ചരിത്രത്തിലേക്ക് ചുവടുവെച്ച് സൗദിയിൽ മലയാളി മങ്കമാരുടെ മെഗാ തിരുവാതിര

പ്രവാസി സമൂഹത്തിന് വിസ്മയ കാഴ്ച സമ്മാനിച്ച്  കേളി കുടുംബവേദി റിയാദിൽ ഒരുക്കിയ മെഗാ തിരുവാതിര ശ്രദ്ധേയമായി. കേളി കലാസാംസ്കാരിക വേദിയുടെ 23- ആം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ്  മലാസ് ലുലു റൂഫ് അരീനയിൽ കുടുംബവേദി മെഗാ തിരുവാതിര ഒരുക്കിയത്. 96 വനിതകൾ പങ്കെടുത്ത തിരുവാതിരയിൽ 20,32,44 എന്നിങ്ങനെ മൂന്ന് റൗണ്ടുകളായാണ്  തിരുവാതിരകളിക്കാർ അണിനിരന്നത്.

.

മലയാള ഭാഷയെ ചിലങ്കകെട്ടിയാടിച്ച ചങ്ങമ്പുഴയുടെ കാവ്യനർത്തകി എന്ന കവിതയും എൻ. കെ ദേശത്തിന്റെ ആനകൊമ്പൻ എന്ന കവിതയും കോർത്തിണക്കി ഇന്ദുമോഹനും,സീബ കൂവോടുമാണ് തിരുവാതിര ചിട്ടപ്പെടുത്തിയത്. കലയ്ക്ക് ജാതിയും,മതവും,നിറവും നൽകി വേർതിരിക്കാൻ ചിലർ ശ്രമിക്കുമ്പോൾ,കല മനുഷ്യന്റെതാണെന്നു പറയാൻ കൂടി കേളി കുടുംബവേദി ഈ തിരുവാതിരയിലൂടെ ശ്രമിച്ചിട്ടുണ്ട്. 9 മിനുട്ട് നീണ്ടുനിന്ന പരിപാടി തിങ്ങി നിറഞ്ഞ മലയാളികളായ കാണികളിൽ ആവേശവും, ഇതര ഭാഷക്കാരിൽ അത്ഭുതവും ഉളവാക്കി.

.

തിരുവാതിരയിൽ പങ്കെടുത്ത എല്ലാവർക്കും കേളി സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ എന്നിവർ മൊമെന്റോ കൈമാറി. അൽഖർജ്, ഹോത്ത, തുടങ്ങി റിയാദിലെ വിവിധ പ്രവിശ്യയിൽ നിന്നുള്ളവരടക്കം തിരുവാതിരയിൽ അണി നിരന്നു. ജനുവരി മാസം മുതൽ കേളി കുടുംബവേദിയുടെ കലാ അക്കാദമി പരിശീലനസ്ഥലത്തും തുടർന്ന് കുടുംബവേദി അംഗം സിനുഷയുടെ വസതിയിൽ വെച്ചുമാണ് പരിശീലനം നടന്നത്. വിദ്യാർഥികൾ, അധ്യാപകർ, വീട്ടമ്മമാർ,  നേഴ്സ്‌മാർ, മറ്റു ഇതര മേഖലകളിൽ ജോലി ചെയ്യുന്നവർ തുടങ്ങി  വിവിധ മേഖലകളിൽ നിന്നുള്ളവരാണ് തിരുവാതിരയിൽ പങ്കാളികളായത്.

.

വിദൂരങ്ങളിൽ ഉള്ളവരെ ചെറു ഗ്രൂപ്പുകളായി തിരിച്ചും മാസത്തിലൊരിക്കൽ എല്ലാവരെയും ചേർത്തുനിർത്തിയുമാണ് പരിശീലനം പൂർത്തിയാക്കിയത്. കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, ഇന്ദു മോഹൻ, പ്രിയ വിനോദ്, ശ്രീഷ സുകേഷ്, ഗീത ജയരാജ്‌, സജീന വി.എസ്, സോവിന, സിനുഷ ധനീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

.

Share
error: Content is protected !!