ഐഫോൺ 15 പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി; ദുബായിലെ ആപ്പിൾ സ്റ്റോറിലേക്ക് ജനങ്ങളുടെ കുത്തൊഴുക്ക് – വീഡിയോ
പുതിയ മോഡൽ ഐഫോൺ 15 പുറത്തിറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ദുബായ് മാളിലെ ആപ്പിൽ സ്റ്റോറിൽ നൂറുകണക്കിന് ആളുകൾ തടിച്ച് കൂടി. സ്റ്റോറിൽ നിന്നും തെരുവിലേക്ക് നീളുന്ന നീണ്ട ക്യൂവാണ് ദൂബായ് മാളിൽ. തിങ്ങി നിറഞ്ഞ ജനങ്ങൾ ഷോപ്പിലേക്ക് ഇടിച്ച് കയറാതിരിക്കാൻ അധികൃതർ ബാരിക്കേഡുകൾ സ്ഥാപിച്ചു. ദുബായിലെ മാൾ ഓഫ് എമിറേറ്റ്‌സിലും വൻ ജനക്കൂട്ടം രൂപപ്പെട്ടു, ജനക്കൂട്ടത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു.
സെപ്റ്റംബർ 22 വെള്ളിയാഴ്ച ഐഫോൺ 15 യുഎഇ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ അവതരിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതനുസരിച്ചാണ് പുതിയ ഫോണ് വാങ്ങുവാനായി ആളുകൾ ആപ്പിൾ സ്റ്റോറിന് മുന്നിൽ തടിച്ച് കൂടിയത്. ദുബായ് മാളിൽ ഉച്ചകഴിഞ്ഞ് നൂറുകണക്കിന് ആളുകൾ ക്യൂ നിൽക്കാൻ തുടങ്ങി, രാത്രി 7 മണിയോടെ ജനക്കൂട്ടം ഗണ്യമായി വർദ്ധിച്ചു. ഇതോടെ ജനങ്ങളെ നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാർ ഉച്ചഭാഷിണികളിലൂട അറിയിപ്പുകൾ നൽകാൻ തുടങ്ങി.
എന്നാൽ ഐഫോൺ 15 വാങ്ങാനെത്തിയവരോട് മറ്റു ദിവസങ്ങളിൽ വരാനോ, ഓൺലൈനിൽ ബുക്ക് ചെയ്യാനോ മാളിലെ സെക്യൂരിറ്റി ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും ജനങ്ങൾ പിരിഞ്ഞ് പോകാൻ തയ്യാറായില്ല. ഞങ്ങൾ നാളത്തെ ആ മഹത്തായ ദിവസത്തിനായി തയ്യാറെടുക്കുകയാണെന്നും ഇപ്പോൾ, കടകൾ അടക്കുകയാണെന്നും സെക്യൂരിറ്റി ജീവനക്കാർ അറിയിച്ചു.
വിദേശികളിൽ പലരും പുതിയ മോഡൽ സ്വന്തമാക്കാനായി മണിക്കൂറുകളെണ്ണി കാത്തിരിക്കുകയായിരുന്നു. ഉസ്ബെക്കിസ്ഥാൻ പ്രവാസിയായ അസീസ് കരിമോവ തന്റെ മുൻകൂട്ടി ബുക്ക് ചെയ്ത ഫോൺ എങ്ങനെ സ്വീകരിക്കുമെന്ന് പരിശോധിക്കാൻ വൈകുന്നേരം 4 മണിക്ക് തന്നെ മാളിൽ എത്തി. “ഞാൻ അടുത്തിടെ ദുബായിലേക്ക് താമസം മാറി, ഇവിടുത്തെ അവസ്ഥ എനിക്കറിയില്ല. സോഷ്യൽ മീഡിയയിൽ കുറച്ച് വീഡിയോകൾ കണ്ടതിന് ശേഷം ഞാൻ ദുബായ് മാളിലേക്ക് പോയി,” കരിമോവ പറഞ്ഞു.
Hundreds of Apple superfans line up at Dubai malls to be first in line for the iPhone 15 – a day before it goes on sale pic.twitter.com/3zBtI7uEAG
— The National (@TheNationalNews) September 21, 2023
ഈ മാസം 15 മുതൽ തന്നെ യുഎഇയിൽ ഐ ഫോൺ 15 സീരിസിനായുള്ള ഓഡറുകൾ സ്വീകരിച്ച് തുടങ്ങിയിരുന്നു. 3399 ദിർഹം മുതലാണ് വില ആരംഭിക്കുന്നത്. ഉപോഭക്താക്കൾക്ക് ഈ മാസം 22 മുതൽ പുതിയ ഐ ഫോൺ ആപ്പിൾ സ്റ്റോറുകളിൽ ലഭ്യമായി തുടങ്ങുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. കറുപ്പ്, നീല, പച്ച, പിങ്ക്, മഞ്ഞ നിറങ്ങളിൽ ഐ ഫോൺ 15ഉം 15 പ്ലസും ലഭ്യമാണ്.
ബ്ലാക് ടൈറ്റാനിയം, ബ്ലു ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം എന്നീ നിറങ്ങളിൽ 15 പ്രോ ലഭിക്കും. യുഎസ്ബി സി പോർട്ടും വേഗതയേറിയ പുതിയ ചിപ്സെറ്റ് എ17നുമാണ് പുതിയ സീരിസിന്റെ പ്രത്യേക. ആപ്പിളിൻ്റെ ഐ ഫോൺ പതിനഞ്ചിന് തുടക്കത്തിലെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് യുഎഇ ആസ്ഥാനമായുള്ള റീട്ടെയ്ലർമാർ പറഞ്ഞു.
ഇതോടെ 14 സിരീസിന്റെ വില കുറഞ്ഞു. 2999 ദിർഹം മുതൽ ഐ ഫോൺ 14 ലഭ്യമായി തുടങ്ങി. 14 പ്ലസിന് 3999 ദിർഹം ആണ് നിലവിലെ വില. ആപ്പിൽ വെബ് സൈറ്റിൽ പക്ഷെ 14 പ്രോ മോഡൽ നിലവിൽ ലഭ്യമല്ല. പുതിയ ആപ്പിൾ വാച്ചുകളും എയർപോഡ് പ്രോയും 22ന് മുതൽ സ്റ്റോറുകളിൽ ലഭ്യമായി തുടങ്ങും.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക