ജിദ്ദ വിമാനത്താവളത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു; എയര്‍ സെയ്‌ഷെൽസ് വിമാനത്തിന് അടിയന്തിര ലാൻഡിംഗ്

സൗദിയിൽ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് അടിയന്തിര ലാന്റിംഗ്. എയര്‍ സെയ്‌ഷെൽസ് വിമാനമാണ് അടിയന്തിരമായി ജിദ്ദയിൽ ഇന്നലെ രാത്രി ലാൻ്റ് ചെയ്തത്.  കോക്പിറ്റിൽ നിന്ന് പുകയുടെ ഗന്ധം പുറപ്പെട്ട് തുടങ്ങിയതോടെ പൈലറ്റ് കൺട്രോൾ ടവറുമായി ബന്ധപ്പെട്ട് അടിയന്തിര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു.

എയര്‍ സെയ്‌ഷെൽസിൻ്റെ SEY022 നമ്പർ വിമാനത്തിൽ നിന്ന് ഇന്നലെ (തിങ്കളാഴ്ച) രാത്രി ഒരു അപകട സാധ്യത കോൾ ലഭിച്ചതായി കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം സ്ഥിരീകരിച്ചു. തുടർന്ന് വിമാനത്താവളത്തിൽ അടിന്തിരാവസ്ഥ പ്രഖ്യാപിച്ചു. എയർപോർട്ടിലെ എമർജൻസി ഓപ്പറേഷൻ സിറ്റുവേഷൻ മാനേജ്‌മെന്റ് റൂം അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തി. ശേഷം വിമാനത്തിന് അടിയന്തിര ലാൻഡിംഗിന് അനുമതി നൽകി. തുടർന്ന് ഇന്നലെ (തിങ്കളാഴ്‌ച) രാത്രി കൃത്യം 8:40 ന് സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്തു.

3 കുട്ടികളുള്‍ക്ക് പുറമെ 128 യാത്രക്കാരും 6 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ ടെർമിനൽ 1 ലെ എയർപോർട്ട് ഹോട്ടലിൽ പാർപ്പിച്ചിരിക്കുകയാണ്. ആറ് ജീവനക്കാരേയും ഹോട്ടലിലേക്ക് മാറ്റി. പകരം മറ്റൊരു വിമാനം തരപ്പെടുത്തി യാത്ര തുടരുമെന്ന് എയർലൈൻ അറിയിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!