സൗദി വിമാനത്താവളങ്ങളിൽ ബാഗേജ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു; നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക

സൗദി വിമാനത്താവളങ്ങളിൽ ബാഗേജ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ദമാം രാജ്യാന്തര വിമാനത്താവളത്തിലാണ് ഇപ്പോൾ ബാഗേജ് നിയന്ത്രണങ്ങൾ കർശനമാക്കിയതെങ്കിലും വൈകാതെ മറ്റു വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് സൂചന. റമദാനോടെ ജിദ്ദ വിമാനത്താവളത്തിലും ബാഗേജ് നിയന്ത്രണങ്ങൾ കർശനമാക്കുമന്നാണ് വിമാനത്താവളത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.

ദമാം രാജ്യാന്തര വിമാനത്താവളം വഴി നാട്ടിലേക്കു പോവുന്നതിനായി തയാറെടുക്കുന്ന പ്രവാസികൾ ബാഗേജുകളുടെ ഭാരവും വലിപ്പവും രൂപവും വിമാന കമ്പനികൾ നിർദേശിക്കുന്നതുപോലെ തന്നെയാണെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു.

ദമാം വിമാനത്താവളത്തിലെ ബാഗേജുകൾക്കുള്ള നിയന്ത്രണങ്ങൾ ദമാം എയർപോർട്ട് അതോറിറ്റി അധികൃതർ കർശനമാക്കി. ഇക്കാര്യത്തിൽ എയർലൈൻസ് കമ്പനികളെല്ലാം ടിക്കറ്റെടുക്കുമ്പോൾ തന്നെ യാത്രക്കാർക്ക് മുന്നറിയിപ്പു നൽകുന്നുണ്ട്.

ഓരോ പെട്ടിയും 32 കിലോയിലധികമാവാൻ പാടില്ല. നിശ്ചിത അളവുകളിലും തൂക്കത്തിലുമായിരിക്കുകയും വേണം. കാർട്ടണുകളാണെങ്കിൽ 76 സെന്റീ മീറ്റർ നീളവും 51 സെന്റീ മീറ്റർ വീതിയും 31 സെന്റീ മീറ്റർ ഉയരവും മാത്രമുള്ളവയാണ് അനുവദിക്കുക.

ട്രാവൽ ട്രോളികളും സ്യൂട്ടുകളും ബാഗുകളും ഇതേ അളവാണ് പാലിക്കേണ്ടത്. ബാഗേജായി കൊണ്ടുപോകാവുന്ന ടെലിവിഷനുകൾക്ക് 42 ഇഞ്ചിൽ കൂടുതൽ വലുപ്പം പാടില്ലെന്നതും നിയന്ത്രണങ്ങളിൽപ്പെടും. എന്നാൽ, സാധാരണ ഹാൻഡ് ബാഗേജുകൾക്കും നിശ്ചിത അളവുകളിലുള്ള കാർട്ടണുകൾക്കും കുഴപ്പമില്ല.

ചില വിമാനകമ്പനികളുടെ ടിക്കറ്റുകൾക്കു പ്രത്യേകം അളവ് തൂക്കങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് പാലിക്കേണ്ടത്. ഗൾഫ് എയർ പോലെയുള്ള ചില വിമാന കമ്പനികൾ ടിക്കറ്റുകളിൽ 23 കിലോ ഭാരമാണ് നിജപ്പെടുത്തിയിരിക്കുന്നതെങ്കിൽ യാത്രക്കാർ 23 കിലോയിലധികമുള്ള ലഗേജ് തയാറാക്കരുത്.

ഉരുണ്ടും വളഞ്ഞും പുളഞ്ഞുമുള്ള രൂപത്തിൽ ടേപ്പുകളൊട്ടിച്ച അയഞ്ഞ കയറുകളുപയോഗിച്ച് കെട്ടിയ ബാഗേജുകൾ, നീളമുള്ള വള്ളികളുള്ള ബാഗേജുകൾ എന്നിവയും കൊണ്ടുപോകാനാവില്ല. പല യാത്രികരും ബാഗേജ് നിയമങ്ങളൊന്നും പാലിക്കാതെ ബ്ലാങ്കറ്റുകളിലും കംഫർട്ടുകളിലും പല രൂപത്തിലുള്ള കാർട്ടണുകളിലും കൊണ്ടുവരുന്നത് പലപ്പോഴും കൺവെയർ ബെൽറ്റുകളെ തകരാറാക്കുന്നു. കൺവെയർ ബെൽറ്റുകൾക്കിടയിൽ ലഗേജ് കുടുങ്ങി ബെൽറ്റുകൾ പൊട്ടുന്നത് ബാഗേജ് നീക്കം നിലയ്ക്കുന്നതിനോ വൈകിപ്പിക്കുന്നതിനോ ഇടയാക്കുന്നതായി അധികൃതർ പറഞ്ഞു. ഇതുമൂലം പലപ്പോഴും വിമാനങ്ങൾ നിശ്ചിത സമയത്തിലും വൈകിപ്പറക്കുന്നതിന് ഇടയാക്കുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിർദ്ദേശങ്ങൾ കർശനമാക്കിയെങ്കിലും ഇതൊന്നുമറിയാതെ ഇപ്പോഴും ദമാം വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുണ്ട്. നിർദ്ദിഷ്ട രൂപത്തിലല്ലാതെ പൊതിഞ്ഞും കെട്ടിയും കൊണ്ടുവന്ന ബാഗേജുകൾ കഴിഞ്ഞ ദിവസങ്ങളിൽ കൗണ്ടറുകളിൽ നിന്ന് മടക്കി. പിന്നീട് കൃത്യമായ അളവിൽ പായ്ക്ക് ചെയ്തതിനു ശേഷമാണ് യാത്രയ്ക്ക് അനുമതി നൽകിയത്. ബാഗേജുകൾ മാനദണ്ഡങ്ങൾ പാലിച്ച് വീണ്ടും പായ്ക്കു ചെയ്യുന്നതിന് 50 റിയാൽ നിരക്കിൽ വിമാനത്താവളത്തിനു അകത്തു തന്നെ സംവിധാനവുണ്ട്. ബാഗേജ് നിയന്ത്രണങ്ങളെ സംബന്ധിച്ച പാലിക്കേണ്ട കാര്യങ്ങളേക്കുറിച്ചും ടിക്കറ്റ് വിതരണം നടത്തുന്നതോടൊപ്പം ‌ട്രാവൽ എജൻസികളും വിമാനക്കമ്പനികളും യാത്രക്കാർക്ക് ആവർത്തിച്ച് ബോധവൽക്കരണം നൽകിവരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!