ഇസ്രയേലിലേക്ക് പോയ മറ്റൊരു സംഘത്തിലെ സ്ത്രീകൾ ഉൾപ്പെടെ 6 പേർ ‘മുങ്ങി’; പാസ്പോർട്ടും തിരികെ വാങ്ങിയില്ല

ഇസ്രയേലിലെ ആധുനിക കൃഷിരീതികളെക്കുറിച്ചു പഠിക്കാൻ കേരളത്തിൽനിന്നു പുറപ്പെട്ട സംഘത്തിൽനിന്ന് കാണാതായ ഇരിട്ടി സ്വദേശി ബിജു കുര്യനെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുന്നതിനിടെ, ഇസ്രയേലിലേക്കു യാത്രപോയ മറ്റൊരു സംഘത്തിലെ 5 സ്ത്രീകൾ ഉൾപ്പെടെ 6 പേരേക്കൂടി കാണാതായതായി ഡിജിപിക്ക് പരാതി. നാലാഞ്ചിറയിലെ പുരോഹിതനൊപ്പം ഇസ്രയേലിലേക്കു തീർഥാടനത്തിനായി പോയവരെയാണ് കാണാതായത്. കാണാതായവർ 50 വയസിനു മുകളിലുള്ളവരാണെന്ന് തീർഥാടനത്തിനു നേതൃത്വം നൽകിയ ഫാ.ജോർജ് ജോഷ്വാ പറഞ്ഞു.

2006 മുതൽ വിവിധ ട്രാവൽ ഏജൻസികളുടെ സഹായത്തോടെ ഫാ. ജോർജ് ജോഷ്വാ തീർഥാടനം നടത്തുന്നുണ്ട്. ഫെബ്രുവരി 8നാണ് യാത്ര പുറപ്പെട്ടത്. ഈജിപ്ത് വഴി 11ന് ഇസ്രയേലിൽ പ്രവേശിച്ചു. 14ന് വൈകിട്ട് എൻ കരേം എന്ന ടൂർ സൈറ്റിൽ നിന്നും 3 പേരെയും 15ന് വെളുപ്പിന് ബത്‌ലഹേമിലെ ഹോട്ടലിൽ നിന്നു 3 പേരെയും കാണാതായി. ഇവരിൽ മൂന്നു പേർ തിരുവനന്തപുരം സ്വദേശികളും രണ്ടു പേർ കൊല്ലം കുണ്ടറ സ്വദേശികളുമാണ്. ഒരാൾ വർക്കലയിൽ താമസിക്കുന്ന ഇടുക്കി സ്വദേശിനിയാണ്.

ആറു പേരെ കാണാതായതിനെ തുടർന്ന് 15ന് ഇസ്രയേൽ എമിഗ്രേഷൻ പൊലീസിൽ ഇ മെയിലിലൂടെ പരാതി നൽകി. ഇസ്രയേൽ ലോക്കൽ പൊലീസിൽ ഫോൺ മുഖാന്തിരം പരാതി നൽകിയതിനെ തുടർന്ന് അവർ സ്ഥലത്തുവന്ന് വിവരങ്ങൾ തിരക്കി. സൂക്ഷിക്കാൻ ഏൽപിച്ചിരുന്ന പാസ്പോർട്ടുകൾ തിരികെ വാങ്ങാതെയാണ് എല്ലാവരും മുങ്ങിയതെന്ന് ഫാ.ജോർജ് ജോഷ്വാ പരാതിയിൽ പറയുന്നു.‌

ആദ്യമായാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നതെന്ന് ഫാദർ ജോർജ് ജോഷ്വ പറഞ്ഞു. ആകെ 27 പേരാണ് സംഘത്തിലുണ്ടായിരുന്നത്. കാണാതായവരുടെ ബന്ധുക്കൾ ഇസ്രയേലിൽ ഉള്ളതായി സംശയമുണ്ട്. പലസ്തീൻ ഭാഗത്തുവച്ച് അപ്രത്യക്ഷരായ ഇവർക്ക്, പിന്നീട് ഇസ്രയേലിലേക്കു പ്രവേശിക്കണമെങ്കിൽ അവിടെ പരിചയക്കാർ ഉണ്ടാകണമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഈ സംഭവം കാരണം താനും യാത്ര ചെയ്ത മറ്റുള്ളവരും യാത്രയ്ക്കു സഹായിച്ച തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രാവൽ ഏജൻസിയും വലിയ പ്രതിസന്ധിയിലായെന്ന് ഫാ.ജോർജ് ജോഷ്വ പറഞ്ഞു.

ഇസ്രയേലിലെ കൃഷിരീതികൾ പഠിക്കാൻ പോയ സർക്കാർ സംഘത്തിൽനിന്നും കാണാതായ ബിജു കുര്യൻ എന്ന കർഷകന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ തിരികെ അയയ്ക്കാൻ ഇന്ത്യൻ എംബസിക്ക് സർക്കാർ കത്തയച്ചിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!