ഹലാല്‍ നിയമലംഘനം; യുഎഇയില്‍ റെസ്റ്റോറൻ്റ് അടച്ചുപൂട്ടി

അബുദാബിയില്‍ ഹലാല്‍ നിയമം ലംഘിച്ച് ഭക്ഷണം വിളമ്പിയ റെസ്റ്റോറന്റ് അടച്ചുപൂട്ടി. റെസ്‌റ്റോറന്റില്‍ ഹലാല്‍ അല്ലാത്ത ഭക്ഷണം തയ്യാറാക്കുന്ന ഉപകരണങ്ങള്‍ തന്നെയാണ് ഹലാല്‍ ഭക്ഷണം പാചകം ചെയ്യാനും ഉപയോഗിച്ചിരുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തി.

മുസഫയിലെ ബിറാത് മനില റെസ്റ്റോറന്റാണ് അബുദാബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി അടച്ചുപൂട്ടിയത്. ആരോഗ്യത്തിന് ഹാനികരമായ പ്രവര്‍ത്തനങ്ങളും റെസ്റ്റോറന്റില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് നടപടിയെടുത്തത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം മാത്രമെ റെസ്റ്റോറന്റിന് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ.

ഉപകരണങ്ങള്‍ മാറ്റി റെസ്റ്റോറന്റ് വൃത്തിയാക്കുക, അണുവിമുക്തമാക്കുക എന്നിവയ്ക്ക് ശേഷം ഹലാല്‍ അല്ലാത്ത ഭക്ഷണം നല്‍കുന്നതിന് വേണ്ട അനുമതി ലഭിച്ചു കഴിഞ്ഞ് മാത്രമെ റെസ്‌റ്റോറന്റിന് വീണ്ടും പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കൂവെന്ന് അധികൃതര്‍ അറിയിച്ചു.

അബുദാബി എമിറേറ്റിലെ ഭക്ഷണവുമായി ബന്ധപ്പെട്ട 2008ലെ നിയമ നമ്പര്‍ (2), അനുബന്ധ നിയമങ്ങള്‍ റെസ്റ്റോറന്റ് ലംഘിച്ചതായി കണ്ടെത്തി. പൊതുജനാരോഗ്യത്തെ അപകടകരമായി ബാധിക്കുന്നവിധമാണ് റെസ്‌റ്റോറന്റിന്റെ പ്രവര്‍ത്തനങ്ങളെന്ന് ‘അദാഫ്‌സ’ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രസിദ്ധപ്പെടുത്തിയ പോസ്റ്റില്‍ വ്യക്തമാക്കി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഹലാല്‍ അല്ലാത്ത ഭക്ഷണം ഹലാല്‍ ഭക്ഷണമാണെന്ന വ്യാജേന നല്‍കുന്നത് നിയമവിരുദ്ധമാണ്. ഒരേ ഹോട്ടലില്‍ ഹലാല്‍, നോണ്‍ ഹലാല്‍ ഭക്ഷണം നല്‍കുന്നുണ്ടെങ്കില്‍ അനുമതി വാങ്ങുകയും വേര്‍തിരിച്ച ഇടങ്ങളിലും പാത്രങ്ങളിലും പാകംചെയ്യുകയും അതിനായുള്ള പാത്രങ്ങളില്‍ സൂക്ഷിക്കുകയും വേണം. ഏതുതരം ഭക്ഷണമാണെന്ന കാര്യം ഉപഭോക്താക്കളെ വ്യക്തമായി അറിയിക്കുകയും വേണം.

അബുദാബിയിലെ എല്ലാ ഭക്ഷണ സ്ഥാപനങ്ങളും പതിവ് വിലയിരുത്തലിന് വിധേയമാണ്. ഏതെങ്കിലും ഭക്ഷ്യ സ്ഥാപനത്തില്‍ എന്തെങ്കിലും നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ 800555 എന്ന ടോള്‍ ഫ്രീ വഴി അറിയിക്കണമെന്ന് അദാഫ്‌സ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

വിവിധ രാജ്യക്കാരായ പ്രവാസികളുടെയും മറ്റും ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനും ആരോഗ്യ-ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം നല്‍കുന്നുണ്ടെന്നും ഉറപ്പാക്കുന്നതിനും ഫുഡ് സേഫ്റ്റി അതോറിറ്റി ഭക്ഷ്യസ്ഥാപനങ്ങളിലേക്ക് ഫീല്‍ഡ് സന്ദര്‍ശനങ്ങളും പരിശോധനാ കാമ്പെയ്‌നുകളും നടത്തിവരുന്നുണ്ട്.

ഇതേ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന നേപ്പാളി ഹിമാലയന്‍ റെസ്റ്റോറന്റ് അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി ഏതാനും ദിവസം മുമ്പ് സീല്‍ ചെയ്തതിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. സിഎന്‍-3025629 എന്ന ട്രേഡ് ലൈസന്‍സ് നമ്പറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം അബുദാബി എമിറേറ്റിലെ 2008ലെ ഭക്ഷ്യസുരക്ഷാ നിയമം രണ്ടാം ചട്ടവും അനുബന്ധ നിയമങ്ങളും ലംഘിച്ചതായി കണ്ടെത്തിയിരുന്നു.

ഇറക്കുമതി ചെയ്തതോ തദ്ദേശീയമായി ഉണ്ടാക്കിയതോ ആയ വിഭവങ്ങളാണെങ്കിലും വില്‍പ്പന നടത്തുന്ന സ്വകാര്യ കച്ചവട സ്ഥാപനങ്ങള്‍ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണമെന്നും ഫുഡ് ഇന്‍സ്‌പെക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വ്യവസ്ഥയുണ്ട്.

പാത്രങ്ങള്‍ കഴുകുന്ന സിങ്ക്, പാത്രങ്ങള്‍ സൂക്ഷിക്കുന്ന ഭാഗം, ഭക്ഷണം തയ്യാറാക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ ചെറുപ്രാണികളെ കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന എവര്‍ ഗ്രീന്‍ വെജിറ്റേറിയന്‍ റെസ്റ്റോറന്റ് എന്ന സ്ഥാപനവും ഭക്ഷ്യസുരക്ഷാ വിഭാഗം അടുത്തിടെ അടപ്പിച്ചിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.

എമിറേറ്റിലെ നിയമം അനുശാസിക്കുന്ന ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും പാലിക്കാത്ത സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!