ജാഥയിലെ അസാന്നിധ്യത്തിനിടെ വീണ്ടും വിവാദം; ഇ.പി. വിവാദ ഇടനിലക്കാരൻ നന്ദകുമാറിനൊപ്പം ചടങ്ങിൽ

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാതെ വിട്ടുനിൽക്കുന്ന എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജൻ, വിവാദ ഇടനിലക്കാരൻ നന്ദകുമാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തു. ഞായറാഴ്ച കൊച്ചിയിലെ ക്ഷേത്രത്തില്‍ നടന്ന സ്വകാര്യ ചടങ്ങിൽ ഇ.പി. ജയരാജൻ പങ്കെടുക്കുന്നതിന്റെ വിഡിയോ ദൃശ്യം പുറത്തായി. എം.വി.ഗോവിന്ദന്റെ ജാഥ ആരംഭിക്കുന്നതിന്റെ തലേന്നായിരുന്നു ചടങ്ങ്. ജാഥയിൽനിന്ന് ഇ.പി. വിട്ടുനിൽക്കുന്നത് വിവാദമായിരിക്കെയാണ്, നന്ദകുമാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ പോയതുമായി ബന്ധപ്പെട്ട പുതിയ വിവാദം.

ഇ.പി.ജയരാജനൊപ്പം മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ ഇടത് സഹയാത്രികനുമായ കെ.വി.തോമസും ചടങ്ങിൽ സംബന്ധിച്ചു. അതേസമയം, ഇ.പി. നന്ദകുമാറിനൊപ്പം ചടങ്ങില്‍ പങ്കെടുത്ത വിവരം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ പ്രതികരിച്ചു. എൽഡിഎഫ് കൺവീനർക്ക് ഏതു സമയവും ജാഥയിൽ പങ്കെടുക്കാം. ഇ.പി.ജയരാജന് ജാഥയിൽ പങ്കെടുക്കാൻ ഇനിയും സമയമുണ്ടല്ലോയെന്നും ഗോവിന്ദൻ പ്രതികരിച്ചു.

അസാന്നിധ്യം ഇതിനകം വിവാദമായെങ്കിലും ഇ.പി.ജയരാജൻ തുടർന്നും ജാഥയിൽ പങ്കെടുക്കില്ലെന്നാണ് വിവരം. പി.ജയരാജൻ സംസ്ഥാന സമിതിയിൽ ഉന്നയിച്ച ആയുർവേദ റിസോർട്ട് പരാതിയിൽ വിശദീകരണം നൽകിയിട്ടും തീരുമാനം വൈകുന്നതിലുള്ള നീരസത്തിലാണ് ഇ.പിയെന്നാണു വിവരം. ഇക്കാര്യത്തിൽ അനൂകൂല നടപടി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായെങ്കിലേ തീരുമാനം മാറ്റൂ. ജാഥയുടെ ഉദ്ഘാടനച്ചടങ്ങിലോ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ പര്യടനത്തിലോ ഇ.പി പങ്കെടുത്തിട്ടില്ല.

അതേ സമയം എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ തന്റെ വീട്ടിലെത്തിയെന്ന ആരോപണം നിഷേധിച്ച് വിവാദ ഇടനിലക്കാരൻ നന്ദകുമാർ. ഇ.പി.ജയരാജനെ താൻ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ക്ഷേത്രത്തിൽ സംഘടിപ്പിച്ച ചടങ്ങിലേക്ക് എത്തിയത് യാദൃശ്ചികമായെന്നും നന്ദകുമാർ പ്രതികരിച്ചു. അവിടെവച്ച് മുതിർന്ന ആളെന്ന നിലയിൽ തന്റെ അമ്മയെ ഷാളണിയിക്കുകയായിരുന്നു. കെ.വി.തോമസ് ചടങ്ങിലേക്ക് എത്തിയതും താൻ ക്ഷണിച്ചിട്ടല്ലെന്ന് നന്ദകുമാർ അറിയിച്ചു.

