ഡയറിയിൽ യുഡിഎഫ് നേതാക്കളുടെ പേരും; മാസപ്പടി വിവാദം സഭയിൽ ഉന്നയിക്കുന്നതിൽ യുഡിഎഫിൽ ആശയക്കുഴപ്പം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനി മാസപ്പടി നല്‍കിയെന്ന വിഷയം നിയമസഭയില്‍ ഉന്നയിക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ തീരുമാനമായില്ല. ‘മാസപ്പടി’ തിരിച്ചടിയാകുമോ എന്ന് പ്രതിപക്ഷത്തിന് ആശങ്കയുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഡിഎഫ് നേതാക്കളുടെ പേരും പുറത്ത് വന്ന രേഖകളില്‍ ഉള്ള സാഹചര്യത്തിലാണ് ഇത്.

 

വീണാ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള ഐടി , കമ്പനിക്കും കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ നിന്ന് അനധികൃതമായി പണം ലഭിച്ചെന്ന് പറയുന്ന രേഖകളായിരുന്നു പുറത്ത് വന്നത്. ഒരു സേവനവും നല്‍കാതെ കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടിയായി കൈപ്പറ്റിയത് 1.72 കോടി രൂപയാണ്. ഒരു പ്രമുഖ വ്യക്തിയുമായുള്ള ബന്ധമാണ് കമ്പനി വീണയ്ക്ക് പണം നല്‍കാന്‍ കാരണമെന്നാണ് ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ നിരീക്ഷണം.

 

കൊച്ചി ആസ്ഥാനമായുള്ള കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ എന്ന കമ്പനിയില്‍ 2019 ജനുവരി 25ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ വീണാ വിജയനുമായുള്ള സാമ്പത്തിക ഇടപാടിന്റെ ഉള്‍പ്പെടെ രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് സേവനം ഒന്നും നല്‍കാതെ വീണയും അവരുടെ സ്ഥാപനവും മാസപ്പടി കൈപ്പറ്റിയതായി തര്‍ക്ക പരിഹാര ബോര്‍ഡ് ശരിവച്ചത്.

 

ശശിധരൻ കർത്തയുടെ ഡയറിയിലുള്ള കാര്യങ്ങളാണ് ആദായനികുതി വകുപ്പ് രേഖകളിലുൾപ്പെടുത്തി നൽകിയത്. വീണാ വിജയന്റേത് കൂടാതെ യുഡിഎഫ് നേതാക്കളുടെ പേരുകളും ഡയറിയിലുണ്ട്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ് എന്നിവരുൾപ്പടെയുള്ളവരുടെ പേരുള്ള സാഹചര്യത്തിൽ എങ്ങനെ വിഷയം സഭയിൽ ഉന്നയിക്കുമെന്നാണ് യുഡിഎഫിന്റെ ആശങ്ക.

 

താനൂർ കൊലപാതകം സഭയിൽ കോൺഗ്രസ് അടിയന്തര പ്രമേയമായി വയ്ക്കാനാണ് സാധ്യത കൂടുതൽ. മാസപ്പടി വിഷയം ഉയർത്തിയാൽ അത് ബൂമറാങ് ആയി തിരിച്ചടിച്ചേക്കും എന്നതിനാൽ ഇത് സഭയിലവതരിപ്പിക്കാൻ യുഡിഎഫ് മുതിർന്നേക്കില്ല.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

ഇതും കൂടി വായിക്കുക…

മാസപ്പടി വിവാദം: പണം വാങ്ങിയതിൽ തെറ്റില്ലെന്ന് കുഞ്ഞാലിക്കുട്ടി; പാർട്ടി തീരുമാനമെന്നും, പ്രതിപക്ഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് മാധ്യമങ്ങളല്ലെന്നും വി.ഡി സതീശൻ

 

Share
error: Content is protected !!