ഇന്ത്യക്കാരായ ടെക്കി ദമ്പതിമാരും ആറ് വയസ്സുള്ള മകനും താമസസ്ഥലത്ത് മരിച്ചനിലയില്‍

ഇന്ത്യക്കാരായ ദമ്പതിമാരെയും ആറുവയസ്സുള്ള മകനെയും യു.എസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല(37) ഭാര്യ പ്രതിഭ(35) മകന്‍ യഷ് എന്നിവരെയാണ് ബാള്‍ട്ടിമോറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം യോഗേഷ് ജീവനൊടുക്കിയെന്നാണ് പോലീസ് സംശയിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൂന്നുപേരുടെയും ശരീരത്തില്‍ വെടിയേറ്റ മുറിവുകളുണ്ടെന്നാണ് പോലീസിനെ ഉദ്ധരിച്ച് ബാള്‍ട്ടിമോറിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇരട്ടക്കൊലയ്ക്ക് ശേഷമുള്ള ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കര്‍ണാടകയിലെ ദാവണ്‍ഗരെ സ്വദേശികളായ യോഗേഷും ഭാര്യയും അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായി ജോലിചെയ്യുകയാണ്. കഴിഞ്ഞ ഒന്‍പതുവര്‍ഷമായി യോഗേഷ് അമേരിക്കയിലാണെന്നാണ് കുടുംബം പറയുന്നത്. ബാള്‍ട്ടിമോര്‍ പോലീസിന്റെ ഫോണ്‍കോളിലൂടെയാണ് സംഭവം അറിയുന്നതെന്നും മരണത്തില്‍ അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് പറഞ്ഞതെന്നും കര്‍ണാടകയിലുള്ള ബന്ധുക്കള്‍ പ്രതികരിച്ചു.

”യോഗേഷ് സ്ഥിരമായി ഫോണ്‍ വിളിക്കാറുണ്ട്. ഞാന്‍ നാട്ടില്‍ മറ്റൊരു മകനൊപ്പാണ് താമസം. അവരുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്. മരണത്തിന്റെ കാരണമെന്താണെന്നും ഞങ്ങള്‍ക്കറിയണം”, യോഗേഷിന്റെ അമ്മ ശോഭ മാധ്യമങ്ങളോട് പറഞ്ഞു.

യോഗേഷും പ്രതിഭയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ബന്ധുക്കളുടെയും പ്രതികരണം. ഇത്തരമൊരു കൃത്യത്തിന് കാരണമായത് എന്താണെന്നറിയില്ലെന്നും മൃതദേഹം നാട്ടിലെത്തിക്കാനായി സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share