സമ്പന്നനായ വിദേശ മലയാളിക്ക് 3 ലക്ഷം ധനസഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ വൻ തട്ടിപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പുകൾ കണ്ടെത്തി വിജിലൻസ്. ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർക്ക് ധനസഹായം വാങ്ങി നൽകുന്നതിനായി ചില കലക്ടറേറ്റുകളിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഏജന്റുമാർ പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എറണാകുളം ജില്ലയിലെ സമ്പന്നനായ വിദേശ മലയാളിക്ക് ചികിത്സാ ധനസഹായമായി 3,00,000 രൂപയും മറ്റൊരു വിദേശ മലയാളിക്ക് 45,000 രൂപയും അനുവദിച്ചിട്ടുള്ളതായാണ് കണ്ടെത്തിയത്.

നിലമ്പൂരിൽ  മെഡിക്കൽ സർട്ടിഫിക്കറ്റിൽ ചികിത്സയ്ക്കായി ചെലവായ തുക രേഖപ്പെടുത്താത്ത അപേക്ഷകളിലും ഫണ്ട് അനുവദിച്ചതായും സ്പെഷലിസ്റ്റ് അല്ലാത്ത ഡോക്ടർമാർ വിവിധ തരത്തിലുള്ള ഗുരുതര രോഗങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളതായും കണ്ടെത്തി.

പാലക്കാട് ജില്ലയിൽ പരിശോധനയ്ക്ക് വിധേയമാക്കിയ 15 അപേക്ഷകളിലെ 5 അപേക്ഷകളോടൊപ്പം ചേർത്തിരുന്ന  മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹൃയസംബന്ധമായ അസുഖത്തിന് ആയുർവേദ ഡോക്ടറായ ഒരാൾ നൽകിയതാണെന്നും അഞ്ചു അപേക്ഷകൾ ഒരേ ഏജന്റ് മുഖേന സമർപ്പിച്ചതാണെന്നും കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ ഒരു ഏജന്റിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളിൽ ഫണ്ട് അനുവദിച്ചതായി കണ്ടെത്തി.

കൊല്ലം ജില്ലയിൽ 20 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ 13 എണ്ണം എല്ലുരോഗ വിദഗ്ധനായ ഒരു ഡോക്ടർ നൽകിയതാണെന്ന് കണ്ടെത്തി. പുനലൂർ താലൂക്കിൽ ഒരു ഡോക്ടർ ഏകദേശം 1500 സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്.  കരുനാഗപ്പള്ളിയിൽ 14 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ 11 എണ്ണവും ഒരു ഡോക്ടർ നൽകിയതാണ്.

കോട്ടയം ജില്ലയിൽ നടത്തിയ പരിശോധനയിൽ മുണ്ടക്കയം സ്വദേശിയായ ഒരാൾക്ക് 2017-ൽ ഹൃദയസംബന്ധമായ അസുഖത്തിന് കോട്ടയം കലക്ടറേറ്റ് മുഖേന 5000 രൂപയും 2019 ൽ ഇതേ അസുഖത്തിന് ഇടുക്കി കലക്ടറേറ്റ് മുഖേന 10000 രൂപയും 2020 ൽ ഇതേ വ്യക്തിയ്ക്ക് കാൻസറിന് കോട്ടയം കലക്ടറേറ്റ് മുഖേന 10000 രൂപ അനുവദിച്ചതായും ഇതിനെല്ലാം മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത് കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധനായ ഡോക്ടറാണെന്നും കണ്ടെത്തി. ഇടുക്കി കലക്ടറേറ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ അപേക്ഷരുടെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ പേരും രോഗവിവരങ്ങളും പലപ്രാവശ്യം വെട്ടി തിരുത്തിയിട്ടുള്ളതായും മറ്റൊരപേക്ഷയോടൊപ്പമുള്ള ഫോൺ നമ്പരിൽ വിളിച്ചപ്പോൾ അത് ഏജന്റിന്റെ നമ്പരാണെന്നും വിജിലൻസ് കണ്ടെത്തി.

കാസർകോട് ജില്ലയിൽ രണ്ട് അപേക്ഷയോടൊപ്പം സമർപ്പിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് ഒരേ കയ്യക്ഷരത്തിലുള്ളതാണെന്ന് കണ്ടെത്തി.  എന്നാൽ അതിൽ ഒപ്പ് പതിച്ചിരിക്കുന്നത് രണ്ട് ഡോക്ടർമാരാണെന്നും ഇത് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും വിജിലൻസ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!