വാട്‌സാപ്പ് ചാറ്റുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ കാണുന്നുണ്ടോ? വിശദീകരണവുമായി പിഐബി

വ്യക്തികള്‍ വാട്‌സാപ്പിലൂടെ അയക്കുന്ന സ്വകാര്യ സന്ദേശങ്ങള്‍ സര്‍ക്കാര്‍ വായിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള വാട്‌സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പ്രചാരണത്തിന് മറുപടി നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. വ്യക്തികള്‍ തമ്മിലയക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ സര്‍ക്കാര്‍ വായിക്കുന്നുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി.

നുണയാണെന്ന് വ്യക്തമാകുന്ന ചില അവകാശ വാദങ്ങളുമായാണ് ഈ വ്യാജ വാട്‌സാപ്പ് സന്ദേശം പ്രചരിക്കുന്നത്. സന്ദേശങ്ങള്‍ അയക്കുമ്പോള്‍ മൂന്ന് ബ്ലൂ ടിക്ക് വന്നാല്‍ ആ സന്ദേശം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടു എന്നാണ് അര്‍ത്ഥമെന്നും രണ്ട് ബ്ലൂടിക്കും ഒരു ചുവന്ന ടിക്കും ആണ് കാണുന്നത് എങ്കില്‍ ആ സന്ദേശം അയച്ചയാള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ആരംഭിച്ചു എന്നുമാണ് അര്‍ത്ഥം എന്ന് പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു.

ഇത് കൂടാതെ ഒരു ബ്ലൂടിക്കും രണ്ട് ചുവന്ന ടിക്കുകളുമാണ് ഉള്ളത് എങ്കില്‍ സര്‍ക്കാര്‍ സന്ദേശം അയച്ചയാളുടെ വിവരങ്ങള്‍ പരിശോധിക്കുകയാണെന്നും മൂന്ന് ചുവന്ന ടിക്കുകള്‍ വന്നാല്‍ സര്‍ക്കാര്‍ നിയമ നടപടി ആരംഭിച്ചു എന്നും സന്ദേശം അയച്ചയാള്‍ക്ക് കോടതി സമന്‍സ് ലഭിക്കിമെന്നുമാണ് അര്‍ത്ഥമാക്കുന്നത് എന്നും സന്ദേശത്തില്‍ പറയുന്നു.

 

എന്നാല്‍ യഥാര്‍ത്ഥ വാട്‌സാപ്പ് ആപ്ലിക്കേഷനില്‍ ചുവന്ന ടിക്കുകള്‍ കാണിക്കുന്ന രീതി ഇല്ലെന്ന് പിഐബി വ്യക്തമാക്കുന്നു. രണ്ട് ടിക്കുകള്‍ മാത്രമാണ് ഒരു വാട്‌സാപ്പ് സന്ദേശം സ്വീകര്‍ത്താവ് വായിച്ചു എന്ന് അറിയിക്കുന്നതിനായി വാട്‌സാപ്പില്‍ കാണിക്കുക.

അതായത് ഒരു ഗ്രേ ടിക്ക് ആണ് കാണുന്നത് എങ്കില്‍ സന്ദേശം അയച്ചു എന്നാണ് അര്‍ത്ഥം. രണ്ട് ഗ്രേ ടിക്ക് ആണെങ്കില്‍ ആ സന്ദേശം അപ്പുറത്ത് ലഭിച്ചു എന്നാണ് അര്‍ത്ഥം. ഈ രണ്ട് ടിക്കുകളും നീലനിറത്തിലേക്ക് മാറിയാല്‍ ആ സന്ദേശം സ്വീകര്‍ത്താവ് വായിച്ചു എന്നാണ് അര്‍ത്ഥം. ഇതല്ലാതെ മൂന്ന് ടിക്കുകളോ ചുവന്ന നിറത്തിലുള്ള ടിക്കുകളോ വാട്‌സാപ്പില്‍ കാണിക്കില്ല.

ചുവന്ന ടിക്കുകള്‍ വാട്‌സാപ്പില്‍ കാണുന്നതായുള്ള സ്‌ക്രീന്‍ ഷോട്ടുകളും സര്‍ക്കാര്‍ നിരീക്ഷണം നടത്തുന്നുണ്ടെന്നുമുള്ള പ്രചാരണം വ്യാജമാണെന്നും പിഐബി വ്യക്തമാക്കി.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!