ഒമാനില്‍ കനത്ത മഴയും വെള്ളപ്പാച്ചിലും തുടരുന്നു; മരണം മൂന്നായി, സൗദിയിലും കാലാവസ്ഥയിൽ മാറ്റം – വീഡിയോ

ഒമാനിലെ മഴയിലും വെള്ളപ്പാച്ചിലിലും മരണം മൂന്നായി. വാഹനം വെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒമാനിൽ ഇന്ന് വൈകിട്ടു വരെ അസ്ഥിരമായ കാലാവസ്ഥ തുടരും. സൗദിയുടെ ചില മേഖലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ, ഇടിമിന്നൽ  മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

പൊടുന്നനെയുണ്ടായ മഴയിൽ വെള്ളപ്പാച്ചിലുകൾ രൂപപ്പെട്ടു തോടുകളായി ഒഴുകിയത് മൂലം ഉണ്ടായ അപകടമാണ് മൂന്ന് പേരുടെ ജീവനെടുത്തത്. ബുറേമി ഗവർണറേറ്റിലെ മഹ്ദ വിലായത്തിലെ താഴ്വരയിൽ രണ്ട് വാഹനങ്ങളാണ് ഇന്നലെ വെള്ളപ്പാച്ചിലിൽ കുടുങ്ങിയത്. നാല് പേരെ ഉടനെ തന്നെ സിവിൽ ഡിഫൻസ്  രക്ഷപ്പെടുത്തി. ബാക്കിയുള്ള 3 പേരാണ് മരിച്ചത്. പൊടുന്നനെയുള്ള വെള്ളപ്പാച്ചിൽ രൂപപ്പെടുന്ന വാദികൾ എന്നറിയപ്പെടുന്ന തോടുകൾ വാഹനം കൊണ്ട് മറികടക്കരുതെന്ന നിർദേശം നിലനിക്കുകയാണ്.

ഒമാനിൽ ഇന്ന് വൈകിട്ട് വരെ ഈ കാലാവസഥ തുടരും. കാഴ്ചാ പരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിർദേശമുണ്ട്.  നിലവിൽ മഴയോ നാശനഷ്ടങ്ങളോ തുടരുന്നില്ല.

സൗദിയുടെ ഭാഗങ്ങളായ ജിസാൻ, അസിർ, അൽ-ബഹ എന്നിവിടങ്ങളിൽ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽ ശർഖിയ, നജ്‍റാൻ, താബൂക്ക്,  മേഖലകളിൽ മഴ മേഖങ്ങൾ രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.

മക്ക മദീന, എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ സജീവമായ കാറ്റിനൊപ്പം മഴയുള്ള കാലാവസ്ഥ തുടരും. ദമാം, അൽ-അഹ്‌സ, റഫ്ഹ, ഹഫർ അൽ-ബാതിൻ എന്നിവിടങ്ങളിൽ ഏറ്റവും ഉയർന്ന താപനില 47 ഡിഗ്രി സെൽഷ്യസും മക്ക, മദീന, റിയാദ് എന്നിവിടങ്ങളിൽ 44 ഡിഗ്രിയും താപനില രേഖപ്പെടുത്തുമെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം ജിദ്ദയിൽ 41 ഡിഗ്രിയിലും അബഹയിൽ 28 ഡിഗ്രിയിലും എത്തും.

അതേ സമയം ജിസാൻ, അസീർ, അൽ-ബാഹ, മക്ക മേഖലകളുടെ ചില ഭാഗങ്ങളിൽ ഇടത്തരം മുതൽ കനത്ത തോതിലുള്ള വ്യാപകമായ മഴയും, ഇടിമിന്നലും, ആലിപ്പഴ വർഷവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!