ശമ്പളമില്ലാതെ മാസങ്ങൾ, ദുരിതത്തിലായി മലയാളികളുൾപ്പെടെ 25ഓളം ഇന്ത്യക്കാർ; സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ ഫലം കണ്ടു

സൌദിയിലെ യാമ്പുവിൽ ശമ്പളം ലഭിക്കാതെ മാസങ്ങളോളം ദുരിതത്തിലായ മലയാളികളടങ്ങിയ ഇന്ത്യൻ നിർമാണ തൊഴിലാളികൾക്ക് ആശ്വാസമായി യാമ്പു നവോദയയുടെ ഇടപെടൽ. തൊഴിലുടമയിൽ നിന്ന് ശമ്പളകുടിശ്ശിക ലഭിക്കുകയും തൊഴിലാളികൾ ജോലി പുനരാരംഭിക്കുകയും ചെയ്തു.

യാമ്പു സിറ്റിയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള അൽ നഖലിൽ നടക്കുന്ന യാമ്പു ഹൗസിങ് പ്രൊജക്ടിൽ ജോലി ചെയ്യാൻ  കരാടിസ്ഥാനത്തിലെത്തിയ ഇരുപത്തിയഞ്ചോളം ഇന്ത്യൻ തൊഴിലാളികളായിരുന്നു ദുരിതത്തിലായത്. കഴിഞ്ഞ 11 മാസത്തോളമായി ശമ്പളമോ മറ്റു പ്രാഥമിക സൗകര്യങ്ങളോ കമ്പനിയിൽ നിന്നു ലഭിക്കുന്നുണ്ടായിരുന്നില്ല. തൊഴിലാളികൾ അനുഭവിക്കുന്ന കഷ്ടപ്പാടിന്റെ വിവരം  അറിഞ്ഞ ജിദ്ദ നവോദയ യാമ്പു ഏരിയാകമ്മിറ്റി  ജീവകാരുണ്യ വിഭാഗം വിഷയത്തിൽ ഇടപെടുകയായിരുന്നു.

ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റുമായും റിയാദിലെ ഇന്ത്യൻ എംബസിയുമായും തൊഴിലാളികളുടെ പ്രശ്നങ്ങൾ ഇ –മെയിലിലൂടെയും മറ്റും അറിയിച്ചു നിരന്തരം നടത്തിയ ഇടപെടലുകൾ ഒടുവിൽ ഫലപ്രാപ്തി കണ്ടു. നവോദയയുടെ ഭാരാവാഹികൾ അയച്ച പരാതി ലഭിച്ചതിനെ തുടർന്നു ജിദ്ദ കോൺസുലേറ്റ്‌ ഉദ്യോഗസ്ഥൻ വിളിച്ചു വിവരങ്ങൾ ആരായുകയും തുടർന്ന് ഇന്ത്യൻ എംബസി റിയാദ്‌ ഓഫിസിൽ നിന്ന് ലേബർ അറ്റാഷെ കട്ടേര കമ്പനിക്ക് ഔദ്യോഗികമായി കത്തയക്കുകയും  ചെയ്തു.

സൗദി തൊഴിൽ നിയമ പ്രകാരം തൊഴിലുടമ എല്ലാ മാസവും തൊഴിലാളികൾക്കു കൃത്യമായി ശമ്പളം നൽകണമെന്നും കാലാവധികഴിഞ്ഞ താമസരേഖകളും മറ്റും വൈകാതെ പുതുക്കിനൽകണമെന്നും ഒപ്പം തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങളും ഉടനെ പരിഹരിക്കണമെന്നും ലേബർ അറ്റാഷെ ഈ മാസം (19) ന് അയച്ച കത്തിൽ പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു. മാനുഷിക വിഭവശേഷി വിഭാഗത്തിലെ ഉന്നത സൗദി ഉദ്യോഗസ്ഥൻ തൊഴിലാളികളെ സന്ദർശിച്ചു പ്രശ്നപരിഹാരത്തിനു ശ്രമം തുടങ്ങി. ആദ്യഘട്ടമായി ശമ്പള കുടിശ്ശികയിൽ നിന്ന് ഒരു മാസത്തെ വേതനം 22 ന് തൊഴിലാളികൾക്കു കമ്പനി വിതരണം ചെയ്തു. കൂടാതെ 3 മാസമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പുനരാരംഭിക്കാനും തീരുമാനമായി.

തികച്ചും ഗ്രാമീണ കാർഷിക മേഖലയായ  പ്രൊജക്ട്‌ സൈറ്റിൽ  ഒറ്റപ്പെട്ട ദുരിതജീവിതമായിരുന്നു ഇന്ത്യൻ തൊഴിലാളികൾ നയിച്ചിരുന്നത്. മലയാളികളെ കൂടാതെ ഉത്തർപ്രദേശ്‌ , രാജസ്ഥാൻ, ബംഗാൾ  എന്നീ സംസ്ഥാനങ്ങളിൽ നിന്നുളളവരാണു തൊഴിലാളികൾ .യാമ്പുവിലെ സുമനസുകളുടെ സഹകരണത്തോടെ  നവോദയ പ്രവർത്തകർ ദുരിതത്തിലായിരുന്ന തൊഴിലാളികൾക്കു ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തിരുന്നു. നവോദയ പ്രവർത്തകർക്കു തൊഴിലാളികൾ നന്ദി അറിയിച്ചു.ജിദ്ദ  ഇന്ത്യൻ കോൺസിലേറ്റിലേയും  റിയാദിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥർക്കും  മറ്റു സഹായ സഹകരണങ്ങൾ നൽകിയ യാമ്പുവിലെ സുമനസുകൾക്കും നവോദയ  ഏരിയ  ജീവകാരുണ്യ  കൺവീനർ എ. പി. സക്കീർ നന്ദി പറഞ്ഞു.

രക്ഷാധികാരി അജോ ജോർജ്, സെക്രട്ടറി സിബിൽ ഡേവിഡ്‌, പ്രസിഡന്റ്‌ വിനയൻ, ട്രഷറർ ശ്രീകാന്ത്‌, ഏരിയാ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ നാസർ, നൗഷാദ്‌, ബിഹാസ്‌, റെജി, സമീർ ബിജുവെള്ളിമറ്റം , ഷൗക്കത്ത്‌ തുടങ്ങിയവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!