മാസപ്പടി വിവാദം സഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ; സ്പീക്കറുടെ വിലക്ക്: നാടകീയ രംഗങ്ങൾ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കെതിരായുള്ള ആദായനികുതി തർക്ക പരിഹാരബോർഡിന്റെ വിധി നിയമസഭയിൽ ഉന്നയിക്കാനുള്ള പ്രതിപക്ഷത്തെ മാത്യു കുഴൽനാടന്റെ ശ്രമം സ്പീക്കർ വിലക്കി. ബില്ലിന്റെ ചർച്ചയ്ക്കിടെ മാത്യു കുഴൽനാടൻ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് സ്പീക്കറുടെ റൂളിങ്.

2023ലെ കേരള ഗവൺമെന്റ് ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി) ബില്ലിന്റെ ചർച്ചയിലാണ് മാത്യു കുഴൽനാടന്റെ പ്രസംഗത്തിനെ സ്പീക്കർ നിയന്ത്രിച്ചത്. പി.സി.വിഷ്ണുനാഥാണ് ബില്ലിന്റെ ചർച്ചയിൽ സംസാരിക്കേണ്ടിയിരുന്നത്. വിഷ്ണുനാഥ് ചുമതലപ്പെടുത്തിയത് അനുസരിച്ചാണ് മാത്യു കുഴൽനാടൻ സംസാരിച്ചത്.

‘‘കേരളത്തിലെ പ്രമുഖ മാധ്യമം ഞെട്ടിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചു. വാർത്തയിലെ കാര്യങ്ങൾ കേരളത്തിന് അപമാനം. അതിന് ആധാരമായത് ..’’ മാത്യു കുഴൽനാടൻ പ്രസംഗിക്കുന്നതിനിടെ സ്പീക്കർ ഇടപെട്ടു. ‘‘ചട്ടവും റൂളും പാലിക്കാത്ത ഒന്നും രേഖയിലുണ്ടാകില്ല. ബില്ലിൽ ഒതുങ്ങിനിന്ന് സംസാരിക്കണം. എന്തും വിളിച്ചുപറയാവുന്ന വേദിയല്ല നിയമസഭ. പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുമല്ലോ. ചെയറിന് വിവേചന അധികാരമുണ്ട്’’– സ്പീക്കർ പറഞ്ഞു.

മാത്യു കുഴൽനാടൻ പറഞ്ഞത് സഭാരേഖയിലുണ്ടാകില്ലെന്നും സ്പീക്കർ പറഞ്ഞു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്നും നി‍ർദേശം. മാത്യു കുഴൽനാടന് പ്രസംഗിക്കാൻ മൈക്ക് അനുവദിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!