നിമിഷ പ്രിയയെ സന്ദർശിക്കാൻ അമ്മക്ക് യെമനിൽ പോകാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി; തടയുന്നതെന്തിനെന്ന് കേന്ദ്രത്തോട് കോടതി

യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് മകളെ സന്ദർശിക്കാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി. മകളെ യെമനിൽ പോയി സന്ദര്‍ശിക്കാനുള്ള അനുവാദം തേടി അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. തുടർ നടപടികള്‍ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദേശം നൽകി.

മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം തടയുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. അനുമതി നൽകുന്നതിനെ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തിരുന്നു. ഇത് പരിഗണിക്കാതെയാണ് ഹൈക്കോടതി ഉത്തരവ്.

മോചന ചർച്ചകൾക്കായി യെമൻ സന്ദർശിക്കാൻ അനുവദിക്കണമെന്ന കുടുംബത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹർജി നൽകിയത്. യെമനിൽ പോയി മകളെ സന്ദർശിക്കാൻ കോടതി അടിയന്തരമായി ഇടപെടണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. കോടതിയുടെ കരുണയിലാണ് നിമിഷയുടെ ജീവിതമെന്നും ചൂണ്ടിക്കാട്ടി.

യെമനിൽ സൗകര്യം ഒരുക്കാൻ തയാറായവരുടെ പട്ടിക കോടതിക്ക് കൈമാറി. മുൻപ് യെമനിൽ ജോലി ചെയ്ത ഇന്ത്യക്കാരാണ് പട്ടികയിലുള്ളവർ. ഇവരോട് സത്യവാങ്മൂലം സമർപ്പിക്കാൻ ‍‍ഡൽഹി ഹൈക്കോടതി നിർദേശം നൽകിയിരുന്നു. യെമനിൽ പ്രേമകുമാരിയെ സഹായിക്കാൻ സന്നദ്ധത അറിയിച്ച തമിഴ്നാട് സ്വദേശി സാമുവേൽ ജെറോമിന്റെ വിവരങ്ങൾ കോടതിയെ അറിയിച്ചു. പ്രേമകുമാരിക്കൊപ്പം യാത്ര ചെയ്യാൻ സന്നദ്ധത അറിയിച്ച രണ്ട് മലയാളികളുടെ വിവരങ്ങളും ധരിപ്പിച്ചു. ഇതിനു പിന്നാലെയാണ് കോടതി പ്രേമകുമാരിക്ക് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്.

മോചനത്തിനായി കുടുംബം ഇപ്പോൾ യെമൻ സന്ദർശിക്കുന്നത് ഉചിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ നേരത്തെ അനുമതി നിഷേധിച്ചത്. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു നിമിഷപ്രിയയുടെ അമ്മയ്ക്കു വിദേശകാര്യ മന്ത്രാലയം കത്തു നൽകിയിരുന്നു. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബം നഷ്ടപരിഹാരം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവു ലഭിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു കുടുംബത്തിന്റെ വാദം.

പ്രേമകുമാരി, നിമിഷപ്രിയയുടെ മകൾ, സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിൽ ട്രഷറർ കുഞ്ഞഹമ്മദ് നടുവിലക്കണ്ടി, കോർ കമ്മിറ്റിയംഗം സജീവ് കുമാർ എന്നിവരാണു യെമനിലേക്കു യാത്രാനുമതി തേടിയത്. എന്നാൽ, കുടുംബം യെമൻ സന്ദർശിച്ചാൽ അവിടെ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിനു സാധിക്കില്ലെന്നു വിദേശകാര്യ മന്ത്രാലയം നൽകിയ കത്തിൽ അറിയിച്ചു. യെമനിലെ ആഭ്യന്തര സാഹചര്യങ്ങൾ കാരണം ഇന്ത്യൻ എംബസി ജിബൂട്ടിയിലാണ് പ്രവർത്തിക്കുന്നത്. സനയിലെ സർക്കാരുമായി ഔപചാരിക ബന്ധമില്ല. കേസിൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കത്തിൽ പറയുന്നു. വധശിക്ഷയ്‌ക്കെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ കഴിഞ്ഞ മാസം യെമനിലെ സുപ്രീം കോടതി തള്ളിയിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!