കളിക്കുന്നതിനിടെ 4 വയസ്സുകാരനെ തെരുവുനായക്കൂട്ടം കടിച്ച് കൊന്നു
ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദിൽ തെരുവുനായക്കൂട്ടത്തിന്റെ ആക്രമണത്തിൽ നാലു വയസ്സുകാരന് ദാരുണാന്ത്യം. ഞായറാഴ്ച, പിതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ കളിക്കുന്നതിനിടെയാണ് പ്രദീപ് എന്ന കുട്ടി തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നു. പ്രദീപിന്റെ പിതാവ് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
കുട്ടി ഒറ്റയ്ക്ക് നടക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. കുറച്ചുസമയത്തിനുശേഷം മൂന്നു നായ്ക്കൾ കുട്ടിയുടെ നേരെ വന്ന് അവനെ വളയുന്നു. പരിഭ്രാന്തനായ കുട്ടി ഓടാൻ ശ്രമിച്ചെങ്കിലും നായ്ക്കൾ കൂട്ടം ചേർന്ന് ആക്രമിക്കുകയാണ്. കുട്ടി രക്ഷപ്പെടാൻ പാടുപെടുമ്പോൾ നായ്ക്കൾ വസ്ത്രങ്ങൾ വലിച്ചുകീറുന്നു.
എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴെല്ലാം നായ്ക്കളുടെ ആക്രമണത്തിൽ കുട്ടി നിലത്തുവീഴുന്നത് വിഡിയോയിൽ കാണാം. അധികം വൈകാതെ നായ്ക്കൾ പൂർണ്ണമായും കുട്ടിയെ കീഴടക്കുകയും ശരീരം മുഴുവൻ കടിക്കുകയും ചെയ്യുന്നു. നായ്ക്കൾ കുട്ടിയെ കടിച്ചെടുത്ത് ഒരു മൂലയിലേക്ക് വലിച്ചിഴയ്ക്കുമ്പോൾ വേറെ മൂന്നു നായ്ക്കളെയും ദൃശ്യങ്ങളിൽ കാണാം. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ കുടുംബം ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഗുജറാത്തിലെ സൂറത്തിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നാല് വയസ്സുള്ള ആൺകുട്ടി മരിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് തെലങ്കാനയിലും സമാനമായ സംഭവം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273