പിണറായി ഭരണം മോദി ഭരണത്തിൻ്റെ മലയാള പരിഭാഷ; താടിയില്ല, ഹിന്ദി സംസാരിക്കില്ല എന്ന വ്യത്യാസം മാത്രം’, നിയമസഭയിൽ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ
നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എംഎൽഎ. കേന്ദ്രത്തിലെ നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയാണ് ഇവിടെ പിണറായി വിജയൻ സർക്കാരെന്ന് ഷാഫി ചൂണ്ടിക്കാട്ടി. താടിയില്ല, ഹിന്ദി സംസാരിക്കില്ല, കോട്ടിടില്ല എന്നീ വ്യത്യാസങ്ങൾ മാത്രമാണ് ഇരുവരും തമ്മിലുള്ളതെന്നും ഷാഫി പരിഹസിച്ചു. നികുതി വർധനയ്ക്കെതിരെ എറണാകുളത്ത് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനെ തുടർന്ന് എംഎൽഎ അടക്കമുള്ള യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് ക്രൂരമായി ആക്രമിച്ചതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിലാണ് ഷാഫിയുടെ കടുത്ത വിമർശനം.
കരിങ്കൊടി വീശുന്നതിനെ ന്യായീകരിച്ച് മുൻപ് പാർട്ടി സെക്രട്ടറിയായിരിക്കെ പിണറായി വിജയൻ നടത്തിയ പ്രസ്താവന അതേപടി ആവർത്തിച്ചാണ് ഷാഫി പ്രസംഗം ആരംഭിച്ചത്. ‘കരിങ്കൊടി കാണിക്കാൻ പോകുന്നവരുടെ കയ്യിൽ മുഖ്യമന്ത്രിക്കു നേരെ വീശാനുള്ള കറുത്ത തുണി മാത്രമേയുള്ളൂ. ആ തുണിക്കു പകരം തന്റെ ഷർട്ട് ഊരി വീശിയെന്നാണ് പറയുന്നത്. അത് ക്രിമിനൽ കുറ്റമാണോ? കരിങ്കൊടി ഇനിയും കാട്ടും കേട്ടോ. ഇത് എന്റെ വാക്കുകളല്ല. മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് പാർട്ടി സെക്രട്ടറിയായിരുന്ന കാലത്തെ വാക്കുകളാണ്’ – ഷാഫി പറഞ്ഞു.
സിപിഎം പ്രതിപക്ഷത്തിരിക്കുമ്പോൾ കരിങ്കൊടി വീശുന്നത് പ്രശ്നമായിരുന്നില്ലെന്ന് ഷാഫി ചൂണ്ടിക്കാട്ടി. ഇപ്പോൾ എല്ലാ സമരങ്ങളോടും സിപിഎമ്മിനു പുച്ഛമാണ്. ജനാധിപത്യ രീതിയിൽ നടത്തുന്ന സമരങ്ങളെ ഇന്നു പുച്ഛിക്കുന്നവർ, മുൻപ് അവർ നടത്തിയ സമരങ്ങളെ റദ്ദ് ചെയ്യുകയാണ്. യുവജന സംഘടനാ പ്രവർത്തകരെന്നു പറയുന്നവർ അൽപം ആത്മനിന്ദയോടെ വേണം ഈ നിലപാടുകൾക്ക് കയ്യടിക്കാനെന്നും ഷാഫി പറഞ്ഞു.
‘‘ആന്തോളൻ ജീവികൾ, അർബൻ നക്സലുകൾ, മാവോയിസ്റ്റുകൾ, തുക്കടേ തുക്കടേ ഗാങ്.. ഇതൊക്കെ കേന്ദ്രത്തിൽനിന്ന്, നരേന്ദ്ര മോദിയിൽനിന്ന്, ഫാഷിസ്റ്റുകളിൽനിന്ന്, സംഘപരിവാറിൽനിന്ന് നമ്മൾ കേൾക്കുന്ന വാക്കുകളാണ്. കെ റെയിലിനെതിരായും നികുതി ഭീകരതയ്ക്ക് എതിരായും സമരം ചെയ്യുമ്പോൾ ഇവിടെ കേൾക്കുന്ന വാക്കുകളോ… തെക്കുവടക്ക് വിവരദോഷികൾ, തെക്കുവടക്ക് വികസന വിരോധികൾ, തീവ്രവാദികൾ, കേരള വികസന വിരുദ്ധർ… ചുരുക്കത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ മലയാള പരിഭാഷയായി പിണറായി വിജയൻ സർക്കാർ മാറി എന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവാണു വേണ്ടത്? എന്തിനാണ് സമരങ്ങളോട് ഇത്ര അസഹിഷ്ണുത? താടിയില്ലെന്നതും ഹിന്ദി പറയില്ലെന്നതും കോട്ടിട്ടിട്ടില്ലെന്നതും മാത്രമാകരുത് ഇരുവരും തമ്മിലുള്ള വ്യത്യാസം’ – ഷാഫി പറഞ്ഞു.
സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞവരെ മന്ത്രിമാരാക്കിയവരാണ് ഈ സർക്കാരിനെ നയിക്കുന്നതെന്നും ഷാഫി ചൂണ്ടിക്കാട്ടി. സിപിഎം ക്രിമിനലായ ആകാശ് തില്ലങ്കേരി പുറത്ത് പാട്ടുംപാടി നടക്കുമ്പോൾ യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസിനെ ജയിലിൽ അടയ്ക്കാനാണ് സർക്കാർ വ്യഗ്രത കാണിക്കുന്നതെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.
സമരം തുടരുക തന്നെ ചെയ്യും. ഒരു പോലീസ് ജീപ്പും കത്തിച്ചിട്ടില്ല ഒരു കെ.എസ്.ആർ.ടി.സി ബസ്സിനും കല്ലെറിഞ്ഞിട്ടില്ല. കളമശ്ശേരിയിൽ ഒരു ചെറുപ്പക്കാരന്റെ തല തല്ലിത്തകർത്തു. സി.പി.എമ്മിന്റെ മുൻ എം.എൽ.എ മരിച്ച വീട്ടിൽ കെട്ടിയ കറുത്ത കൊടി പോലും അഴിച്ചുമാറ്റി. ആകാശ് തില്ലങ്കേരി പാട്ടുംപാടി നടക്കുമ്പോൾ പി.കെ ഫിറോസിനെ ജയിലിൽ അടക്കുന്നതാണ് സർക്കാർ നയം. മലപ്പുറത്ത് യൂത്ത് ലീഗ് പ്രവർത്തകരെ ബസ്സിലിട്ടാണ് പൊലീസ് ക്രൂരമായി മർദിച്ചത്. സമരക്കാർ ആത്മഹത്യാ സ്‌ക്വാഡ് ആണെന്നാണ് പറയുന്നത്. തങ്ങൾക്ക് ആത്മഹത്യാ സ്‌ക്വാഡുകളോ ആകാശ് തില്ലങ്കേരിയെപ്പോലുള്ള കില്ലർ സ്‌ക്വാഡുകളോഇല്ല, സാധാരണക്കാർക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്നും ഷാഫി പറഞ്ഞു.
ഷാഫി പറമ്പിൽ എംഎൽഎയും മാത്യു കുഴൽനാടനും നിയമസഭയിൽ എത്തിയത് കറുത്ത വസ്ത്രങ്ങളണിഞ്ഞ്. സഭയിൽ വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273