പെൺകുട്ടികളുടെ പാവാടയുടെ നീളം പുരുഷ അധ്യാപകർ പരിശോധിച്ചു; സംഭവത്തിൽ പ്രതിഷേധിച്ച് ആൺകുട്ടികൾ പാവാട ധരിച്ചെത്തി

മെർസിസൈഡ്: സ്കൂൾ വിദ്യാർത്ഥിനികളുടെ യൂണിഫോം പാവാടയുടെ നീളം പുരുഷ അധ്യാപകർ പരിശോധിച്ചതിൽ പ്രതിഷേധം. ഇംഗ്ലണ്ടിലെ മെർസിസൈഡിലെ സെന്റ് ഹെലൻസിലെ റെയിൻഫോർഡ് ഹൈസ്കൂളിലാണ് സംഭവം. വിദ്യാർത്ഥിനികളെ വരിവരിയായി നിർത്തി പാവാടയുടെ നീളം പുരുഷ അധ്യാപകർ അളന്ന് അപമാനിക്കുകയും മനുഷ്യത്ത രഹിതമായും പെരുമാറുകയും ചെയ്തു എന്നുമാണ് ആരോപണം.

യൂണിഫോം പാവാടയുടെ നീളത്തിന്റെ പേരിൽ വിദ്യാർത്ഥിനികളെ പുറത്താക്കുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. തുടർന്നാണ് ആൺകുട്ടികൾ പാവാട ധരിച്ചെത്തി  പ്രതിഷേധിച്ചത്. ഇവർക്ക് രക്ഷിതാക്കളും പിന്തുണയറിയിച്ചു. ദ ഗാർഡിയനാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  സ്കൂൾ വിദ്യാർത്ഥിനികളിൽ പലരും കരഞ്ഞുകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് കാര്യം അറിയുന്നതെന്ന് രക്ഷിതാക്കൾ പ്രതികരിച്ചു.

ഓഡിറ്റോറിയത്തിനകത്ത് കയറ്റി പരിശോധിച്ച അധ്യാപകർ  മൃഗത്തെ പോലെയാണ് പെൺകുട്ടിയോട് പെരുമാറിയതെന്ന് രക്ഷിതാവ് കുറ്റപ്പെടുത്തി. കുട്ടിയുടെ പാവാട  കാൽമുട്ടിന് ഒരിഞ്ച് മുകളിലായതിനാൽ അധ്യാപകർ ശാസിച്ചെന്ന് പറഞ്ഞ് 15-കാരി കരഞ്ഞുകൊണ്ട് വീട്ടിലെത്തിയതെന്ന് മറ്റൊരു രക്ഷിതാവ് പ്രതികരിച്ചു.  12 വയസുള്ള മകളുടെ വസ്ത്രം പുരുഷ അധ്യാപകർ പരിശോധിച്ചതിൽ അസ്വസ്ഥയാണെന്ന് മറ്റൊരു രക്ഷിതാവും പറഞ്ഞു.

സ്കൂൾ ഓഡിറ്റോറിയത്തിൽ ആൺകുട്ടികളും പുരുഷന്മാരും നിൽക്കുമ്പോഴായിരുന്നു പരിശോധന. നിര നിരയായി നിർത്തി അധ്യാപകർ കുനിഞ്ഞ് നിന്ന്  പരിശോധന നടത്തി. ഇത് ഏറെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നുവെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.  ഈ പ്രവൃത്തി ഒട്ടുമിക്ക വിദ്യാർത്ഥിനികളെയും മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ടെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും കുറ്റപ്പെടുത്തി.

എന്നാൽ അധ്യാപാകർ മോശമായി പെരുമാറിയതിൽ തെളിവില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. അതേസമയം നൂറുകണക്കിന് വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി എത്തിയത്. ഇത്തരം പ്രാകൃത രീതികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 1800-ഓളം പേർ ഒപ്പിട്ട നിവേദനം പ്രിൻസിപ്പലിന് കൈമാറിയിട്ടുണ്ട്.  2020-ൽ പ്രസിദ്ധീകരിച്ച സ്കൂളിന്റെ യൂണിഫോം നയം ചൊവ്വാഴ്ച മുതൽ കർശനമായി നടപ്പാക്കാൻ ഒരുങ്ങവെ ആയിരുന്നു പ്രശ്നങ്ങൾക്ക് തുടക്കമായത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!