സൗദിയിലേക്ക് മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസയിൽ വരുന്നവർക്ക് വിസിറ്റ് വിസക്കാരുടെ ആനുകൂല്യങ്ങൾ ലഭിക്കില്ല; ഈ വ്യത്യാസങ്ങൾ തിരിച്ചറിയുക

റിയാദ്: വിനോദ സഞ്ചാരികൾക്കായി സൗദി അറേബ്യ അനുവദിക്കുന്ന ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസയിൽ രാജ്യത്തെത്തി തങ്ങാനാകുക പരമാവധി 90 ദിവസം മാത്രം. കുടുംബ സന്ദർശന വിസ, ബിസിനസ് വിസ, സൗദി സ്വദേശികൾക്ക് അവരുടെ സുഹൃത്തുക്കളെ കൊണ്ട് വരാൻ അനുവദിക്കുന്ന വ്യക്തിഗത വിസ എന്നിവകളിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് വർഷം മുഴുവൻ താമസിക്കാൻ അനുവാദമുണ്ടായിരിക്കെയാണ് ടൂറിസം വിസക്ക് മാത്രം 90 ദിവസമെന്ന നിബന്ധന. മറ്റ് വിസിറ്റ് വിസകളിൽ നിന്ന് ടൂറിസം വിസയെ വ്യത്യസ്തമാക്കുന്ന ഈ പ്രത്യേകത അറിയാതെ ചിലരൊക്കെ വന്ന് കുടുങ്ങുന്ന അനുഭവങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ടൂറിസം വിസയൊഴികെ മേൽപ്പറഞ്ഞ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകളിലെല്ലാം ഒരു വർഷം വരെ രാജ്യത്ത് തങ്ങാൻ കഴിയും. 90 ദിവസം പൂർത്തിയാകും മുമ്പൊന്ന് പുറത്തുപോയി വരണമെന്ന നിബന്ധന പാലിക്കണമെന്ന് മാത്രം. എന്നാൽ ഈ സൗകര്യം ടൂറിസം വിസക്കില്ല എന്ന് അറിയാതെ കുടുംബങ്ങളടക്കമാണ് വന്ന് കുടുങ്ങിയത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ടൂറിസം വിസ സംബന്ധിച്ച അറിയിപ്പുകളിൽ തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ടെങ്കിലും പലരും അത് ശ്രദ്ധിക്കുന്നില്ല. ഒരു വർഷത്തിനിടയിൽ എപ്പോൾ വേണമെങ്കിലും രാജ്യത്തേക്ക് വരികയും പുറത്തുപോവുകയും ചെയ്യാം. പക്ഷേ അങ്ങനെ വരുന്നവർ ആകെ രാജ്യത്ത് തങ്ങുന്ന ദിവസങ്ങളുടെ എണ്ണം  90 ദിവസത്തിൽ കൂടാൻ പാടില്ല. അതായത് ടൂറിസം വിസയിൽ വന്ന് ഒറ്റത്തവണയായി 90 ദിവസം വരെ തങ്ങാം, അല്ലെങ്കിൽ ഒരു വർഷത്തിനിടയിൽ പല തവണകാളായി വന്ന് ആകെ 90 ദിവസം രാജ്യത്ത് തങ്ങി തിരിച്ച് പോകുകയും ചെയ്യാം.  90 ദിവസത്തിൽ കൂടിയാൽ രാജ്യത്തിന് അകത്താണെങ്കിൽ പിന്നീടുള്ള ഓരോ ദിവസത്തിനും 100 സൗദി റിയാൽ വെച്ച് പിഴ നൽകേണ്ടി വരും. ഈ തുക അടച്ചതിന് ശേഷമേ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി രാജ്യം വിടാനാകൂ.

വിസയുടെ കൃത്യമായ വിവരം മനസ്സിലാക്കാതെ സാധാരണ ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ പോലെ എത്ര ദിവസം വേണമെങ്കിലും തങ്ങാം എന്ന ധാരണയിൽ സൗദിയിലെത്തിയ മലയാളി കുടുംബത്തെ കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. ഇന്ത്യക്കാർക്ക് ടൂറിസം വിസ ഓൺലൈനായി ലഭിക്കുന്നത് മറ്റ് ജി.സി.സി രാജ്യങ്ങളിൽ താമസ രേഖയുള്ളവർക്കാണ്. ഇതിന് പുറമെ അമേരിക്ക, യു.കെ, ഷെങ്കൺ രാജ്യങ്ങളിലെ  വിസയുള്ളവർക്കും ഇ-വിസ ലഭിക്കും. ഇതൊന്നുമില്ലാതെ നേരിട്ടൊരാൾക്ക് ഇന്ത്യയിൽ നിന്ന് ടൂറിസം വിസയിൽ സൗദിയിലെത്തണമെങ്കിൽ ഓൺലൈനിൽ അപേക്ഷ നൽകി ആവശ്യമായ രേഖകൾ വി.എഫ്.എസ് കേന്ദ്രത്തിൽ ഹാജരാക്കി വിസ സ്റ്റാമ്പ് ചെയ്യുന്ന നടപടി പൂർത്തിയാക്കണം.

അതേ സമയം ഒരു വർഷം വരെ സൌദിയിൽ തങ്ങാൻ അനുമതി നൽകുന്ന മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസയിലെത്തുന്നവർ 90 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് രാജ്യത്തിന് പുറത്ത് പോയി തിരിച്ച് വരേണ്ടതാണ്. ഇങ്ങിനെ ചെയ്യുന്നവർ വിസ കാലാവധി അവസാനിക്കുന്ന ഒരു വർഷം പൂർത്തിയാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് നാട്ടിലേക്ക് പോകുകയാണ് പതിവ്.  എന്നാൽ ഒരു വർഷം പൂർത്തിയാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് രാജ്യത്തിന് പുറത്ത് പോയി തിരിച്ച് വന്നാൽ 90 ദിവസം കൂടി കൂടുതലായി ലഭിക്കുന്നുണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്. ഫലത്തിൽ ഇവർക്ക് 15 മാസം സൌദിയിൽ തങ്ങാൻ അനുവാദമുണ്ടാകും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share

One thought on “സൗദിയിലേക്ക് മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസയിൽ വരുന്നവർക്ക് വിസിറ്റ് വിസക്കാരുടെ ആനുകൂല്യങ്ങൾ ലഭിക്കില്ല; ഈ വ്യത്യാസങ്ങൾ തിരിച്ചറിയുക

Comments are closed.

error: Content is protected !!