തൃണമൂൽ നേതാക്കളെ അറസ്റ്റ് ചെയ്ത എൻഐഎക്ക് ബംഗാൾ സർക്കാരിൻ്റെ തിരിച്ചടി; ലൈംഗികാതിക്ര പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരെ കേസ്
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ റെയ്ഡിന് എത്തിയ എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്ത് ബംഗാൾ സർക്കാരിന്റെ തിരിച്ചടി. മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ 2022ലെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ വീട്ടിൽ ഇന്നലെ എൻഐഎ ഉദ്യോഗസ്ഥർ റെയ്ഡിന് എത്തിയത്. തുടർന്ന് ബാലയ്ചരൺ മൈത്രി, മനോബ്രത ജാന എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ കുടുംബാംഗങ്ങളുടെ പരാതിയിലാണ് എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ ലൈംഗികാതിക്രമം ഉൾപ്പെടെ ചുമത്തി കേസെടുത്തത്.
.
ഈസ്റ്റ് മിഡ്നാപുരിൽ താമസിക്കുന്ന നേതാക്കളുടെ വസതിയിലായിരുന്നു റെയ്ഡ്. വിശദമായ പരിശോധനയ്ക്കു പിന്നാലെ തൃണമൂൽ നേതാക്കളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളുമായി കൊൽക്കത്തയിലേക്കു മടങ്ങുംവഴി എൻഐഎ സംഘത്തിന്റെ വാഹനം തടഞ്ഞ് ആൾക്കൂട്ടം കല്ലെറിഞ്ഞിരുന്നു. ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥന് പരുക്കേറ്റു. പിന്നീട് കേന്ദ്ര സേനയെത്തിയ ശേഷമാണ് ഉദ്യോഗസ്ഥർക്ക് മടങ്ങാൻ കഴിഞ്ഞത്.
അർധരാത്രി പൊലീസിനെ അറിയിക്കാതെയാണ് എൻഐഎ ഉദ്യോഗസ്ഥർ റെയ്ഡിനു പോയതെന്നും യഥാർഥ പ്രതികൾ എൻഐഎ ആണെന്നും മുഖ്യമന്ത്രി മമത ബാനർജി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റിലായവരുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ ലൈംഗികാതിക്രമം ഉൾപ്പെടെ ചുമത്തി കേസ് റജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ മനോബ്രത ജാനയുടെ ഭാര്യ മോനി ജാന ഉൾപ്പെടെയുള്ളവരാണ് ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പൊലീസിൽ പരാതി നൽകിയത്.
മുൻപ് ബംഗാളിലെ തന്നെ സന്ദേശ്ഖലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ക്കിന്റെ വീട്ടിൽ റെയ്ഡിനു പോയ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
.