‘വാഹനത്തിൻ്റെ ഉടമസ്ഥാവകാശം ഭർത്താവ് തട്ടിയെടുത്തു’; യുവതിയുടെ ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടിസ്

കൊച്ചി: വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ തടയുന്നതിന് ആധാർ നിർബന്ധമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന ​ഗതാ​ഗത കമ്മീഷണർ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവരോട് അഭിപ്രായം തേടി ഹെെക്കോടതി. വാഹനത്തിന്റെ ഉടമസ്ഥാവകാശം ഭർത്താവ് തട്ടിയെടുത്തെന്ന് ചൂണ്ടിക്കാട്ടിയുള്ള യുവതിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

തന്റെ സമ്മതപ്രകാരമല്ലാതെ വ്യാജ ഒപ്പിട്ടാണ് ഭർത്താവ് വാഹനത്തിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതെന്ന് ആരോപിച്ചാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. താനും ഭർത്താവും തമ്മിലുള്ള ദാമ്പത്യബന്ധം നല്ല രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് അവർ കോടതിയെ അറിയിച്ചു. തങ്ങൾ തമ്മിൽ മാസങ്ങളായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. കുട്ടിയുടെ പരിപാലനാവകാശവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് വാഹനത്തിന്‍റെ ഉടമസ്ഥാവകാശം ഭർത്താവ് കൈവശപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടതെന്നും യുവതി വ്യക്തമാക്കി.

പരിവാഹൻ വെബ്സെെറ്റിൽ നിന്നാണ് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട് 2023 ജനുവരി 13-ന് അപേക്ഷ സമർപ്പിച്ചതായി മനസിലാകുന്നത്. അതേമാസം 25-ന് അപേക്ഷ അം​ഗീകരിക്കുകയും ചെയ്തു. വാഹനത്തിന്റെ രജിസ്ട്രേഷൻ പകർപ്പ് കെെയ്യിലുള്ള ആർക്കും പരിവാഹൻ വെബ്സെെറ്റിലൂടെ ഉടമസ്ഥാവകാശം മാറ്റാനാകുന്ന സ്ഥിതിയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനായി ഒരു ഒ.ടി.പി മാത്രമാണ് ആവശ്യം. പിന്നാലെ ഉടമയുടെ അറിവില്ലാതെ ലിങ്ക് ചെയ്‌ത ഫോൺ നമ്പർ മാറ്റാനും കഴിയും.

 

ഫോം 29, 30 എന്നിവയിലെ ഒപ്പുകൾ യഥാർഥമാണോ എന്ന് പരിശോധിക്കാൻ നിലവിൽ സംവിധാനങ്ങളില്ലെന്നും ഹർജിയിൽ പറയുന്നു. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തിരുത്തലുകൾക്ക് ആധാർ നിർബന്ധമാക്കിയാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് യുവതി തന്റെ ഹർജിയിൽ വ്യക്തമാക്കുന്നു.

 

തുടർന്നാണ് വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന ​ഗതാ​ഗത കമ്മീഷണർ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവരോട് ഹെെക്കോടതി അഭിപ്രായം തേടിയത്. അപകടകരമായ അവസ്ഥയാണ് നിലനിൽക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!