വിവാഹം കഴിഞ്ഞും കാമുകനുമായി ബന്ധം’; മകളെ കൊലപ്പെടുത്തിയശേഷം തലയറുത്ത് പിതാവ്

ഹൈദരാബാദ്∙ വിവാഹത്തിനു ശേഷവും മുന്‍ കാമുകനുമായി ബന്ധം പുലര്‍ത്തിയ 21 വയസ്സുകാരിയായ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിശേഷം തലയും ശരീശഭാഗങ്ങളും വിവിധ കഷ്‌ണങ്ങളാക്കി വനത്തിനുള്ളിൽ ഉപേക്ഷിച്ച് പിതാവ്. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് സംഭവം. അലമുരു സ്വദേശിനിയായ പ്രസന്ന റെഡ്ഡി (21) ആണ് മരിച്ചത്. പ്രസന്നയുടെ പിതാവ് ദേവേന്ദ്ര റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 10നാണ് കൊലപാതകം നടന്നതെങ്കിലും മുഖ്യപ്രതിയും കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവുമായ ദേവേന്ദ്ര റെഡ്ഡിയെ കഴിഞ്ഞ ശനിയാഴ്ച പാണ്യം പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ദുരഭിമാനകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തറിയുന്നത്. വിവാഹശേഷവും കാമുകനുമായി ബന്ധം പുലര്‍ത്തിയതിനാലാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് ദേവേന്ദ്ര റെഡ്ഡി പൊലീസിനു നൽകിയ െമാഴി.

ഗ്രാമത്തിലുള്ള താഴ്ന്ന ജാതിയിൽപ്പെട്ട യുവാവുമായി പ്രസന്ന പ്രണയത്തിലായിരുന്നു. എന്നാൽ ഇതിനെ എതിർത്ത ദേവേന്ദ്ര റെഡ്ഡി, രണ്ടു വര്‍ഷം മുന്‍പ് മകളെ ഹൈദരാബാദിലുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ മനോഹർ റെഡ്ഡിയെക്കൊണ്ട് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു. ഹൈദരാബാദിൽ സ്ഥിരം താമസമാക്കിയിരുന്നെങ്കിലും കാമുകനുമായി പ്രസന്ന ബന്ധം തുടർന്നിരുന്നു.

ഏകദേശം ഒരു മാസം മുൻപാണ്, മാതാപിതാക്കളെ കാണുന്നതിനായി പ്രസന്ന വീട്ടിലെത്തിയത്. കാമുകനുമായി വീണ്ടും കൂടുതൽ അടുത്തതോടെ ഹൈദരാബാദിലേക്കു തിരിച്ചുപോകില്ലെന്ന് പ്രസന്ന നിലപാടെടുത്തു. വിവാഹശേഷമുള്ള മകളുടെ ബന്ധം നാട്ടുകാാർക്കിടയിലും സംസാരവിഷയമായി.
ഇതു സംബന്ധിച്ച് പ്രസന്നയും ദേവേന്ദ്ര റെഡ്ഡിയും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നു. ഇതോടെയാണ് മകളെ ദേവേന്ദ്ര കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. ഇതിനു ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ തലയറുത്ത്, ശരീരവും തലയും രണ്ടിടങ്ങളിലായി വനത്തിൽ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു.

കൊലപാതകശേഷം വീട്ടിൽ ഉൾപ്പെടെ ദേവേന്ദ്ര സാധാരണപോലെയാണ് പെരുമാറിയത്. എന്നാൽ ഇടയ്ക്കിടെ മുത്തച്ഛനെ ഫോണില്‍ വിളിക്കാറുണ്ടായിരുന്ന പ്രസന്നയുടെ ഫോണ്‍വിളി ഇല്ലാതായതോടെ, അദ്ദേഹം ദേവേന്ദ്രനെ വിളിച്ച് കാര്യം അന്വേഷിച്ചു. മകളെ കാണാനില്ലെന്നും പരാതി നല്‍കുകയാണെന്നും മുത്തച്ഛനോട് ദേവേന്ദ്ര റെഡഡി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പാണ്യം പൊലീസ്, ദേവേന്ദ്രന്റെ പെരുമാറ്റത്തിൽ സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊപാതക വിവരം പുറത്തറിയുന്നത്. ദേവേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹവും വെട്ടിമാറ്റിയ തലയും പ്രതി ഉപേക്ഷിച്ചു എന്നുപറഞ്ഞ വനമേഖലയില്‍നിന്നും തന്നെ കണ്ടെത്തി.

 

 

 

 

Share
error: Content is protected !!