തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ പ്രത്യേക സംവിധാനം; മിക്ക കേസുകളും 5 ദിവസത്തിനുള്ളിൽ പരിഹരിച്ചു

കഴിഞ്ഞവർഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തൊഴിൽ തർക്കങ്ങളിൽ 73 ശതമാനവും രമ്യമായി പരിഹരിച്ചതായി സൗദി മാനവ വിഭവശേഷി വികസന മന്ത്രാലയം. തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് മന്ത്രാലയം ഏർപ്പെടുത്തിയ ‘വുദി’ (സൗഹൃദ) സംവിധാനത്തെക്കുറിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സൗഹൃദ സംവിധാനത്തിലൂടെ 2022-ലെ തൊഴിൽ തർക്കങ്ങളിൽ 73 ശതമാനത്തിനും പരിഹാരം കാണാൻ മന്ത്രാലയത്തിന് സാധിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിന്റെ ശരാശരി ദൈർഘ്യം 40 ദിവസത്തിൽനിന്ന് അഞ്ച് പ്രവൃത്തി ദിവസമായി കുറയ്ക്കുന്നതിനും സംവിധാനം സഹായിച്ചിട്ടുണ്ട്.

തൊഴിൽ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ശ്രമത്തിന് സൗഹാർദ സെറ്റിൽമെന്റ് വകുപ്പാണ് പ്രവർത്തിക്കുന്നത്. രണ്ട് കക്ഷികൾക്കിടയിൽ ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിന് വകുപ്പ് വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ഒരുവശത്ത് എല്ലാ കക്ഷികളും തമ്മിലുള്ള ബന്ധത്തിന്റെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും മറുവശത്ത് എല്ലാ സ്ഥാപനങ്ങളിലെയും തൊഴിൽ പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിനും എല്ലാ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമാണ് സംവിധാനത്തിലൂടെ ശ്രമിക്കുന്നതെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.

തൊഴിൽ തർക്ക ക്ലെയിമുകൾ പരിഗണിക്കുന്നതിന്റെ ആദ്യ ഘട്ടമാണ് സൗഹാർദപരമായ ഒത്തുതീർപ്പ്. സാധ്യമെങ്കിൽ ഇരുകക്ഷികളെയും തൃപ്തിപ്പെടുത്തുന്ന സൗഹാർദപരമായ ഒരു പരിഹാരത്തിലെത്താൻ പ്രശ്നം പരിഹരിക്കാനും മധ്യസ്ഥത നടത്താനും ശ്രമിക്കും. അല്ലെങ്കിൽ ആദ്യ സെഷന്റെ തീയതി മുതൽ 21 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കേസ് ലേബർ കോടതിയിലേക്ക് റഫർ ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗഹൃദ പരിഹാര സേവനങ്ങൾ 100 ശതമാനവും ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്.

കേസ് ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള സേവനം ഉൾപ്പെടെ കേസിന്റെ നിയമപരമായ സാധുത അവലോകനം ചെയ്യുന്നതിനുള്ള സംവിധാനവും അതിലുണ്ട്. വാദം കേൾക്കുന്ന തീയതിക്ക് മുമ്പ് വാദിക്കും പ്രതിക്കും കേസിന്റെ വിശദാംശങ്ങൾ പരിചയപ്പെടാനാവും. അനുരഞ്ജന സെഷനുകൾ വിദൂര സംവിധാനത്തിൽ നടത്താനും സംവിധാനം അനുവദിക്കുന്നുണ്ട്. ഉയർന്ന നിലവാരത്തിൽ മനുഷ്യ ഇടപെടലില്ലാതെ കാര്യങ്ങൾ ചെയ്യുന്നതാണ് ഇതിന്റെ സവിശേഷതയെന്നും മന്ത്രാലയം പറഞ്ഞു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!