പുറത്തിറങ്ങിയാൽ മകന്‍ മരിക്കുമെന്ന് പേടി; ഭര്‍ത്താവിനെ പോലും 3 വര്‍ഷമായി വീട്ടില്‍ കയറ്റിയില്ല, മൂന്ന് വർഷത്തോളം പുറം ലോകം കാണാതെ 10 വയസ്സുകാരനും അമ്മയും

ഗുരുഗ്രാം: കോവിഡിനെ ഭയന്ന് മൂന്നു വർഷത്തോളം പുറംലോകവുമായി ബന്ധമില്ലാതെ വീട്ടിൽ അടച്ചു പൂട്ടിയിരുന്ന് അമ്മയും മകനും. 33 കാരിയായ മുൻമുൻ മാജിയും അവരുടെ പത്തു വയസ്സുള്ള മകനുമാണ് സ്വയരക്ഷയ്ക്കായി വീട്ടിൽ തടവറ തീർത്തത്. ഗുരുഗ്രാമിലെ ചക്കാർപുരിലാണ് സംഭവം. മുൻമുനിന്റെ ഭർത്താവ് സുജൻ മാജി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അതുവരെ ഇവർ വീട്ടിലുണ്ടെന്ന വിവരം അയൽവാസികൾക്കു പോലും അറിയില്ലായിരുന്നെന്നാണ് വിവരം.

ഒരു പ്രൈവറ്റ് കമ്പനിയിലെ എൻജിനീയറാണ് സുജൻ. സുജൻ അറിയിച്ചതിനു പിന്നാലെ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയാണ് മുൻമുനെയും മകനെയും പുറത്തെത്തിച്ചത്. മൂന്നു വർഷത്തിനു ശേഷം പുറത്തിറങ്ങിയ അമ്മയും മകനും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

 

 

കോവിഡ് 19 മുൻമുനിനെ ഏറെ ഭയപ്പെടുത്തിയിരുന്നെന്നും പുറത്തിറങ്ങിയാൽ കുട്ടി മരിച്ചു പോകുമെന്നു വരെ അവർ പേടിച്ചതായും പൊലീസ് പറഞ്ഞു. ഭർത്താവിനെ പോലും വീടിനുള്ളിൽ പ്രവേശിക്കാൻ മുൻമുൻ അനുവദിച്ചിരുന്നില്ല. 2020ലെ ആദ്യ ലോക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതിനു പിന്നാലെ വീട്ടിൽനിന്ന് ഓഫിസിലേക്കു പോയ ഇയാളെ പിന്നീട് ഇതുവരെ വീട്ടിൽ കയറാൻ ഭാര്യ അനുവദിച്ചിരുന്നില്ല. വിഡിയോ കോളിലൂടെയാണ് ഇയാൾ കുടുംബവുമായി ബന്ധപ്പെട്ടിരുന്നത്. എന്നാൽ വീടിന്റെ വാടകയും വൈദ്യുതി ബില്ലും എല്ലാം ഇയാൾ കൃത്യമായി അടച്ചിരുന്നു. വീട്ടിലേക്ക് സാധനങ്ങളും വാങ്ങി നൽകിയിരുന്നു.

വിവരമറിഞ്ഞ് പൊലീസിനൊപ്പം ആരോഗ്യപ്രവർത്തകരും ചൈൽഡ് വെൽഫെയർ ഡിപാർട്മെന്റ് അംഗങ്ങളും വീട്ടിലെത്തിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണു കണ്ടത്. വസ്ത്രങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്ന, ഭക്ഷണാവശിഷ്ടങ്ങളും മുടിയും ഉൾപ്പെടെ നിറഞ്ഞ് വൃത്തിഹീനമായ അന്തരീക്ഷമാണ് അകത്തുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെയും മുൻമുനിന്റെയും മുടി അവിടെനിന്ന് മുറിക്കാറുണ്ടായിരുന്നെന്നാണ് മനസ്സിലായതെന്നും ഇവർ പറഞ്ഞു.

ഗ്യാസ് സ്റ്റൗവിനു പകരം ഇൻഡക്‌ഷൻ ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും മൂന്നു വർഷത്തോളം പുറത്തേക്ക് കളഞ്ഞിരുന്നില്ല. ഇക്കാലയളവിൽ വീട്ടിൽനിന്ന് ഇവർ പുറത്തിറങ്ങുകയോ വീട്ടിലേക്ക് ആരെയെങ്കിലും പ്രവേശിപ്പിക്കുകയോ ചെയ്തിരുന്നില്ല. വീടിന്റെ ചുമരുകളിൽ നിറയെ കുട്ടി വരച്ച ചിത്രങ്ങളാണ്. പെൻസിൽ ഉപയോഗിച്ചാണ് കുട്ടി എഴുതിയിരുന്നത്. മൂന്നു വർഷമായി കുട്ടി പുറത്തിറങ്ങി പകൽവെളിച്ചം പോലും കണ്ടിട്ടില്ല.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!