാധാരണ ജനങ്ങളുടെ അവകാശങ്ങൾ ഇസ്രായേൽ ലംഘിച്ചതും, നാലം ജനീവ കൺവെൻഷൻ ലംഘിച്ചതും ഇസ്രായേലിന് തിരിച്ചടിയായതായാണ് വിലയിരുത്തൽ.
.
ഗാസ മുനമ്പിലെ സൈനിക ഓപ്പറേഷൻ കാരണം ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി തനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് നെതന്യാഹു അഗാധമായ ആശങ്ക പ്രകടിപ്പിച്ചതായി ഇസ്രായേലി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് തടയാൻ കഴിഞ്ഞ ദിവസങ്ങളിൽ നെതന്യാഹു വലിയ ശ്രമങ്ങൾ നടത്തിയെന്നും, പ്രത്യേകിച്ച് വാഷിംഗ്ടണുമായി വിപുലമായ ബന്ധങ്ങൾ നടത്തിയെന്നും ഹീബ്രു പത്രമായ മാരിവ് റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെ പരോക്ഷമായി സമ്മർദ്ദത്തിലാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.
.
അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ സമയത്തിൻ്റെ പ്രശ്നം മാത്രമാണ് ബാക്കിയുള്ളതെന്നും, നെതന്യാഹുവിന് പുറമെ, ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ്, ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഹെർസി ഹാലെവി എന്നിവരും ഉൾപ്പെടാമെന്നും മാരിവ് പത്രം റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ചേക്കാവുന്ന ഏത് തീരുമാനങ്ങളെയും കുറച്ചുകാണിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ നെതന്യാഹു പ്രസ്താവനകളിറക്കിയത്. കോടതിയുടെ തീരുമാനങ്ങൾ കൊണ്ടൊന്നും ഗസക്കെതിരായ ഇസ്രായേൽ നടപടികൾ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള സാധ്യത അപകടകരമായ ഒരു മാതൃകയാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടേത് ഇസ്രയേലിൻ്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ ഹനിക്കാനുള്ള ശ്രമമാണെന്നും ഇത് അംഗീകരിക്കില്ലെന്നും നെതന്യാഹു ട്വീറ്റ് ചെയ്തിരുന്നു.
.
എന്നാൽ അന്താരാഷ്ട്ര കോടതിക്കെതിരെയുള്ള നെതന്യാഹുവിൻ്റെ ട്വീറ്റ് ഇസ്രായേലിലെ മുതിർന്ന ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചതായി ഇസ്രായേലി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി പറഞ്ഞു. ഇസ്രായേൽ ഉദ്യോഗസ്ഥർ നെതന്യാഹുവിൻ്റെ ട്വീറ്റ് ഒരു ഭീഷണിയായാണ് വ്യാഖ്യാനിക്കുന്നുവെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
അതേ സമയം അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നതിൽ നിന്ന് തടയാനുള്ള അവസാന നയതന്ത്ര ശ്രമത്തിലാണ് അമേരിക്കയെന്ന് നിരവധി ഇസ്രായേലി മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പറയുന്നു.