പ്രതീക്ഷ മങ്ങിത്തുടങ്ങി; തുർക്കിയിലെ 11 പ്രവിശ്യകളിൽ 9ലും രക്ഷാപ്രവർത്തനം നിർത്തി, 6000ലധികം തുടർ ചലനങ്ങൾ. 44,377 മരണം
തുർക്കി – സിറിയ ഭൂകമ്പത്തിൽ ജീവനോടെ ഇനിയും ആളുകൾ കാണുമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി. ഇതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് തുർക്കി. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങള് നീക്കം ചെയ്യാനുള്ള പ്രവർത്തനത്തിലേക്ക് തുർക്കി മാറിക്കൊണ്ടിരിക്കുകയാണ്.
∙ ആകെ മരണം 44,377
തുർക്കിയിൽ മാത്രം ഇതുവരെ 40,689 പേർ മരിച്ചുവെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. തുർക്കിയിലും സിറിയയിലുമായി ഇതുവരെ 44,377 പേർ മരിച്ചു. സിറിയയിൽ എത്രപേർ മരിച്ചുവെന്നതിന്റെ പൂർണ കണക്ക് ലഭിക്കാൻ താമസമുണ്ടാകുമെന്ന് യുഎൻ അറിയിച്ചു.
അതിനിടെ, തുർക്കിയിൽ ഭൂകമ്പം ബാധിച്ച 11 പ്രവിശ്യകളിൽ ഒൻപതെണ്ണത്തിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. പ്രഭവകേന്ദ്രമായ കഹ്റൻമറാസിലും ഏറ്റവും കൂടുതൽ ബാധിച്ച ഹാതെയ്ലുമാണ് ഇപ്പോൾ രക്ഷാപ്രവർത്തനം നടക്കുന്നത്. ഹാതെയ്ൽ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൂന്നംഗ കുടുംബത്തെ ശനിയാഴ്ച രക്ഷപ്പെടുത്തിയതാണ് അവസാനം ജീവനോടെ ആളുകളെ രക്ഷപ്പെടുത്തിയത്. ഇതിൽ 12 വയസ്സുകാരനായ കുട്ടി പിന്നീട് ആശുപത്രിയിൽ മരിച്ചു.
∙ 6000ൽ അധികം തുടർചലനങ്ങൾ
ഭൂകമ്പ ദിവസത്തിനു പിന്നാലെ തുർക്കിയിൽ 6,040 തുടർചലനങ്ങൾ ഉണ്ടായതായി തുർക്കി ദുരന്തനിവാരണ വിഭാഗം അറിയിച്ചു. ആദ്യ ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയിരുന്നു. ഒൻപതു മണിക്കൂറിനുശേഷം ഉണ്ടായ ഭൂകമ്പം 7.5 തീവ്രതയാണു രേഖപ്പെടുത്തിയത്. 40 തുടർ ചലനങ്ങൾ 5–6 തീവ്രത രേഖപ്പെടുത്തി. ഒരെണ്ണത്തിന്റെ തീവ്രത 6.6 ആണ്.
∙ ഒരുലക്ഷത്തിലധികം കെട്ടിടങ്ങൾ തകർന്നു
തുർക്കിയുടെ പരിസ്ഥിതി, നഗര വിഭാഗം നടത്തിയ പരിശോധനയിൽ 1,05,794 കെട്ടിടങ്ങൾ പൂർണമായോ ഉപയോഗിക്കാൻ കഴിയാത്ത തരത്തിലോ തകർന്നു. ഇതിൽ 20,662 എണ്ണം നിലംപതിച്ചുവെന്നും സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273