സൗദിയിലെ റിയാദിലെത്തിയ പ്രവാസിയെ രണ്ടാഴ്ചയായി കാണാനില്ല; സുഹൃത്ത് ചതിച്ചതായി ആരോപണം

റിയാദ്: നജ്റാനിൽനിന്ന് റിയാദിലെത്തിയ കന്യാകുമാരി സ്വദേശിയെ കാണാതായി. ഇക്കഴിഞ്ഞ ജൂലൈ 25ന് നജ്റാനിൽ നിന്നും റിയാദ് അസീസിയയിലെ സാപ്റ്റ്കോ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ കന്യാകുമാരിയിലെ അരുമനൈ, തെറ്റി വിളൈ, മറുതര വിളാഗം സ്വദേശി ജോൺ സേവ്യറെ കുറിച്ചാണ് രണ്ടാഴ്ചയായി വിവരമൊന്നുമില്ലാത്തത്. 43 വയസാണ് പ്രായം.

2022 ജൂലൈ ഒമ്പതിനാണ് നജ്റാനിൽ മേസൺ ജോലിക്കായി നാട്ടിൽനിന്നെത്തിയത്. കരാറെടുത്ത് ജോലി ചെയ്ത വകയിൽ വലിയ സാമ്പത്തിക ബാധ്യത വന്നുചേരുകയും പ്രതിസന്ധിയിലാവുകയും ചെയ്തു. ഇതറിഞ്ഞ റിയാദിലുള്ള സുഹൃത്ത് തൻ്റെ അടുത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ റിയാദിലെത്തി സുഹൃത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ കഴിഞ്ഞില്ല.

ഇതോടെ വലിയ മാനസികപ്രയാസത്തിലായ ജോൺ സേവ്യർ അസീസിയ ബസ് സ്റ്റാൻഡിൽനിന്നും നാട്ടിലുള്ള മകനെ വിളിച്ച് റിയാദിലേക്ക് വരാൻ പറഞ്ഞ സുഹൃത്ത് ചതിക്കുകയായിരുന്നു എന്നു പറയുകയായിരുന്നത്രെ. അതാണ് ഒടുവിലത്തെ വിവരം. പിന്നീട് ആളെ കുറിച്ച് ഒരു വിവരവുമില്ലാതാവുകയായിരുന്നു. വരാൻ പറഞ്ഞ് സുഹൃത്ത് ചതിച്ചതിനെ തുടർന്നുണ്ടായ മാനസികാഘാതം കൊണ്ടായിരിക്കാം പിന്നീട് അസീസിയ ഭാഗത്ത് അലഞ്ഞുതിരിയുന്നത് കണ്ടതായും ചില വിവരങ്ങൾ കിട്ടി.

ഒരാൾ ഇങ്ങനെ അലഞ്ഞുതിരിയുന്നതിെൻറ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ജീവകാരുണ്യപ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ അസീസിയ ഭാഗത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജോൺ സേവ്യറുടെ ഇഖാമ നമ്പർ ലഭ്യമല്ലാത്തതിനാൽ സ്പോൺസറുമായി ബന്ധപ്പെട്ടപ്പോൾ രേഖകളൊന്നും തരാൻ തയ്യാറായില്ല. സ്പോൺസർ കണ്ടെത്തിക്കോളാമെന്നാണത്രെ അറിയിച്ചത്.

നിലവിൽ ജോൺ സേവ്യറുടെയും റിയാദിലേക്ക് ക്ഷണിച്ച സുഹൃത്തിെൻറയും മൊബൈൽ നമ്പറുകൾ പ്രവർത്തനരഹിതമാണ്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും അറിവുണ്ടെങ്കിൽ 0530669529 എന്ന നമ്പറിൽ അറിയിക്കണമെന്ന് സാമൂഹികപ്രവർത്തകർ അഭ്യർഥിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!