മുസ്‍ലിം സംഘടനകളാണ് ആർ.എസ്.എസുമായി ചർച്ച നടത്തിയത്; RSS മായി സിപിഎം ചര്‍ച്ച നടത്തിയത് മുഖ്യമന്ത്രി മറക്കരുത്: ജമാ അത്തെ ഇസ്‌ലാമി

ആര്‍എസ്എസുമായി ഒറ്റയ്ക്ക് ചര്‍ച്ച നടന്നിട്ടില്ലെന്ന് ജമാ അത്തെ ഇസ്‌ലാമിയുടെ വിശദീകരണം. രാജ്യത്തെ മുസ്‌ലിം സംഘടനകളാണ് ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത്. അതില്‍ ജമാ അത്തെ ഇസ്‌ലാമിയും ഉൾപ്പെട്ടു എന്നേയുള്ളൂവെന്ന് ജമാ അത്തെ ഇസ്‌ലാമി അസിസ്റ്റന്‍റ് അമീര്‍ പി.മുജീബ് റഹ്മാന്‍ പറഞ്ഞു.

മുസ്ലീം സംഘടനകൾ ചേർന്ന നടത്തിയ ചർച്ചയുടെ പേരിൽ സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പഞ്ഞു. സംഘ്പരിവാറിന്റെ ഇരകളാണ് ഇന്ത്യയിലെ മുസ്‍ലിംകൾ. സംഘ്പരിവാറിനോട് ഇന്നും രാജിയാകാത്ത സമുദായമാണ് ഇവിടുത്തെ മുസ്‍ലിം സമുദായം. സിപിഎമ്മിന്റേത് വിലകുറഞ്ഞ രാഷ്ട്രീയമാണ്. സിപിഎം സമരം നടത്തുന്നത് ഏതെങ്കിലും വിഭാഗത്തിന്റെ അട്ടിപ്പേര്‍ അവകാശം നേടിയിട്ടാണോ എന്നും മുജീബ് റഹ്മാന്‍ ചോദിച്ചു.

എന്തിനുവേണ്ടിയാണോ മുസ്‍ലിം സമൂഹം നിലകൊള്ളുന്നത് അതിന് വേണ്ടിയായിരുന്നു ചർച്ച. മുസ്‍ലിം ന്യൂനപക്ഷത്തിന്റെ ജീവൽ പ്രശ്നങ്ങൾക്ക് എല്ലാ കൂട്ടായ്മയിലും അണിനിരക്കാറുണ്ട്. ജമാഅത്തെ ഇസ്‍ലാമിയും ആർ.എസ്.എസുമായിട്ടല്ല ചർച്ച നടന്നത്. മറിച്ച് മുസ്‍ലിം സംഘടനകളും ആർ.എസ്.എസുമായി നടന്ന ചർച്ചയിൽ ജമാഅത്ത് ഭാഗമാകുകയായിരുന്നു. സംഘ്പരിവാറിനോട് നേരിട്ട് ഏറ്റുമുട്ടുന്ന സംഘടനകളാണ് ചർച്ചയിൽ പ​ങ്കെടുത്തത്. ചർച്ചക്ക് ക്ഷണിച്ചത് ആർ.എസ്.എസാണ്. ശക്തമായ സമരത്തിന്റെ ഭാഗമായാണ് ചർച്ചയും ഉണ്ടായത്. ആരുമായും ചർച്ചക്ക് തയ്യാറാണ്.

മാറാട് സംഭവം എല്ലാവർക്കും ഓർമയുണ്ട്. അന്ന് അതിനെ ബ്രേക്ക് ചെയ്ത് അരയ സമാജം നേതൃത്വത്തിന്റെ അടുത്തേക്ക് ചെന്നത് ജമാഅത്തെ ഇസ്ലാമി ആണ്. അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി അടക്കം അത് പറഞ്ഞിട്ടുള്ളതാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച സംബന്ധിച്ച് ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ചു. അദ്ദേഹം ഉയർത്തിയ ആശങ്ക ശുദ്ധ ഇസ്‍ലമോഫോബിയയാണ്. മുഖ്യമന്ത്രി ചരിത്രം മറക്കരുത്. ശ്രീ എമ്മിന്റെ സാന്നിധ്യത്തിൽ ആർ.എസ്.എസും പിണറായിയും ചർച്ച നടത്തിയത് പിന്നീട് മാധ്യമപ്രവർത്തകന്റെ പുസ്തകം പുറത്തിറങ്ങിയപ്പോഴാണ് ലോകം അറിഞ്ഞത്.

സി.പി.എമ്മിന്റെ ഇസ്‍ലാമോഫോബിയ അപകടകരമാണ്. ആർ.എസ്.എസ്-ജമാഅത്തെ ഇസ്‍ലാമി ചർച്ച നടന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർത്തുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണ്. അത് പ്രത്യാഘാതം സൃഷ്ടിക്കും.

ആർ.എസ്.എസുമായി ബന്ധപ്പെട്ട വിഷയത്തിൽ ജമാഅത്തെ ഇസ്‍ലാമിക്ക് ജാഗ്രതയുണ്ട്. ഇതര മുസ്‍ലിം സംഘടനകളുടെ ജാഗ്രതയെ മാനിക്കുന്നു. ജമാഅത്തെ ഇസ്ലാമി ഫാഷിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ തെരഞ്ഞെടുപ്പ് ഗുണഭോക്താക്കൾ കൂടിയാണ് സി.പി.എം എന്നത് അവർ മറക്കരുതെന്നും പി. മുജീബ് റഹ്മാൻ പറഞ്ഞു.

സ്വാർഥമായ താൽപര്യങ്ങളോ സ്വജനപക്ഷപരമായ എന്തെങ്കിലും കാര്യങ്ങളോ സ്വന്തം താൽപര്യങ്ങളോ മുൻനിർത്തിയല്ല ആര്‍എസ്എസുമായി ചർച്ച നടന്നത്. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ജീവൽ പ്രശ്നങ്ങൾ പല രീതിയിൽ‌ ജമാ അത്ത് മുന്നോട്ട് വയ്ക്കാറുണ്ട്. അതിനു വേണ്ടി മതേതര പാർട്ടികളെ ആശ്രയിക്കുകയും അത്തരം കൂട്ടായ്മയ്ക്കായി ശ്രമിക്കാറുമുണ്ട്. അവരുടെ കൂടെ അണിനിരക്കാറുണ്ട്. അതിനോടൊപ്പം നേരിട്ട് സംഘപരിവാറിനോടു തന്നെ ഇക്കാര്യം ഉന്നയിക്കുക എന്നത് ശക്തമായ സമരത്തിന്റെ തന്നെ ഭാഗമാണ്. സമരങ്ങൾ വ്യത്യസ്തമായാണ് നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ക്ഷണിച്ചതിനാലാണ് പങ്കെടുത്തത്. പങ്കെടുക്കാന്‍ തീരുമാനിച്ചത് എല്ലാവരും ഒന്നിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ ഒന്നും തീര്‍പ്പായില്ല, ഇരുഭാഗവും അവരുടെ വിഷയങ്ങള്‍ ഉന്നയിച്ചു. എല്ലാവരുമായി ചര്‍ച്ചയാകാമെന്നാണ് ജമാ അത്തെ ഇസ്‌ലാമിയുടെ നിലപാട്. എന്നാല്‍ സ്വാര്‍ഥ ആവശ്യങ്ങള്‍ക്ക് ആകരുതെന്ന് നിലപാടെടുത്തിരുന്നുവെന്നും  പി.മുജീബ് റഹ്മാന്‍ വിശദീകരിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!