‘ജയരാജനെ ഞാൻ ക്ഷണിച്ചിട്ടില്ല. സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എം.പി.മുരളീധരൻ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിനെ കുറിച്ച് ജയരാജനോട് സൂചിപ്പിച്ചു. ഉത്സവം പ്രമാണിച്ച് എട്ടു ദിവസം എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകൾക്കും ഭക്ഷണം നൽകുന്നുണ്ടെന്നും അതിനാൽ ഉച്ചയ്ക്ക് അവിടെനിന്ന് കഴിക്കാമെന്ന് മുരളീധരൻ‌ പറഞ്ഞതു പ്രകാരമാണ് ജയരാജൻ എത്തിയത്. അതൊരു സ്വകാര്യ ചടങ്ങല്ല. വന്നപ്പോൾ എന്റെ അമ്മയെ കണ്ടു. മുതിർന്ന ആളെന്ന നിലയിൽ ഷാൾ അണിയിക്കുകയും ചെയ്തു. കെ.വി.തോമസിനെയും ക്ഷണിച്ചിട്ടില്ല.

എന്റെ വീട്ടിലൊന്നും ജയരാജൻ വന്നിട്ടില്ല. ഒരു പൊതു ചടങ്ങിലേക്കാണ് വന്നത്. എട്ടു ദിവസം മൂന്നു നേരം വീതം ക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നുണ്ട്. അതിലേക്കാണ് അദ്ദേഹം വന്നത്. 4,000 പേർ ഭക്ഷണം കഴിച്ച ചടങ്ങ് എങ്ങനെ സ്വകാര്യമാകും. ഉത്സവം നടക്കുന്ന ആരാധനാലയത്തിലേക്ക് വരാൻ ക്ഷണിക്കണമെന്നില്ലല്ലോ?

അമ്മയുടെ എൺപതാം പിറന്നാളാഘോഷം ജനുവരി 21നായിരുന്നു. അന്ന് മുഖ്യമന്ത്രി പിണറായി വിജയനേയും ഇ.പി.ജയരാജനേയും ക്ഷണിച്ചിരുന്നു. എന്നാൽ അന്ന് അവർക്ക് എത്താൻ കഴിഞ്ഞിരുന്നില്ല.’– നന്ദകുമാർ പറഞ്ഞു.

എന്നാൽ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി ഇ.പി.ജയരാജൻ രംഗത്തെത്തി. കൊച്ചിയിലെത്തിയ സമയത്ത് ഒരു ക്ഷേത്രത്തിലെ ചടങ്ങിനാണ് പോയതെന്ന് ഇ.പി.ജയരാജൻ പറഞ്ഞു. അവിടെവച്ച് ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെടുകയായിരുന്നു. അത് നന്ദകുമാറിന്റെ അമ്മയാണെന്ന് അറിയില്ലായിരുന്നുവെന്ന് പറഞ്ഞ ജയരാജൻ, ഈ വാർത്തകൾക്കു പിന്നിൽ ആരാണെന്ന് തനിക്കറിയാമെന്നും വ്യക്തമാക്കി.

അതേസമയം, ജയരാജന് ഇനിയും ജാഥയിൽ പങ്കെടുക്കാൻ സമയമുണ്ടെന്നായിരുന്നു എം.വി.ഗോവിന്ദന്റെ പ്രതികരണം. ഇ.പി. ജയരാജൻ നന്ദകുമാറിന്റെ വീട്ടിലെത്തിയ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

‘‘എൽഡിഎഫ് കണ്‍വീനർ ജാഥയുടെ ഏതു സമയത്തും 18–ാം തീയതി വരെയും അല്ലെങ്കിൽ 18–ാം തീയതിയും പങ്കെടുക്കാൻ സാധ്യതയുള്ളതാണല്ലോ. അതുകൊണ്ട് നിങ്ങൾ അതിൽ വിഷമിക്കേണ്ട. ഇപ്പോൾ ജാഥാംഗങ്ങളല്ലേ ഇതിൽ പങ്കെടുക്കുന്നുള്ളൂ. സ്വീകരണ പരിപാടിയിലല്ലേ പങ്കെടുക്കേണ്ടത്. ഇതിന്റെ ഉദ്ഘാടന പരിപാടിക്ക് ഞാൻ തന്നെ ക്ഷണിച്ചതാണ്. പക്ഷേ, മുഖ്യമന്ത്രി ഉണ്ടല്ലോ പിന്നെ ഞാനെന്തിനാണ് വരുന്നത് എന്ന രീതിയിലാണ് അന്ന് സംസാരിച്ചത്. ഇക്കാര്യം എന്നോടു തന്നെ നേരിട്ടു പറഞ്ഞതാണ്’ – എം.വി.ഗോവിന്ദൻ വിശദീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!