സൗദിയുടെ പല ഭാഗങ്ങളിലും ഇന്ന് മഴക്ക് സാധ്യത; താപനിലയിൽ കുറവുണ്ടാകും, ഓരോ പ്രദേശത്തേയും കാലാവസ്ഥ വിവരങ്ങൾ

സൗദി അറേബ്യയുടെ മിക്ക ഭാഗങ്ങളിലും ഇന്ന് താപനിലയിൽ നേരിയ കുറവുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും മഴ തുടരുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നു.

ജിസാൻ, അസീർ, അൽ-ബഹ, മക്ക, മദീന തുടങ്ങിയ പ്രദേശങ്ങളിൽ തിരശ്ചീന കാഴ്ചയെ ബാധിക്കും വിധം ശക്തമായ പൊടിയും കാറ്റും, ആലിപ്പഴ വർഷവും ഉണ്ടാകാനിടയുണ്ട്. കൂടാതെ ഇടത്തരം മുതൽ ശക്തമായ ഇടിമിന്നലിലും സാധ്യതയുണ്ടെന്നും, ഇത് ശക്തമായ മഴക്ക് സാഹചര്യമൊരുക്കുമെന്നും കേന്ദ്രം അറിയിച്ചു.

തബൂക്ക്, നജ്‌റാൻ മേഖലകളിൽ സജീവമായ കാറ്റിനൊപ്പം ഇടിമിന്നലിനുള്ള അവസരം ഇപ്പോഴും നിലനിൽക്കുന്നു. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.

ഇന്ന് ദമാമിലും ഹഫർ അൽബാറ്റിനിലും 46 ഡിഗ്രി സെൽഷ്യസിലും, അൽ അഹ്‌സയിലും അറാറിലും 45 ഡിഗ്രിയിലും മക്ക, ബുറൈദ, സകാക്ക എന്നിവിടങ്ങളിൽ 44 ഡിഗ്രി സെൽഷ്യസിലും താപനില എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മദീന, റിയാദ്, തബൂക്ക് എന്നിവിടങ്ങളിൽ താപനില 43 ഡിഗ്രിയിലും ജിദ്ദയിൽ 40 ഡിഗ്രിയിലും അബഹയിൽ 28 ഡിഗ്രിയിലും എത്തുമെന്നാണ് കാലാവസ്ഥ കേന്ദ്രം പ്രതീക്ഷിക്കുന്നത്.

അതേ സമയം കിഴക്കൻ മേഖലയിലും റിയാദിന്റെ ചില ഭാഗങ്ങളിലും നാളെ ബുധനാഴ്ച മുതൽ അടുത്ത ആഴ്ച പകുതി വരെ താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അൽ-ഖാസിം, വടക്കൻ അതിർത്തികൾ, മദീന എന്നിവിടങ്ങളിലും സമാനമായിരിക്കും താപനില. എന്നാൽ കിഴക്കൻ മേഖലയുടെ വടക്ക് ഭാഗങ്ങളിൽ താപനില 50 ഡിഗ്രി വരെ എത്താനും സാധ്യതയുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!