മരണവുമായി മല്ലിട്ട് ഡോ.പ്രീതി 5 ദിവസം ആശുപത്രിയിൽ; പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് കുടുംബം, ‘ലൗ ജിഹാദ്’ ഉന്നയിച്ച് ബിജെപി
ഹൈദരാബാദ്: നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (നിംസ്) അഞ്ച് ദിവസത്തോളം മരണവുമായി മല്ലിട്ടാണ് ഡോ.പ്രീതിയെന്ന ഇരുപത്തിയാറുകാരി മെഡിക്കൽ വിദ്യാർഥിനി ഇന്നലെ രാത്രി മരണത്തിനു കീഴടങ്ങിയത്. രണ്ടാം വർഷ പിജി വിദ്യാർഥിയായ മുഹമ്മദ് സൈഫ് എന്ന ഡോക്ടർ, വാഷ്റൂമിൽ പോകാൻ പോലും അനുവദിക്കാതെ അധികസമയം ജോലി ചെയ്യിപ്പിച്ച് പീഡിപ്പിക്കുന്നതായി പ്രീതി പരാതി ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമ്മ ശാരദയുമായി പ്രീതി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ഇന്നലെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
ഞായറാഴ്ച പകൽ തന്നെ ഡോ.പ്രീതി മരിച്ചതായി അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ഒട്ടേറെപ്പേർ ആശുപത്രിക്കു മുന്നിൽ സംഘടിക്കുകയും ചെയ്തു. ഒടുവിൽ രാത്രി 9.10നാണ് പ്രീതിയുടെ മരണം സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ പ്രസ്താവന ഇറക്കിയത്. അതിനു പിന്നാലെ ആശുപത്രി പരിസരം പ്രതിഷേധ മുദ്രാവാക്യങ്ങളാൽ മുഖരിതമായി. ഡോ.പ്രീതിക്ക് നീതി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ പ്രവർത്തകരാണ് മുദ്രാവാക്യം മുഴക്കി ആശുപത്രി കവാടത്തിലെത്തിയത്. തുടർന്ന് കൂടുതൽ പൊലീസുകാരെ രംഗത്തിറക്കി രംഗം ശാന്തമാക്കുകയായിരുന്നു. പ്രീതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി നീക്കാനുള്ള ആശുപത്രി അധികൃതരുടെ നീക്കത്തെ കുടുംബാംഗങ്ങൾ ചെറുത്തതും കൂടുതൽ പ്രശ്നം സൃഷ്ടിച്ചു.
ജൂനിയർ വിദ്യാർഥികളെ അനാവശ്യമായി റാഗ് ചെയ്ത് പീഡിപ്പിക്കുന്ന സീനിയർ വിദ്യാർഥികൾക്ക് ഒരു പാഠമാകേണ്ടതിന്, ആരോപണവിധേയനായ ഡോ.മുഹമ്മദ് സൈഫിനെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തണമെന്നുപോലും പ്രതിഷേധക്കാരിൽ ചിലർ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ ആശുപത്രിക്കുള്ളിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രീതിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുൻപു തന്നെ, ആശുപത്രിക്കെട്ടിടം വൻ സുരക്ഷാ വലയത്തിലായിരുന്നു. പ്രതിഷേധ സാധ്യത മുൻകൂട്ടി കണ്ട് വൻ പൊലീസ് സന്നാഹമാണ് ആശുപത്രി പരിസരത്ത് വിന്യസിച്ചത്. പ്രതിഷേധക്കാരിൽ ഒട്ടേറെ സ്ത്രീകളുമുണ്ടായിരുന്നതിനാൽ, വനിതാ പൊലീസുകാരെയും വിന്യസിച്ചിരുന്നു.
പിന്നാക്ക വിഭാഗക്കാരിയായ പ്രീതിയുടെ മരണത്തിനു പിന്നിൽ ‘ലവ് ജിഹാദ്’ ആരോപണമുയർത്തി ബിജെപിയും രംഗത്തെത്തിയിരുന്നു. തെലങ്കാന ബിജെപി അധ്യക്ഷൻ ബണ്ഡി സഞ്ജയ് കുമാറാണ് ആരോപണം ഉന്നയിച്ചത്. ‘ഇത് ലവ് ജിഹാദ് തന്നെയാണെന്ന് ഞാൻ തറപ്പിച്ചു പറയുന്നു. തെലങ്കാനയിൽ ലവ് ജിഹാദ് കേസുകൾ വൻതോതിൽ വർധിച്ചിട്ടുണ്ട്. ഹിന്ദു സ്ത്രീകൾ ഇവിടെ വ്യാപകമായി അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ടിന്റെ ബലത്തിലാണ് ഒരു വിഭാഗം ആളുകൾ ഹിന്ദു യുവതികളെ ഉന്നമിടുന്നത്’ – സഞ്ജയ് കുമാർ ആരോപിച്ചു.
പ്രീതിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബാംഗങ്ങളും രംഗത്തെത്തി. ‘‘ഇന്നു വരെ സംഭവിച്ച എല്ലാക്കാര്യങ്ങളിലും ഞങ്ങൾക്ക് വ്യക്തത വേണം. ചേച്ചിക്കു ലഭിച്ച ചികിത്സയുടെ വിശദാംശങ്ങളും അവളെ മാനസികമായി പീഡിപ്പിച്ച ഡോ.സൈഫിനെതിരെ കൈക്കൊണ്ട നടപടികളും അറിയിക്കണം’ – പ്രീതിയുടെ ഇളയ സഹോദരൻ വംശി പൃഥ്വി ആവശ്യപ്പെട്ടു. ഇത്തരമൊരു പ്രശ്നത്തിന്റെ പേരിൽ ജീവനൊടുക്കുന്ന ദുർബലയല്ല പ്രീതിയെന്നും, ഈ സംഭവം കൊലപാതകമാണെന്നും വംശി ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
‘ഒരാഴ്ച മുൻപ് ഞാൻ അവളെ കാണുമ്പോൾ, ഡോ. സൈഫിൽ നിന്നുള്ള മാനസിക പീഡനത്തിന്റെ കാര്യം സൂചിപ്പിച്ചിരുന്നു. ഈ പ്രശ്നം അവൾക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാവുന്നതേയുള്ളൂവെന്നും അറിയിച്ചിരുന്നു. ആശുപത്രിയിലായ ദിവസവും പുലർച്ചെ മൂന്നു വരെ അവൾ ഒരു ശസ്ത്രക്രിയയ്ക്ക് സഹായിക്കുകയായിരുന്നു. അതിനു ശേഷം രാവിലെ 8.30ന് അവളുടെ ഫോണിൽനിന്ന് അവസാന കോൾ പോകുന്നതുവരെ സംഭവിച്ച കാര്യങ്ങളെല്ലാം ദുരൂഹമാണ്. അബോധാവസ്ഥയിൽ കണ്ടെത്തിയതിനു ശേഷവും അവളുടെ മൊബൈൽ ഫോൺ, വിരലടയാളം ഉപയോഗിച്ച് തുറന്ന് എന്തൊക്കെയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്. എല്ലാ വിശദാംശങ്ങളും നീക്കിയ ശേഷമാണ് അവളെ കൊലപ്പെടുത്തിയതും അതിനെ ആത്മഹത്യാ ശ്രമമാക്കി അവതരിപ്പിച്ചതും’ – വംശി പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273