ഭാര്യയെ അക്ഷയ സെൻ്ററിൽ കയറി തീവെച്ചു കൊന്നു; ഭർത്താവ് കഴുത്തുമുറിച്ച് കിണറ്റിൽ ചാടി മരിച്ചു

കൊല്ലം: പാരിപ്പിള്ളി അക്ഷയ സെന്റര്‍ ജീവനക്കാരിയെ പെട്രോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കഴുത്തുമുറിച്ച് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. നാവായിക്കുളം സ്വദേശി റഹീമാണ് ഭാര്യ നദീറയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. (ചിത്രത്തിൽ നദീറ, റഹീം)

പാരിപ്പള്ളി അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു നദീറ. രണ്ട് വർഷത്തോളമായി ഇവർ ഇവിടെ ജോലി ചെയ്യുന്നു. രാവിലെ ഇവര്‍ ജോലിസ്ഥലത്തെത്തിയിരുന്നു. പിന്നാലെ കോട്ട് ധരിച്ച് ഹെൽമറ്റ് ഇട്ട് മുഖം മറച്ചെത്തിയ റഹീം ഇവരെ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഭാര്യയുടെ മരണം ഉറപ്പാക്കിയതിന് ശേഷം കത്തി വീശി പുറത്തേക്ക് പോയ ഇയാള്‍ സ്വയം കഴുത്തറുത്തതിന് ശേഷം കിണറ്റില്‍ ചാടുകയായിരുന്നു. അ​ഗ്നിശമന സേനയെത്തി ഇയാളെ പുറത്തെടുക്കുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.

ഒരു മാസം മുന്‍പ് നദീറയെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന റഹീം 3 ദിവസം മുന്‍പാണ് ജയില്‍മോചിതനായത്. ഇയാൾ അതിക്രൂരമായി ഇവരെ അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. പള്ളിക്കല്‍ പോലീസില്‍ വധശ്രമത്തിനുള്‍പ്പെടെ ഇയാള്‍ക്കെതിരെ കേസുണ്ട്. ഭാര്യയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന ഇയാള്‍ പലകുറി ഇവരെ പിന്തുടരുകയും ചെയ്തിരുന്നു.

മക്കളെ വളര്‍ത്താനാണ് ഇയാളുടെ പീഡനമെല്ലാം സഹിക്കുന്നതെന്ന് നദീറ പറഞ്ഞിരുന്നതായി നദീറയുടെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ദാമ്പത്യപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share