പ്രവാസി എഞ്ചിനീയര്‍മാരുടെ യോഗ്യതാ പ്രശ്നം; ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് അധികൃതര്‍

കുവൈത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത സംബന്ധിച്ച് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള കര്‍ശന നിബന്ധനകള്‍ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിലെയും കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സിലെയും  അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‍തു. എഞ്ചിനീയര്‍മാരുടെ യോഗ്യതാ പരിശോധന സംബന്ധിച്ച് നിലവിലുള്ള മാനദണ്ഡങ്ങള്‍ തന്നെ തുടരുമെന്നും അറിയിച്ചിട്ടുണ്ട്.

 

അടുത്തിടെ 5,248 എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകാരത്തിനായി ലഭിച്ചിട്ടുണ്ട്. അതേസമയം അക്കൗണ്ടന്റ് പോലുള്ള ജോലികളില്‍ തുടരുന്ന 16,000ല്‍ അധികം പ്രവാസികളുട സര്‍ട്ടിഫിക്കറ്റ് പരിശോധന പുരോഗമിക്കുകയുമാണ്. ഈയിടെ നടത്തിയ പരിശോധനകളില്‍ 81 എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ മതിയായ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഏഴെണ്ണം വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായിരുന്നു. അംഗീകാരം നല്‍കാന്‍ യോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ 16 എണ്ണം ഈജിപ്തുകാരുടെയും 14 എണ്ണം ഇന്ത്യക്കാരുടെയുമാണ്. സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ളവരില്‍ എഴുപത് ശതമാനത്തിലധികവും ഈജിപ്തുകാരാണെന്നും കണക്കുകള്‍ പറയുന്നു.

അതേസമയം ഇന്ത്യക്കാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ പ്രത്യേക രീതി വേണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സ് മേധാവി പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയറിങ് ബിരുദധാരികള്‍ നാഷണല്‍ ബോര്‍ഡ‍് ഓഫ് അക്രഡിറ്റേഷന്റെ (എന്‍.ബി.എ) അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിച്ചവരായിരിക്കണമെന്നതാണ് കുവൈത്തിലെ നിബന്ധന. എന്നാല്‍ ഇന്ത്യയിലെ ഭൂരിപക്ഷം എഞ്ചിനീയറിങ് കോളേജുകള്‍ക്കും എന്‍ബിഎ അക്രഡിറ്റേഷനില്ല.

 

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എജ്യൂക്കേഷന്റെ (എഐസിടിഇ) അംഗീകാരമാണ് ഇന്ത്യയില്‍ എഞ്ചിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള മാനദണ്ഡം. ഐസ്ഒ പോലുള്ള ഒരു ഗുണനിലവാര പരിശോധനാ സ്ഥാപനമെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍ബിഎയുടെ അക്രഡിറ്റേഷന്‍ സര്‍ക്കാര്‍ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ ഭൂരിപക്ഷം എഞ്ചിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമില്ല. 2013ല്‍ എന്‍ബിഎ സ്വതന്ത്ര അക്രഡിറ്റേഷന്‍ സ്ഥാപനമായി മാറിയ ശേഷം ചില സ്ഥാപനങ്ങള്‍ അക്രഡിറ്റേഷന്‍ നേടിയിട്ടുണ്ട്. എന്നാല്‍ തൊഴില്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കുന്ന പ്രവാസി, പഠിച്ചിരുന്ന സമയത്ത് സ്ഥാപനത്തിന് എന്‍ബിഎ അക്രഡിറ്റേഷന്‍ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയിലുള്ളതിനാല്‍ ഇവര്‍ക്കും എന്‍ഒസി ലഭിക്കുന്നില്ല. വ്യവസ്ഥയില്‍ ഇളവ് അനുവദിക്കില്ലെന്ന് അറിയിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാനാണ് സാധ്യത.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!