സൗദിയിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് പരിശീലനം നൽകണം; വിവരങ്ങൾ ഖ്വിവ പ്ലാറ്റ് ഫോമിൽ പങ്കുവെക്കണം – മന്ത്രാലയം

സൗദിയിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽ പരിശീലനം നൽകാൻ പ്രത്യേക പദ്ധതി. തൊഴിലാളികളുടെ പരിശീലന വിവരങ്ങൾ വർഷം തോറും വ്യക്തമാക്കണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി, എഞ്ചിനിയർ അഹമ്മദ് അൽ-റാജി അറിയിച്ചു. മന്ത്രിസഭാ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ അറിയിപ്പ്. 50-ഓ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്കാണ് ഇപ്പോൾ നിയമം ബാധകമാകുന്നത്. തൊഴിലാളികൾക്ക് ലഭിക്കുന്ന പരിശീലന വിവരങ്ങൾ ഓരോ വർഷവും ഖിവ പ്ലാറ്റ് ഫോമിലൂടെയാണ് സ്ഥാപന അധികൃതർ പങ്കുവെക്കേണ്ടത്.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ പരിശീലന പരിപാടികളുടെ ഗുണമേന്മയും കാര്യക്ഷമതയും ഉയർത്താനും ജീവനക്കാരുടെ കഴിവുകൾ വളർത്താനും ലക്ഷ്യമിട്ടുള്ളതാണ് തീരുമാനം.

തീരുമാനത്തിലൂടെ, ദേശീയ തലത്തിൽ പരിശീലന ഡാറ്റയുടെ വ്യക്തമായ സൂചകങ്ങൾ നൽകാനും തൊഴിലാളികളുടെ പ്രകടനവും ഉൽപാദനക്ഷമതയും മെച്ചപ്പെടുത്താനുമാണ് മന്ത്രാലയത്തിൻ്റെ ശ്രമം. തൊഴിലാളികൾക്ക് പരിശീലിപ്പിക്കുന്നതിലൂടെ സ്വകാര്യ മേഖലയെ ഉത്തേജിപ്പിക്കുന്നതിനുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണിത്.

ഈ വർഷം അവസാനം വരെയാണ്  50-ഓ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പരിശീലന ഡാറ്റയും പ്രവർത്തനങ്ങളും വെളിപ്പെടുത്താൻ അനുവദിച്ചിരിക്കുന്ന സമയപരിധി.

“തൊഴിലാളികൾ , വിദ്യാർത്ഥികൾ, ബിരുദധാരികൾ, തൊഴിലന്വേഷകർ.” എന്നീ വിഭാഗങ്ങളിൽ സംഘടിപ്പിച്ച പരിശീലനത്തിന്റെ എണ്ണവും അനുബന്ധ ഡാറ്റയും പരിശീലനം പൂർത്തിയാക്കിയ ട്രെയിനികളുടെ എണ്ണവും ഖിവ പ്ലാറ്റ് ഫോമിൽ വ്യക്തമാക്കേണ്ടതാണ്. പരിശീലന കാലയളവ് ഓരോ ട്രൈനിക്കും പ്രതിവർഷം എട്ട് യൂണിറ്റിൽ കുറവാകാൻ പാടില്ല.

തൊഴിൽ വിപണിയിൽ അതിന്റെ സ്ഥിരതയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിന്, തൊഴിലാളികളുടെ അറിവ്, കഴിവുകൾ, പരിശീലനം എന്നിവയുടെ നിലവാരം മെച്ചപ്പെടുത്താൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തിവരുന്ന പദ്ധതികളുടെ ഭാഗമായാണ് പുതിയ തീരുമാനം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share
error: Content is protected !!