ആക്രമണം ശക്തമാക്കി ഇസ്രായേൽ, ഗസ്സയിൽ മരണം 1,200 കടന്നു; ബന്ദികളായിരുന്ന സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചതായി ഹമാസ്; – വീഡിയോ

ഗാസയില്‍ ബന്ദികളാക്കിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ ഹമാസ് കൈവിലങ്ങണിയിച്ച് കൊലപ്പെടുത്തുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡിഎഫ്) ആരോപിച്ചു. സിനിമകളിലെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ക്ക് സമാനമായ കാഴ്ചകളാണ് ഹമാസ് ആക്രമണം നടത്തിയ സ്ഥലങ്ങളിലെത്തിയ ഇസ്രയേല്‍ സേനയ്ക്ക് കാണാന്‍ കഴിഞ്ഞതെന്ന് ഐഡിഎഫ് വക്താവ് ജോനാഥന്‍ കോണ്‍റിക്കസ് പറഞ്ഞു.

എന്നാല്‍, ഇസ്രായേലിൻ്റെ ആരോപണം ഹമാസ് തള്ളി. ഇസ്രയേലി യുവതിയേയും രണ്ട് കുട്ടികളെയും മോചിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് ആരോപണം ഹമാസ് നിഷേധിക്കുന്നത്. ഇസ്രയേല്‍ – ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെയാണ് ബന്ദികളോടുള്ള ക്രൂരത ചൂണ്ടിക്കാട്ടി ഇസ്രയേലും ഹമാസും രംഗത്തെത്തിയിട്ടുള്ളത്.

 

കുഞ്ഞുങ്ങളെപ്പോലും കൊലപ്പെടുത്തുന്ന തരത്തിലുള്ള പ്രാകൃത നടപടികളാണ് ഹമാസ് കൈക്കൊള്ളുന്നത് എന്നായിരുന്നു ഇസ്രയേലിന്റെ ആരോപണം. എന്നാല്‍, തടവിലാക്കിയ ഒരു ഇസ്രയേല്‍ യുവതിയെയും അവരുടെ രണ്ട് മക്കളെയും വെറുതെ വിടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ഹമാസ് മറുപടി നല്‍കുന്നത്. ഹമാസ് ടെലിവിഷന്‍ നെറ്റ്വര്‍ക്കായ അല്‍-അഖ്സയാണ് ദൃശ്യം പുറത്തുവിട്ടത്.

ബന്ദികളായിരുന്ന സ്ത്രീകളെയും കുട്ടികളെയും മോചിപ്പിച്ചതായി ഹമാസ് വ്യക്തമാക്കി. ഇതിന് പകരമായി ഇസ്രായേൽ ജയിലിലുള്ള ഹമാസിന്റെ വനിത തടവുകാരെ മോചിപ്പിക്കുമെന്നാണ് വിവരം. ഈ വിഷയത്തിൽ ഖത്തർ വിദേശകാര്യ മന്ത്രി ഇടപെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് വിവരം ലഭിച്ചിരുന്നു. വിട്ടുവീഴ്ച്ചക്ക് തയാറാല്ലാതിരുന്ന ഇസ്രായേലിനും ഹമാസിനുമിടയിൽ ചെറിയ ചലനങ്ങൾ ഉണ്ടാകുന്നതായാണ് സൂചന. അത് കൊണ്ട് തന്നെയാണ് കരയുദ്ധം തുടങ്ങാതിരിക്കുന്നതും.

ഹമാസിന്റെ കൈകളിൽ അമേരിക്ക, യുകെ പൗരന്മാരടക്കം 150 ബന്ധികളുണ്ടെന്നാണ് ഇസ്രായേലിന്റെ കണക്കുകൂട്ടൽ. ഇവരെ വിട്ടുകിട്ടിയ ശേഷം കരയുദ്ധം തുടങ്ങാമെന്നാണ് അവരുടെ ധാരണ. എന്നാൽ അവരെ കണ്ടെത്താൻ സാധിക്കില്ലെന്നാണ് ഹമാസ് പറയുന്നത്. അവരെ ഭൂഗർഭ അറകളിൽ താമസിപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞു. അതിനാൽ വ്യോമാക്രമണം നടത്താൻ ഇസ്രായേലിന് കഴിയുകയുമില്ല. നിലവിൽ ഹമാസ് വിട്ടുകൊടുത്തത് ചുരുക്കം ചിലരെ മാത്രമാണ്.

 

അതേസമയം, തുടർച്ചയായ ആറാം ദിനവും ഗസ്സയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുകയാണ്. ഖാൻ യൂനിസിലെ അൽ-അഗ കുടുംബത്തിന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ മരിച്ചവരുടെ എണ്ണം വർധിച്ചു. എല്ലാവരേയും കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് കണ്ടെത്താൻ ആംബുലൻസ് ടീമുകൾക്ക് കഴിയാതിരുന്നതിനാൽ, മരച്ചവരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ഇസ്രായേൽ ആക്രമണത്തിൽ ഇത് വരെ മരിച്ചവരുടെ എണ്ണം 1200 കടന്നു. വെള്ളവും ഭക്ഷണവുമടക്കം അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമാണ്. ഇത് വരെ 2,63,000 ത്തിലധികം ആളുകൾക്ക്  ഗസ്സയിൽ വീടുകൾ നഷ്ടമായി. ഗസ്സയിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടിരിക്കുകയാണ്. കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 220 ആയിട്ടുണ്ട്. ഇരു പക്ഷത്തുമായി ഇത് വരെ 2300 ഓളം പേർ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതിനിടെ, കരയുദ്ധത്തിന് തയ്യാറായി ഇസ്രായേൽ സൈന്യം അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം, വിഷയത്തിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദും യുഎസ് പ്രസിഡന്റ് ബൈഡനും ചർച്ച നടത്തി.

 

അതിനിടെ, ഇസ്രായേലിൽ വിശുദ്ധ കേന്ദ്രങ്ങൾ സന്ദർശിക്കാൻ പോയി കുടുങ്ങിയ 45 അംഗ സംഘം കേരളത്തിൽ തിരിച്ചെത്തി. ആശങ്ക നിറഞ്ഞ മണിക്കൂറുകളെ അതിജീവിച്ചാണ് ഇവർ തിരികെയെത്തിയത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!