സൗദി സ്ഥാപകദിനം: കരിമരുന്ന്, ഘോഷയാത്ര, കലാവിരുന്ന്; രാജ്യത്തുടനീളം അഞ്ഞൂറോളം ആഘോഷ പരിപാടികൾ
സൗദി അറേബ്യയുടെ സ്ഥാപകദിനമായ നാളെ (ഫെബ്രുവരി 22) രാജ്യത്ത് പൊതുഅവധിയാണ്. പൊതുമേഖലാ ജീവനക്കാർക്കും വിദ്യാർഥികൾക്കും ഫെബ്രുവരി 23 വ്യാഴാഴ്ചയും അവധി ലഭിക്കും. ഇതിനോട് ചേർന്ന് തൊട്ടടുത്ത ദിവസങ്ങളായ വെള്ളിയും ശനിയും വാരാന്ത്യ അവധി കൂടി ചേരുന്നതോടെ അവധി നാല് ദിവസമാകും.
കഴിഞ്ഞ വർഷം മുതലാണ് രാജ്യത്ത് സ്ഥാപക ദിനം ആചരിച്ച് തുടങ്ങിയത്. രാജ്യത്താകെ ആഘോഷം പൊടിപൊടിക്കാൻ ഒരുക്കം നടക്കുകയാണ്.
വിവിധ പ്രവിശ്യകളിലായി ചെറുതും വലുതമായ അഞ്ഞൂറോളം പരിപാടികളാണ് സംഘടിപ്പിക്കുന്നത്. രാജ്യം സ്ഥാപിച്ച റിയാദിലെ ദിരിയ്യയോട് ചേർന്നാകും പ്രധാന പരിപാടികൾ. മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് 1727 ൽ ഇമാം മുഹമ്മദ് ബിൻ സൗദിന്റെ നേതൃത്വത്തിൽ റിയാദിലെ ദിരിയ്യ ആസ്ഥാനമായി ആദ്യത്തെ സൗദി രാഷ്ട്രം സ്ഥാപിതമായതാണ് ആഘോഷത്തിന് പിന്നിൽ. വിവിധ കലകളിലൂടെ സൗദിയുടെ ചരിത്രം രാജ്യത്തുടനീളം തെരുവുകളിൽ പ്രദർശിപ്പിക്കും.
ഫെബ്രുവരി 22 മുതൽ ഫെബ്രുവരി 27 വരെ റിയാദിലെ പ്രിൻസസ് നൂറ യൂണിവേഴ്‌സിറ്റിയിലെ കോൺഫറൻസ് സെന്ററിൽ നാടകങ്ങൾ അവതരിപ്പിക്കും. സ്ഥാപക ദിനത്തിൽ കരിമരുന്ന് പ്രയോഗങ്ങളും വ്യോമാഭ്യാസങ്ങളുമുണ്ട്. ഫെബ്രുവരി 24ന് വെള്ളിയാഴ്ച രാത്രി ഇശാ നമസ്കാരത്തിന് ശേഷം സ്ഥാപകദിന ചരത്രം പറയുന്ന ചരിത്ര ഘോഷയാത്രയും ഒരുക്കുന്നുണ്ട്. റിയാദിലെ പ്രിൻസ് തുർക്കി ബിൻ അബ്ദുൽ അസീസ് അൽ അവ്വൽ റോഡിലായിരിക്കും ഘോഷയാത്ര.
ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ കിംഗ് ഫഹദ് നാഷണൽ ലൈബ്രറിയിൽ സെമിനാറും ശിൽപശാലകളുമുണ്ട്. റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റും സാംസ്കാരിക പരിപാടികൾക്ക് സാക്ഷ്യം വഹിക്കും.
റിയാദിലെ സഖർ അൽ ജസീറ ഏവിയേഷൻ മ്യൂസിയത്തിലേക്ക് ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് സന്ദർശകർക്ക് സൌജന്യമായി പ്രവേശനം അനുവദിക്കും. നിരവധി ആഘോഷ പരിപാടികളും ഇവിടെയുണ്ടാകും. രാജ്യത്തുടനീളം സ്ഥാപക ദിനാഘോഷത്തിൻ്റെ ഭാഗമായി നിരവധി പരിപാടികളാണ് ഒരുക്കുന്നത്. ഓരോ നഗരവും തിരിച്ചുള്ള പരിപാടികളുടെ പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273